കുറ്റ്യാടി ചുരത്തില്‍ മൂന്നാംവളവിനും നാലാംവളവിനുമിടയില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഏഴുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
വയനാട്ടില്‍ നിന്ന് വരികയായിരുന്ന ഹരിതം കറി പൗഡറിന്റെ ലോറി നിയന്ത്രണം വിട്ട് രണ്ട് കാറുകളില്‍ ഇടിച്ചശേഷം വയനാട്ടില്‍നിന്ന് വളർത്തുപശുവിനെയും കയറ്റിവന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. പിക്കപ്പ്‌വാൻ 10 അടിയോളം താഴ്ച്ചയില്‍
കല്‍വർട്ടിനുള്ളിലേക്ക് മറിഞ്ഞു. ഡ്രൈവർ അരമണിക്കൂറോളം വാനിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പരുക്കേറ്റവരെ ഇവരെ തൊട്ടില്‍പ്പാലം ഇഖ്‌റ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായി പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
നാദാപുരത്തുനിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് പിക്കപ്പിലെ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. കല്‍വർട്ടിനുള്ളിലേക്ക് തെറിച്ചുപോയ പശുവിനെയും ഫയർഫോഴ്‌സ് പുറത്തെത്തിച്ചു. മലയോര ഹൈവേ നിർമാണപ്രവർത്തി നടക്കുന്ന ഭാഗത്ത് വാഹനങ്ങള്‍ സിഗ്‌നലില്‍ നിർത്തിയ സമയത്താണ് പിന്നില്‍നിന്ന് നിയന്ത്രണംവിട്ട് വന്ന ലോറി ഇടിച്ച് അപകടം സംഭവിച്ചത്.

