Monday, 14 Jun, 8.41 am മലയാളി വാര്‍ത്ത

ന്യൂസ്
പേടിച്ചത് വെറുതേയായി... സുരേഷ് ഗോപിയും ഹെലികോപ്റ്ററും ഉണ്ടാക്കിയ വിവാദം കെട്ടടങ്ങും മുമ്ബോ 4 ഹെലികോപ്റ്ററുകള്‍ തൃശൂരില്‍; ലോക്ഡൗണ്‍ കാലത്ത് തൃശൂരിനു മുകളില്‍ വട്ടംകറങ്ങിയ ഹെലികോപ്റ്ററിനെ പിന്തുടര്‍ന്ന് നാട്ടുകാര്‍

സുരേഗോപി ഹെലികോപ്ടര്‍ ഉപയോഗിച്ചതിന്റെ പാട് ഇപ്പോഴും മാറിയിട്ടില്ല. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക കൊടുക്കാന്‍ ഹെലികോപ്ടറില്‍ വന്നതുമുതല്‍ സുരേഷ് ഗോപിയെ നാട്ടുകാര്‍ നോട്ടമിട്ടിരുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ആ ഹെലികോപ്റ്റര്‍ യാത്രകള്‍ക്ക് ചൂട് പിടിച്ചത്.

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോടൊപ്പം സുരേഷ് ഗോപിയുടെ പങ്കുകൂടി അന്വേഷണ വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജവേണുഗോപാല്‍ പറഞ്ഞതോടെയാണ് ഹെലികോപ്റ്റര്‍ യാത്രയും വിവാദത്തിലായത്. സുരേഷ് ഗോപിയും ഹെലികോപ്റ്ററില്‍ ആണ് തൃശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ എന്നും പദ്മജ ചോദിച്ചു.

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കുമെന്ന സൂചനയുമുണ്ട്. മെഴിയെടുക്കാന്‍ സുരേഷ് ഗോപിയെ വിളിപ്പിച്ചേക്കുമെന്ന് അന്വേഷണസംഘം സൂചന നല്‍കി. തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ ആലോചിക്കുന്നത്.

ഈ വിവാദം കത്തുന്നതിനിടെയാണ് കഴിഞ്ഞയാഴ്ച തൃശൂരില്‍ മറ്റൊരു സംഭവമുണ്ടായത്. കോവിഡ് മൂലം ലോക്ഡൗണില്‍ വിജനമായികിടക്കുന്ന നഗരത്തിനു മീതേ നാലു ഹെലികോപ്റ്ററുകള്‍ പറന്നു. ഇടയ്ക്കിടെ ഇതു കാണുന്നുണ്ടെന്നു ചിലര്‍ പറയുക കൂടി ചെയ്തതോടെ ആശങ്കയായി. എന്താണ്, ആരാണ് ഹെലികോപ്റ്ററുകളില്‍ പലരും പത്രമോഫിസുകളിലേക്കു വിളിച്ചു, ചിലര്‍ പൊലീസ് സ്‌റ്റേഷനുകളിലേക്കും. എന്താണ് ഇടയ്ക്കിടെ 4 ഹെലികോപ്റ്ററുകള്‍ തുടര്‍ച്ചയായി നഗരത്തിനു തൊട്ടുമുകളിലൂടെ പറക്കുന്നതിനു കാരണം

പൊലീസും ആദ്യം അമ്ബരന്നു. പിന്നെ തൃശൂരില്‍ ഹെലികോപ്റ്ററുകള്‍ സ്വന്തമായുള്ളവരെ വിളിച്ച്‌ അന്വേഷിച്ചു. അപ്പോഴാണു വിവരമറിയുന്നത്. ജില്ലയില്‍ വന്‍ വ്യവസായികളും ബിസിനസ്സുകാരുമായ നാലഞ്ചുപേര്‍ക്ക് ഹെലികോപ്റ്ററും സ്വന്തമായി ചെറുവിമാനങ്ങളുമുണ്ട്. ലോക്ഡൗണ്‍ ആയതിനുശേഷം യാത്രകള്‍ തടസ്സപ്പെട്ടതോടെ ഇവയൊക്കെ വെറുതെ ഇട്ടിരിക്കുകയാണ്. ഹെലികോപ്റ്റര്‍ ആണെങ്കിലെന്താ, ഓടാതിരുന്നാല്‍ യന്ത്രങ്ങള്‍ക്കു കേടുപാടുകള്‍ വരാം. ബാറ്ററിക്കു പ്രശ്‌നമുണ്ടാകാം. അപ്പോള്‍ ഇടയ്ക്കിടെ ഇവനെ ഒന്നു പറത്തി 'ചൂടാക്കാതെ' പറ്റുമോ

നമ്മളൊക്കെ സ്‌കൂട്ടറും കാറുമൊക്കെ ഇടയ്ക്ക് സ്റ്റാര്‍ട്ടാക്കി 2 തവണ ഇരപ്പിച്ച്‌, ഒന്നു മുന്നോട്ടും പിന്നോട്ടും എടുത്ത് ഇടുന്നതുപോലെ. എം.എ.യൂസഫലി, ജോയ് ആലൂക്കാസ്, ബോബി ചെമ്മണ്ണൂര്‍, കല്യാണ്‍ ഗ്രൂപ്പ് ഇവര്‍ക്കൊക്കെ തൃശൂരില്‍ ഹെലികോപ്റ്ററുണ്ട്. ഇവ ഇടയ്ക്കു തലങ്ങും വിലങ്ങും പായുന്നത് പുതുമയല്ല താനും. എന്നാല്‍ നാലു ഹെലികോപ്റ്ററുകളും നഗരത്തിനു മുകളില്‍ മാത്രമായി ചുറ്റിക്കറങ്ങിയതാണ് വീടിനു പുറത്തിറങ്ങാതെയിരുന്ന നാട്ടുകാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയത്. കോവിഡിനു മരുന്നു തളിക്കുന്നതാണോ, കോവിഡ് നിയന്ത്രണം സംബന്ധിച്ചു പൊലീസ് നിരീക്ഷണം നടത്തുന്നതാണോ തുടങ്ങിയ സംശയങ്ങളാണു വിളിച്ചവര്‍ ചോദിച്ചത്.

ഇതിനു മുന്‍പ് ഇതുപോലെ ഹെലികോപ്റ്റര്‍ തുടരെ തൃശൂരിനു മുകളില്‍ സഞ്ചരിച്ചത് നിയമസഭാതിരഞ്ഞെടുപ്പു പ്രചാരണത്തിനാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ സഞ്ചാരം ഹെലികോപ്റ്ററില്‍ ആയിരുന്നു. ഇവരില്‍ മിക്കവര്‍ക്കും ശോഭാസിറ്റിയില്‍ വില്ലയോ ഫ്‌ലാറ്റോ ഉണ്ട്. ഇവിടുത്ത െഹലിപ്പാഡില്‍ നിന്നാണ് ഹെലികോപ്റ്ററുകള്‍ പറന്നുയരുന്നത്. ലോക്ഡൗണ്‍ കഴിയുന്നതുവരെ വരെ ഇടയ്ക്കിടയ്ക്ക് ഈ ഹെലികോപ്റ്ററുകള്‍ നഗരത്തില്‍ വട്ടംകറങ്ങിയേക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top