Monday, 14 Jun, 1.19 pm മലയാളി വാര്‍ത്ത

ന്യൂസ്
പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ; സന്ദര്‍ശകവിസയില്‍ അബുദാബിയിലെത്തുന്നവര്‍ക്ക് സൗജന്യ കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിന് ഞായറാഴ്ച തുടക്കമായി, തൊട്ടടുത്തുള്ള എ.എച്ച്‌.എസ്. സെന്ററുകളില്‍ നേരിട്ട് പോയാലും സൗജന്യ വാക്സിന്‍ ലഭിക്കും!

കൊറോണ വ്യാപനം തടയുന്നതിനായി നാലുപാടും പ്രതിരോധം ശക്തമാക്കുകയാണ് യുഎഇ. എമിറേറ്റുകളില്‍ തകൃതിയായി വാക്‌സിന്‍ വിതരണം നടക്കുന്നു, ഇതിനോടകം തന്നെ യുഎഇയില്‍ 85% വരുന്ന ആളുകള്‍ക്ക് വാക്‌സിന്‍ നല്കികഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ സന്ദര്‍ശകവിസയില്‍ അബുദാബിയിലെത്തുന്നവര്‍ക്ക് സൗജന്യ കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിന് ഞായറാഴ്ച തുടക്കമായതായി അധികൃതര്‍. അബുദാബി, അല്‍ഐന്‍ മേഖലകളിലാണ് നിലവില്‍ വാക്സിന്‍ നല്‍കിവരുന്നത്. അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയുടെ ആമ്ബുലേറ്ററി ഹെല്‍ത്ത് സര്‍വീസ് (എ.എച്ച്‌.എസ്.) സെന്ററുകളാണ് കുത്തിവെപ്പ് നടക്കുന്നത്.

അതായത് സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ വാക്സിന്‍ ലഭിക്കുന്നതായിരിക്കും. എന്‍ട്രി പെര്‍മിറ്റ് മാത്രമാണ് സ്റ്റാമ്ബ് ചെയ്തിരിക്കുന്നതെങ്കിലും വാക്സിനെടുക്കാവുന്നതാണ്. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സേഹ പുറത്തുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍കൂട്ടി ബുക്ക് ചെയ്‌തോ താമസകേന്ദ്രത്തിന് തൊട്ടടുത്തുള്ള എ.എച്ച്‌.എസ്. സെന്ററുകളില്‍ നേരിട്ട് പോയാലും സൗജന്യ വാക്സിന്‍ ലഭിക്കുകയും ചെയ്യും. അബുദാബി താമസവിസാ കാലാവധി കഴിഞ്ഞവര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് ദേശീയ ദുരന്ത നിവാരണ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതോടൊപ്പം തന്നെ സൗജന്യ വാക്‌സിന്‍ ലഭിക്കാന്‍ കാലാവധി കഴിഞ്ഞ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം. എല്ലാ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും പൂര്‍ണസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത് നടപ്പാക്കുന്നത്. മറ്റ് എമിറേറ്റുകളിലെ സന്ദര്‍ശക വിസക്കാര്‍ക്കും അധികം താമസിയാതെ സൗജന്യ വാക്സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കി അബുദാബി. ജൂണ്‍ 15 മുതല്‍ അബുദാബിയിലെ മാളുകള്‍, ബീച്ച്‌, ജിം, സിനിമ തീയേറ്ററുകള്‍, ഭക്ഷണശാലകള്‍, കഫേകള്‍ തുടങ്ങിയ പൊതുയിടങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ഉണ്ടായിരിക്കണം. സന്ദര്‍ശക വിസക്കാര്‍ക്കും ഗ്രീന്‍പാസ് പ്രോട്ടോകോള്‍ ബാധകമാണ്. ഓരോ ആഴ്ചയും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി നെഗറ്റീവ് ആയെങ്കില്‍ മാത്രമേ ഗ്രീന്‍ പാസ് ലഭിക്കുകയുള്ളൂ.

കൂടാതെ അബുദാബിയില്‍ വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ കോവിഡ് പരിശോധന നടക്കുന്നുണ്ട്. ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലെ സുരക്ഷാ വ്യവസ്ഥകള്‍ കര്‍ശനമാക്കുക വഴി രോഗവ്യാപനം തടയുകയാണ് ലക്ഷ്യമിടുന്നത് തന്നെ. അല്‍ ഹൊസന്‍ ആപ്പിലെ പച്ചനിറത്തിന്റെ കാലാവധി വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് വ്യത്യസ്ത രീതിയിലാണ്. പച്ചനിറം സാധുതയുള്ള പി.സി.ആര്‍. പരിശോധന ഫലം അടയാളപ്പെടുത്തുന്നു. ചാര നിറം കാലാവധി കഴിഞ്ഞ ഫലത്തെ അടയാളപ്പെടുത്തുന്നു. ചുവപ്പ് നിറം ഫലം പോസിറ്റീവ് ആണെന്നും തുടര്‍ നടപടികള്‍ക്ക് വിധേയമാവണമെന്നും വിശദമാക്കുന്നു.

കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധന ജനങ്ങളുടെ പ്രാഥമികാവശ്യമായി മാറിയിരിക്കുന്നുവെന്ന് എഫ്.എന്‍.സി. സൗജന്യ പി.സി.ആര്‍. പരിശോധന കൂടുതല്‍ സജീവമാക്കാനും എഫ്.എന്‍.സി. നിര്‍ദേശിച്ചു. ഇത് ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവന്ന് ജനങ്ങള്‍ക്ക് പരിശോധന ചെലവ് കുറക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം. കമ്ബനികളും വ്യക്തികളും സ്ഥിരമായി പി.സി.ആര്‍. പരിശോധനകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുകയാണ്. കോവിഡ് പരിശോധന പരിധിയിലുള്‍പ്പെടുത്താന്‍ ഇന്‍ഷുറന്‍സ് കമ്ബനികള്‍ മുന്നോട്ടുവരുന്നത് കുറവാണെന്ന് എഫ്.എന്‍.സി ദുബായ് പ്രതിനിധി ഹമദ് അഹമ്മദ് അല്‍ റ്ഹൗമി ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top