മുതലപ്പൊഴിയില്‍ കടലില്‍ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തിരച്ചില്‍ നിർത്തുകയില്ലെന്നും പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോണ്‍. ഷിജിന്റെ കുടുംബാംഗങ്ങള്‍, ഇടവക വികാരി ഫാദർ സന്തോഷ്, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരുമായി അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ഫൊറോന പള്ളിയില്‍ നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിജിന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ സർക്കാർ പൂർണമായും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബത്തെ പൂർണമായി ബോധ്യപ്പെടുത്തിക്കൊണ്ട് തന്നെ തിരച്ചില്‍ തുടരും. കടലിന്റെ സ്വഭാവം നന്നായി അറിയുന്ന പത്ത് മത്സ്യത്തൊഴിലാളികളെ ഫാദർ സന്തോഷിന്റെ നേതൃത്വത്തില്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരെ കേവലം തിരച്ചിലിനപ്പുറം കലക്‌ട്രേറ്റിന്റെ രക്ഷാപ്രവർത്തന സംഘത്തിന്റെ ഭാഗമായി താത്കാലികമായി നിയമിക്കും. ഷിജിനെ ജീവനോടെ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീടുള്ള കാര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മുഖ്യമന്ത്രിയും സർക്കാരും അനുഭാവപൂർണമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഒരു നൂലാമാലകളുമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറിയിരിക്കുകയാണ്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം തേടിയാണോ ഇവിടെ കല്ലുകള്‍ ഇട്ടത് എന്നതിനെക്കുറിച്ച് കൃത്യമായി പഠിച്ച ശേഷമേ സർക്കാർ മുന്നോട്ട് പോവുകയുള്ളൂ. മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി കരയോട് ചേർന്നാണ് ഇവിടെ അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇത് വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ താൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

