Sunday, 25 Aug, 1.20 am മലയാളി വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റിന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസാ ഖലീഫയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടു; ബഹ്‌റിനില്‍ തടവില്‍ കഴിയുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ തീരുമാനം

ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റിനിലെത്തുന്നത്. ആറ് രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി.സി.സിയുമായി കൂടുതല്‍ ബന്ധം ദൃഢമാക്കുന്നത് ലക്ഷ്യമിട്ടുകൂടിയാണ് മോദിയുടെ സന്ദര്‍ശനമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റിന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസാ ഖലീഫയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടു. ബഹ്റിനിലെ ജയിലുകളില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹ്റിന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസാ ഖലീഫയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

ശിക്ഷാകാലയളവില്‍ നല്ലരീതിയില്‍ പെരുമാറിയവരെയും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്തവരെയുമാണ് മോചിപ്പിക്കുന്നത്. സാമ്ബത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ മോചനം സംബന്ധിച്ച്‌ വ്യക്തതയില്ല. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്‌റിനിലെത്തിയ മോദിക്ക് രാജ്യത്തെ ഉന്നത ബഹുമതിയായ ദ കിംഗ് ഹമദ് ഓര്‍ഡര്‍ ഒഫ് റിനൈസന്‍സ് നല്‍കി ആദരിച്ചിരുന്നു. തനിക്ക് കിട്ടിയത് മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ലഭിച്ച ആദരമെന്നാണ് മോദി ഇതിന് ശേഷം പ്രതികരിച്ചത്. നേരത്തെ മോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഒഫ് സായിദ് മെഡല്‍ അബുദാബി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സമ്മാനിച്ചിരുന്നു. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങിലായിരുന്നു മെഡല്‍ സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ശക്തമാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചതിനാണ് ബഹുമതി. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.

അതേസമയം ബഹ്‌റൈന്റെ ചരിത്രത്തില്‍ ആദ്യമായി എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശോജ്ജ്വലമായ സ്വീകരണമായിരുന്നു. ശനിയാഴ്ച അബുദാബിയിലെ പരിപാടികള്‍ക്കുശേഷം ഉച്ചതിരിഞ്ഞ് മനാമയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ രാജകുടുംബാംഗങ്ങളും വിശിഷ്ടവ്യക്തികളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഉച്ചമുതല്‍ ബഹ്‌റൈന്‍ നാഷണല്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ വന്‍ജനക്കൂട്ടം തീര്‍ത്ത ആവേശംനിറഞ്ഞ അന്തരീക്ഷത്തിലാണ് ഇന്ത്യന്‍സമൂഹത്തെ മോദി അഭിസംബോധന ചെയ്തത്. നരേന്ദ്രമോദിക്ക് ജയ് വിളിച്ചും ആരവം മുഴക്കിയും സ്‌റ്റേഡിയത്തില്‍ ജനക്കൂട്ടം ആദ്യവസാനം ആവേശം നിറച്ചു.ബഹ്‌റൈന്‍ പോലീസ് ബാന്‍ഡ് സംഘമാണ് മോദിയെ സ്‌റ്റേഡിയത്തിലേക്ക് ആനയിച്ചത്.
സന്ധ്യയോടെ വേദിയിലെത്തിയ പ്രധാനമന്ത്രിയെ ആര്‍പ്പുവിളികളോടെയാണ് ജനക്കൂട്ടം എതിരേറ്റത്. ഇന്ത്യയിലെ സുസ്ഥിര സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിച്ച മോദി ഈ സന്ദര്‍ശനം ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സൗഹൃദത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് പ്രഖ്യാപിച്ചു. ബഹ്‌റൈനുമായി ഒട്ടേറെതലങ്ങളില്‍ ബന്ധം ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്തശേഷം രാത്രി ബഹ്‌റൈന്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ഒരുക്കിയ അത്താഴവിരുന്നിലും സംബന്ധിച്ചു.

ഇന്ന് മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ 30 കോടി രൂപ ചെലവിട്ടാണ് നവീകരണ പദ്ധതി നടപ്പാക്കുന്നത്. വ്യവസായ പ്രമുഖര്‍ എം.എ. യൂസഫലി, രവിപിള്ള, മുഹമ്മദ് ദാദാഭായ്, ഡോ. ബി.ആര്‍. ഷെട്ടി, വര്‍ഗീസ് കുര്യന്‍, വി.കെ. രാജശേഖരന്‍ പിള്ള തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top