Thursday, 31 Oct, 10.25 am മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
നിങ്ങള്‍ കാണുന്നതല്ല മോദി... ദാരിദ്ര്യം അറിഞ്ഞത് പുസ്തകത്തില്‍ നിന്നല്ല; ദാരിദ്ര്യത്തില്‍ ജീവിച്ചു, റെയില്‍വെ പ്ലാറ്റ് ഫോമില്‍ ചായ വില്‍ക്കുന്നത് തന്റെ ജീവിത യാത്രയിലെ ഭാഗമായിരുന്നു; വലിയ രാഷ്ട്രീയ കുടുംബത്തില്‍ നിന്നല്ല വന്നത്; ദരിദ്രരെ ശാക്തീകരിക്കുകയാണ് തന്റെ ലക്ഷ്യം

കഴിഞ്ഞ ദിവസം സൗദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വെളിപ്പെടുത്തല്‍ ലോക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ സങ്കടത്തിലാഴ്ത്തി. അത്രയും ദയനീയമായാണ് താന്‍ വന്ന അവസ്ഥ മോദി അവതരിപ്പിച്ചത്. സൗദിയില്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവില്‍ ചോദ്യോത്തര വേളയിലാണ് മോദി മനസ് തുറന്നത്.

രാഷ്ട്രീയ പാരമ്ബര്യമുള്ള കുടുംബത്തില്‍ നിന്നല്ല താന്‍ വന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. വളരെ മാന്യമായി ജീവിച്ചിരുന്ന സാധാരണ കുടുംബമായിരുന്നു തന്റേത്. റെയില്‍വെ പ്ലാറ്റ് ഫോമില്‍ ചായ വില്‍ക്കുന്നത് തന്റെ ജീവിത യാത്രയിലെ ഭാഗമായിരുന്നു. വലിയ രാഷ്ട്രീയ കുടുംബത്തില്‍ നിന്നല്ല താന്‍ വന്നത്. ദാരിദ്ര്യത്തെ കുറിച്ച്‌ പഠിച്ചത് പുസ്തകത്തില്‍ നിന്നല്ല. സ്വന്തം ജീവിതത്തില്‍ നിന്നാണ്. ദാരിദ്ര്യത്തില്‍ ജീവിച്ചിട്ടുണ്ട്. റെയില്‍വേ പ്ലാറ്റ് ഫോമില്‍ ചായ വിറ്റ് വളര്‍ന്നാണ് താന്‍ ഇവിടെ എത്തിയത് മോദി പറഞ്ഞു.

കുറച്ച്‌ വര്‍ഷങ്ങള്‍ക്കകം ഇന്ത്യയുടെ ദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാകും. ദരിദ്രരെ ശാക്തീകരിക്കുകയാണ് തന്റെ ലക്ഷ്യം. പാവപ്പെട്ടവര്‍ക്ക് അന്തസ് ലഭിക്കണം. തന്റെ ദാരിദ്ര്യം താന്‍ അവസാനിച്ചെന്ന് പാവപ്പെട്ടവര്‍ പറയുമ്ബോള്‍ അതിനേക്കാള്‍ വലിയ സംതൃപ്തി മറ്റൊന്നില്ല മോദി പറഞ്ഞു.

രാജ്യത്താകമാനം കക്കൂസുകള്‍ നിര്‍മിക്കാനുള്ള പദ്ധതി, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള പദ്ധതി എന്നിവയെല്ലാം ദരിദ്രരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇന്ത്യ എപ്പോഴാണോ മാറുന്നത്, ആ വേളയില്‍ ലോകത്തെ മൊത്തം കണക്കുകളില്‍ മാറ്റംവരും. അതുവഴി ലോകത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ തങ്ങളുടെ സംഭാവനകള്‍ ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി. കക്കൂസ് നിര്‍മാണമുള്‍പ്പെടെയുള്ള ജനകീയ പദ്ധതികളെ കുറിച്ച്‌ ചോദിച്ചപ്പോഴാണ് മോദി ഇത്രയും വിശദീകരിച്ചത്. ഇതോടെ നിലയ്ക്കാത്ത കയ്യടികളാണ് ഉയര്‍ന്നത്.

അതേസമയം നരേന്ദ്ര മോദിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു നീങ്ങുമെന്ന പ്രഖ്യാപനവും നടത്തി. ഇരുവരും റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഭീകരത പ്രധാന ചര്‍ച്ചാ വിഷയമായി. ആഗോളനിക്ഷേപ സംഗമത്തിനെത്തിയ വ്യവസായികളെ ഇന്ത്യയില്‍ നിക്ഷേപം നടത്താനും പ്രധാനമന്ത്രി ക്ഷണിച്ചു.

ഒരു രാത്രിയും പകലും മാത്രം നീണ്ട സന്ദര്‍ശനം ഇന്ത്യ സൗദി ബന്ധത്തിലെ നിര്‍ണായക അധ്യയമായിരുന്നു. എല്ലാത്തരത്തിലുമുള്ള ഭീകരതയെ അപലപിക്കുന്നതായും അതിനെതിരെ ഒരുമിച്ചു പോരാടുന്നതിനു സൗദിയും ഇന്ത്യയും കൈകോര്‍ക്കുമെന്നും ഇരു ഭരണാധികാരികളും വ്യക്തമാക്കി.

പ്രതിരോധം, എണ്ണ, പുനരുപയോഗ ഊര്‍ജം, സമുദ്രസുരക്ഷ, വ്യാപാരവ്യവസായം തുടങ്ങി വിവിധ മേഖലകളിലെ പന്ത്രണ്ടു കരാറുകളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. മഹാരാഷ്ട്രയില്‍ അരാംകോയുടെ സഹകരണത്തോടെ തുടങ്ങാനിരിക്കുന്ന ഓയില്‍ റിഫൈനറിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും തീരുമാനമായി. ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത മോദി, മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായികളെ അഭിസംബോധന ചെയ്തു. ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം, ഐടി തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ നിക്ഷേപ സാധ്യതയുള്ളതായി പ്രധാനമന്ത്രി പറഞ്ഞു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന് മോദി പിന്തുണ അറിയിച്ചു. തുടര്‍ന്നു പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം കിരീടാവകാശി ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്തശേഷം മോദി ഡല്‍ഹിയിലേക്കു മടങ്ങി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top