കുട്ടികളുള്‍പ്പടെ ഇനി ആര്‍ക്കും എവിടെയും എപ്പോഴും അടിയന്തിര സഹായത്തിനായി കേരള പോലീസിനെ സമീപിക്കാം. ഒരു വിളിപ്പാടകലെ പോലീസുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ 112 എന്ന നമ്ബറിലേക്കു വിളിച്ചാല്‍ മതി. പോലീസിന്റെ സേവനം ഉടന്‍ ലഭ്യമാകും. എമര്‍ജന്‍സി റസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ പ്രചാരണാര്‍ഥമാണ്, പാമ്ബ് കടിയേറ്റു ഷെഹ്‍ല എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവം പശ്ചാത്തലമാക്കി 'ഞങ്ങളുണ്ട് വിളിപ്പാടകലെ' എന്ന ചെറു വീഡിയോ പോലീസ് പുറത്തിറക്കിയിരിക്കുന്നത്. കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്ലാണ് വിഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഏതൊരാള്‍ക്കും അവശ്യ ഘട്ടങ്ങളില്‍ സഹായത്തിനായി ടോള്‍ ഫ്രീ നമ്ബറായ 112 ഉപയോഗിക്കാം.
അടിയന്തിര സഹായങ്ങള്‍ ലഭ്യമാകാത്തതിനെത്തുടര്‍ന്നു നിരവധി മരണങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് കേരളം പോലീസ് തുടക്കം കുറിച്ചത്. പൊലീസ് ആസ്ഥാന മന്ദിരത്തിലെ കോള്‍ സെന്ററില്‍ ലഭിക്കുന്ന വിളികള്‍ പ്രാധാന്യം പരിഗണിച്ച് പ്രാദേശികമായി കൈമാറുകയും പെട്ടെന്നു തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.ഫയര്‍ഫോഴ്സ്, ആരോഗ്യ ആവശ്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സേവനങ്ങള്‍ എന്നിവയും ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോയുടെ ആശയാവിഷ്ക്കാരം നിര്‍വഹിച്ചിരിക്കുന്നത് - പി.എസ്. സന്തോഷ്, എഡിറ്റിങ് - ബിമല്‍ വി.എസ്., ഛായാഗ്രഹണം - രഞ്ചിത്ത് കുമാര്‍ ആര്‍.എസ്.

