Saturday, 14 Dec, 5.33 pm മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
മോദിസര്‍ക്കാരിനെ താഴെയിറക്കാന്‍ സമയമായി; മൗനം പാലിച്ചാല്‍ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരും; ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി മോദി സര്‍ക്കാരിനെതിരെ അണിനിരന്ന ജനസാഗരമായി മാറി

ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി മോദി സര്‍ക്കാരിനെതിരെയുള്ള അണിനിരന്ന ജനസാഗരമായി മാറി. രണ്ടാം മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്‌ നടത്തുന്ന ആദ്യ പ്രക്ഷോഭത്തിനാണ് നിരവധി ചരിത്ര സമരങ്ങള്‍ക്ക് വേദിയായ രാം ലീല മൈതാനം സാക്ഷിയായത്. പൗരത്വഭേദഗതി നിയമം, സ്ത്രീ സുരക്ഷ, സാമ്ബത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, തുടങ്ങിയ വിഷയങ്ങളില്‍ മോഡി സര്‍ക്കാരിനെതിരെ റാലിയില്‍ പ്രതിഷേധസ്വരമുയര്‍ന്നു.

കൂറ്റന്‍ റാലിക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരു ലക്ഷത്തോളം പേര്‍ റാലിയില്‍ അണിനിരന്നുവെന്നാണ് കോണ്‍ഗ്രസ്‌ അവകാശപ്പെടുന്നത്.

രാംലീല മൈതാനിയില്‍ നടന്ന പ്രതിഷേധത്തില്‍ കേന്ദ്രസ‍ര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആഞ്ഞടിക്കുകയായിരുന്നു. ഭരണഘടനയെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസ‍ര്‍ക്കാരിന്റേതെന്ന് പറഞ്ഞ സോണിയ ഗാന്ധി, ജീവന്‍ ത്യജിച്ചും കോണ്‍ഗ്രസ് ഭരണഘടനയെ സംരക്ഷിക്കുമെന്നും പറ‌ഞ്ഞു.

"പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കുമെന്ന കാര്യം മോദിയും അമിത് ഷായും പരിഗണിക്കുന്നേയില്ല. രാജ്യത്തെ തക‍ര്‍ക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി. പക്ഷെ ഞാനുറപ്പ് പറയുന്നു, നീതി നിഷേധിക്കപ്പെടുന്നവരുടെ ഒപ്പം കോണ്‍ഗ്രസ് നില്‍ക്കുക തന്നെ ചെയ്യും. തോന്നുമ്ബോള്‍ ഭരണഘടനയുടെ അനുച്ഛേദവും സംസ്ഥാനത്തിന്റെ സ്റ്റാറ്റസും മാറ്റുകയാണവര്‍. തോന്നുമ്ബോള്‍ രാഷ്ട്രപതി ഭരണം ഏ‍ര്‍പ്പെടുത്തുകയും ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കുകയും ചെയ്യും. ഭരണഘടനയെ ഓരോ ദിവസവും അതിലംഘിച്ച ശേഷം ഭരണഘടനാ ദിനം ആഘോഷിക്കുകയും ചെയ്യുന്നു. രാജ്യത്തെ രക്ഷിക്കേണ്ട സമയം എത്തിക്കഴിഞ്ഞിരിക്കുന്നു. അതിന് വേണ്ടി നമ്മള്‍ പോരാടണം. ചെറുകിട കച്ചവടക്കാരെ മോദി സ‍ര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തകര്‍ത്തു. അവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. എല്ലാവര്‍ക്കും എല്ലായിടത്തും വികസനം എന്നാണ് മോദി സര്‍ക്കാര്‍ പറയുന്നത്. എവിടെയാണ് വികസനം. മൗനം പാലിച്ചാല്‍ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരും. കള്ളപ്പണം വാഗ്ദാനം ചെയ്ത പോലെ എന്തുകൊണ്ട് ഇന്ത്യയിലേക്ക് എത്തിയില്ല എന്ന കാര്യത്തില്‍ അന്വേഷണം വേണ്ടേ? കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്ഗ്രസ്സ് മുന്നോട്ട് വരികയാണ്. കുടുതല്‍ ശക്തമായ സമരം ഏറ്റെടുക്കണം," എന്നും അവ‍ര്‍ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിനെതിരെ സംഘടിക്കാന്‍ ആഹ്വാനംചെയ്ത് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. സര്‍ക്കാരിനെതിരെ ഐക്യത്തോടെ നില്‍ക്കണമെന്നുംഇപ്പോള്‍ അതു ചെയ്തില്ലെങ്കില്‍ അംബേദ്കര്‍ നിര്‍മിച്ച ഇന്ത്യന്‍ ഭരണഘടനതകര്‍ത്തെറിയപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു. ബി.ജെ.പി. സര്‍ക്കാര്‍ ജനങ്ങളെയും അവരുടെ വികാരങ്ങളെയും കണക്കിലെടുക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു, ജി.എസ്.ടി മൂലം വ്യാപാരികള്‍ നഷ്ടം നേരിടുന്നു, കൃഷിക്കാര്‍ കഷ്ടപ്പെടുന്നു, ബിസിനസുകള്‍ അടച്ചുപൂട്ടുന്നു-പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
"മോദിക്കൊപ്പം സാധ്യതകളും വര്‍ദ്ധിക്കുന്നു (മോദി ഹെയ് തോ മമ്കിന്‍ ഹെയ്) എന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ ബി.ജെ.പി വന്നതോടെ ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടു. കര്‍ഷകര്‍ കഷ്ടപ്പെടുന്നു. മോദി വന്നപ്പോള്‍ ഉള്ളിവിലയും തൊഴിലില്ലായ്മയും മാത്രമാണ് വര്‍ധിച്ചത് എന്നും പ്രിയങ്ക ആഞ്ഞടിച്ചു.

പൗരത്വ ഭേദഗതി നിയമം, ഇന്ത്യയുടെ മോശമായ സാമ്ബത്തികാവസ്ഥ, സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ്പ്രക്ഷോഭ റാലി സംഘടിപ്പിച്ചത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് തുങ്ങിയ പ്രമുഖ നേതാക്കല്‍ റാലിയില്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top