Saturday, 14 Dec, 4.55 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
മയക്കുമരുന്ന് ഇന്ത്യയെ കാര്‍ന്നു തിന്നു; പ്രതിരോധിക്കാന്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിയുന്നില്ല; ഇന്ത്യയിലെ രാഷ്ട്രീയകാര്‍ക്ക് ഫണ്ടിംഗ് നടത്തുന്ന നൂതന സംവിധാനമാണ് ഡ്രഗ് മാഫിയ എന്ന ലൂസിഫര്‍ പ്രഖ്യാപനത്തെ പരോക്ഷമായി ശരിവച്ച്‌ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആര്‍. എന്‍. രവി

മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലെ കണ്ടെത്തലുകള്‍ ശരിവച്ച്‌ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആര്‍. എന്‍. രവി. ഇന്ത്യയിലെ രാഷ്ട്രീയകാര്‍ക്ക് ഫണ്ടിംഗ് നടത്തുന്ന നൂതന സംവിധാനമാണ് ഡ്രഗ് മാഫിയ എന്ന ലൂസിഫര്‍ പ്രഖ്യാപനത്തെ പരോക്ഷമായി ആര്‍ എന്‍ രവി ശരിവച്ചു. മയക്കുമരുന്നിനെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഇന്ത്യയെ കാര്‍ന്നു തിന്നുകയാണെന്ന് നാഗലന്റ് ഗവര്‍ണര്‍ കൂടിയായ ആര്‍. എന്‍. രവി സമ്മതിച്ചു. ആധുനികകാലത്ത് ഇത്തരം വളഞ്ഞവഴികളിലൂടെയാണ് ഇന്ത്യന്‍ യുവത്വത്തെ നശിപ്പിക്കുന്നതെന്ന് കേരള കേഡറിലെ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന രവി പറഞ്ഞു. പഞ്ചാബിനെ മയക്കുമരുന്ന് നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ആധുനിക ലോകത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നതിന് ഇന്‍റലിജന്‍സ്, എന്‍ഫോഴ്സ്മെന്‍റ് സംവിധാനങ്ങള്‍ ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു സംവിധാനങ്ങളുടേയും ഏകോപിച്ചുള്ള നീക്കങ്ങളിലൂടെ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ ഒരുപരിധി വരെ നേരിടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളാ പോലീസ് സംഘടിപ്പിക്കുന്ന പെര്‍ഫോമന്‍സ് ഇന്നോവേഷന്‍ ത്രൂ ടെക്നോളജി എന്ന പ്രഭാഷണപരമ്ബരയിലെ ആദ്യത്തേത് തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആധുനികകാലത്തെ സുരക്ഷാഭീഷണികള്‍ നേരിട്ട് ഉള്ളതല്ല. സൈബര്‍ ലോകത്തെ സുരക്ഷാഭീഷണികളുടെ ഉത്തരവാദി ആരെന്ന് നിര്‍ണ്ണയിക്കുന്നത് വന്‍ വെല്ലുവിളിയാണ്. പൂര്‍ണ്ണമായും തെളിവില്ലാതെ അത്തരം ഒരു നിര്‍ണ്ണയം സാധ്യമല്ല. ലോകത്തിന്‍റെ ഏതുഭാഗത്തും നടക്കുന്ന ഭീകരപ്രവര്‍ത്തനമായാലും അതിന്‍റെ അലയൊലികള്‍ ഇന്ത്യയിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നാം കരുതിയിരിക്കേണ്ടതുണ്ട്.

മയക്കുമരുന്നിന്‍റെ വ്യാപനം മികച്ച വളര്‍ച്ചാനിരക്കുള്ള സംസ്ഥാനമായ പഞ്ചാബിനെ ഏറെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മയക്കുമരുന്നിന്‍റെ പ്രചാരവും കച്ചവടവും തടയാന്‍ എല്ലാ സുരക്ഷാ ഏജന്‍സികളും ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റാങ്ക് വ്യത്യാസമില്ലാതെ പോലീസ് സേനയിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും കഴിവ് പോലീസിന്‍റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനത്തിന് വിനിയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരളാ പോലീസ് ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഭീഷണികള്‍ നേരിടുന്നതിനുള്ള നിയമം നിര്‍മ്മിക്കാന്‍ തുടക്കം കുറിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേരളാ പോലീസിന് കഴിയുമെന്ന് ആര്‍.എന്‍ രവി പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുന്‍ ഡി.ജി.പിമാരായ എ.വി സുബ്ബറാവു, കെ.സുകുമാരന്‍ നായര്‍, പി.കെ ഹോര്‍മിസ് തരകന്‍, കെ.പി സോമരാജന്‍, രാജേഷ് ദിവാന്‍ എന്നിവരും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

1976 ബാച്ചിലെ കേരളാ കേഡര്‍ ഐ.പി.എസ് ഓഫീസറായിരുന്ന ആര്‍.എന്‍ രവി കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.ബി.ഐ, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവിടങ്ങളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച അദ്ദേഹം ജോയിന്‍റ് ഇന്‍റലിജന്‍സ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ മയക്കു മരുന്ന് വന്‍ തോതില്‍ എത്തുന്നത്. ഇന്ത്യയിലെ യുവാക്കളെയാണ് മയക്കുമരുന്ന് ലോബി ലക്ഷ്യമിടുന്നത്. യുവജനങ്ങളെ നിഷ്ക്രിയരാക്കി രാജ്യത്തിന്റെ വളര്‍ച്ച തടയുകയാണ് മയക്കുമരുന്ന് മാഫിയയുടെ ലക്ഷ്യം. ഇന്ത്യയോട് ചിരിക്കുന്ന അയല്‍ രാഷ്ട്രങ്ങള്‍ പോലും മയക്കുമരുന്ന് മാഫിയയെ കൈയയച്ച്‌ സഹായിക്കുന്നുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top