ലേറ്റസ്റ്റ് ന്യൂസ്
കോവിഡ് വാക്സിനേഷന് രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും നിലവിലെ സമയപരിധി എടുത്തുകളയാനുമൊരുങ്ങി ആരോഗ്യമന്ത്രാലയം

കോവിഡ് വാക്സിനേഷന് രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും നിലവിലെ സമയപരിധി എടുത്തുകളയാനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.
ജനങ്ങള്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് ആഴ്ചയില്‍ ഏതുദിവസവും 24 മണിക്കൂറും കുത്തിവെപ്പ് എടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് പറഞ്ഞു.കുത്തിവെപ്പ് രാവിലെ ഒമ്ബതുമുതല്‍ അഞ്ചുവരെ എന്നാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.
ആശുപത്രികള്‍ക്ക് വേണമെങ്കില്‍ ഈ സമയം നീട്ടാമെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.കൂടുതല്‍ സ്വകാര്യ ആശുപത്രികളെ വാക്സിന് കുത്തിവെപ്പ് പദ്ധതിയിലേക്ക് കൊണ്ടുവരണമെന്ന് മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യസുരക്ഷാ പദ്ധതിയുടെ ഭാഗമല്ലാത്ത സ്വകാര്യ ആശുപത്രികള്‍ക്കും വാക്സിനേഷന് അനുമതി നല്‍കാം. ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രികള്‍ക്ക് മാത്രമാണ് തുടക്കത്തില്‍ അനുമതി നല്‍കിയത്.കുത്തിവെപ്പിന് ആവശ്യമായത്ര ജീവനക്കാരും മറ്റ് സൗകര്യങ്ങളും ആശുപത്രികളില്‍ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥചെയ്തിട്ടുണ്ട്.
കുത്തിവെപ്പിനുശേഷം ആളുകളെ നിരീക്ഷണത്തിലിരുത്താനും ആരോഗ്യപ്രശ്നം കണ്ടാല്‍ കൈകാര്യംചെയ്യാനുമുള്ള സൗകര്യം ആശുപത്രികളില്‍ ഉണ്ടായിരിക്കണം.
അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച കോവിഡ് വാക്സിന് സ്വീകരിച്ചു. കരസേനയ്ക്ക് കീഴിലുള്ള ഡല്‍ഹിയിലെ പ്രശസ്തമായ റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റലില്‍ (ആര്.ആര്. ഹോസ്പിറ്റല്‍) മകളോടൊപ്പം എത്തിയാണ് രാഷ്ട്രപതി വാക്സിനെടുത്തത്.
പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമ്മേളനം തുടങ്ങുന്നതിനുമുമ്ബ് കുത്തിവെപ്പ് നടത്താന്‍ ഡല്‍ഹിയില്‍ സൗകര്യമൊരുക്കും. 777 എം.പി.മാരില്‍ 366 പേര് അറുപതിനു മുകളിലുള്ളവരാണ്.
മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് വാക്സിന് സ്വീകരിച്ചു. ബുധനാഴ്ച രാവിലെ ഭാര്യ കമലയ്ക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിന് സ്വീകരിച്ചത്. വാക്സിന് സ്വീകരിച്ചതിന്റെ ചിത്രവും മുഖ്യമന്ത്രി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.'കോവിഡ് വാക്സിന് ഇന്ന് സ്വീകരിച്ചു. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിനേഷന് സ്വീകരിച്ചു രോഗപ്രതിരോധം തീര്‍ക്കണം. കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാം.' ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
വാക്സിന് സ്വീകരിക്കാന്‍ ആരും മടിക്കരുതെന്നും എല്ലാവരും മുന്നോട്ടുവരണമെന്നും വാക്സിന് എടുത്ത ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വാക്സിനെതിരെ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ സമൂഹം ഇത് അംഗീകരിച്ചിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണെന്നും ചൂണ്ടിക്കാട്ടി.
രാജ്യത്തെ രണ്ടാം ഘട്ട വാക്സിനേഷന്റെ ഭാഗമായി സംസ്ഥാനത്തും 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് ആരംഭിച്ചത്.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് വാക്സിനേഷന്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന് സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.