Wednesday, 05 Aug, 12.47 pm മലയാളി വാര്‍ത്ത

ന്യൂസ്
പുതിയ കശ്മീരിന് ഒരു വര്‍ഷം ; ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതു താല്‍ക്കാലികം മാത്രമാണെന്നും സ്ഥിതി സാധാരണ നിലയിലായാല്‍ പൂര്‍ണ സംസ്ഥാന പദവി മടക്കി നല്‍കുമെന്നുമുള്ള അമിത് ഷായുടെ വാക്കുകള്‍ക്കും ഒരു വര്‍ഷം; കശ്മീര്‍ ഇപ്പോള്‍ ഇങ്ങനെയാണ്

പ്രത്യേക പദവി എടുത്തുമാറ്റി ജമ്മുകശ്മീര്‍ ജമ്മുവും കശ്മീരും ലഡാക്കുമായി മാറിയിട്ട് ഇന്ന് ഒരു വര്‍ഷം. ജമ്മു, ലഡാക്ക് ശാന്തിയുടെ രുചിയറിയുമ്ബോള്‍ കനത്ത നിയന്ത്രണങ്ങളില്‍ നിന്നും കശ്മീര്‍ താഴ്വര ഇനിയും മുക്തമായിട്ടില്ല. കര്‍ഫ്യൂ ഇല്ലാത്ത, ഭീകരാക്രമണങ്ങളില്ലാത്ത, ഇന്റര്‍നെറ്റ് വിലക്കാത്ത, നിക്ഷേപങ്ങളും ടൂറിസ്റ്റുകളും ഒഴുകിയെത്തുന്ന ഒരു പുതിയ കശ്മീരായിരിക്കും, ഭൂമിയിലെ യഥാര്‍ഥ സ്വര്‍ഗമായിരിക്കും, ഇനി ഇന്ത്യ കാണുകയെന്നായിരുന്നു ഒരു വര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ഇതെല്ലാം പാലിക്കപ്പെട്ടോ? എന്ന സംശയം നിലനില്‍ക്കുന്നു. 2019 ഓഗസ്റ്റ് 5 അമിത്ഷാ ആ നിര്‍ണ്ണായക പ്രഖ്യാപനം നടത്തി. ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയെന്ന പ്രഖ്യാപനം .

ഭരണഘടനയിലെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതും, ജമ്മു-കശ്മീര്‍, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35 എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നല്‍കുന്നതും റദ്ദാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചത് ഓഗസ്റ്റ് അഞ്ചിനായിരുന്നു .

ഒക്ടോബര്‍ 31ന് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപപ്പെട്ടു. പുതുച്ചേരി, ഡല്‍ഹി എന്നിവിടങ്ങളിലേതിനു സമാനമായി ജമ്മു കശ്മീരില്‍ അധികാര പദവി ഗവര്‍ണറില്‍നിന്ന് ലഫ്. ഗവര്‍ണറിലേക്കു മാറി. മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കു സമാനമായി കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തില്‍ ലഡാക്കും. രണ്‍ബീര്‍ സിങ് രാജാവിന്റെ കാലത്തു രൂപം കൊടുത്ത, കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന, രണ്‍ബീര്‍ പീനല്‍ കോഡ് (ആര്‍പിസി) മാറി ഇന്ത്യന്‍ പീനല്‍ കോഡിനു കീഴിലേക്കും ജമ്മു കശ്മീര്‍ മാറി. സര്‍ക്കാര്‍ ജോലിയിലും സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിലും കശ്മീരികള്‍ക്കുണ്ടായിരുന്ന പ്രത്യേക 'സംവരണവും' ഇതോടെ അപ്രത്യക്ഷമായി.


ബ്രിട്ടന്‍ ഇന്ത്യ വിടുമ്ബോള്‍ ലയന ഉടമ്ബടി പ്രകാരം നാട്ടുരാജ്യങ്ങള്‍ പാക്കിസ്‌ഥാനിലും ഇന്ത്യയിലും ചേര്‍ന്നു. പക്ഷേ, ജമ്മു കശ്‌മീരിലെ ഹിന്ദുമത വിശ്വാസിയായ മഹാരാജാ ഹരിസിങ് ഒരു തീരുമാനവുമെടുത്തില്ല. മുസ്‌ലിംകള്‍ ധാരാളമുള്ള സ്‌ഥലമായതിനാല്‍ ജമ്മു കശ്‌മീര്‍ സ്വന്തമെന്നു പാക്കിസ്‌ഥാന്‍ സ്വയം വിശ്വസിക്കുകയായിരുന്നു . എന്നാല്‍ കാര്യങ്ങള്‍ ആഗ്രഹിച്ചതുപോലെ നടക്കാത്തതിനെത്തുടര്‍ന്നു ഗോത്ര വര്‍ഗക്കാരായ റസാകര്‍ സേനയെ പാക്കിസ്‌ഥാന്‍ ഇളക്കി വിട്ടു.

നുഴഞ്ഞു കയറ്റക്കാര്‍ രാജ്യത്തിന്റെ നല്ലൊരു പങ്കും കയ്യടക്കി . ആ സമയം രാജാവ് ഇന്ത്യയുടെ സഹായം തേടി. പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു അതു നിരസിച്ചു. കാരണം ജമ്മു കശ്‌മീര്‍ മറ്റൊരു രാജ്യമാണ്. ഇന്ത്യന്‍ സേനയെ അങ്ങോട്ട് അയയ്‌ക്കുന്നതു മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനു തുല്യമായിരുന്നു . നില്‍ക്കക്കള്ളിയില്ലാതെ രാജാവ് ഇന്ത്യയുമായി ലയന ഉടമ്ബടി ഒപ്പിട്ടു. അങ്ങനെയാണ് സാങ്കേതികമായി ജമ്മു കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമായത്. പക്ഷേ ഈ ഉടമ്ബടിയില്‍ ചില കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തത് പിന്നീട് ഇന്ത്യയ്ക്കു തിരിച്ചടിയായി.

രാജ്യത്തിന്റെ ഭരണഘടന രൂപീകരിക്കുന്ന സമയത്ത് ഇന്ത്യയില്‍ ചേര്‍ന്ന നാട്ടുരാജ്യങ്ങളുടെ ഭരണഘടന എപ്രകാരമായിരിക്കണമെന്നു ഭരണഘടനാ നിര്‍മാണസഭ ചര്‍ച്ച ചെയ്‌തിരുന്നു. എല്ലാ നാട്ടുരാജ്യങ്ങള്‍ക്കും ഒരു ഭരണഘടന മതിയെന്നും അധികാരങ്ങള്‍ ഫെഡറല്‍ സമ്ബ്രദായത്തില്‍ വേര്‍തിരിച്ചു രേഖപ്പെടുത്തണമെന്നും തീരുമാനിച്ചു. അങ്ങനെ 'ഇന്ത്യ ഈസ് എ യൂണിയന്‍ ഓഫ് സ്‌റ്റേറ്റ്‌സ്' എന്ന പ്രഖ്യാപനമുണ്ടായി. അപ്പോഴും ജമ്മു കശ്‌മീരുമായുള്ള ഇന്ത്യയുടെ ബന്ധം വ്യത്യസ്‌തമായി തുടരാന്‍ കാരണം നേരത്തേ പറഞ്ഞ ലയന ഉടമ്ബടിയായിരുന്നു.

അതില്‍ ഇന്ത്യയ്‌ക്കു പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയില്‍ മാത്രമാണു ജമ്മു കശ്‌മീര്‍ അധികാരം കൈമാറിയിരുന്നത്. മറ്റെല്ലാറ്റിലും ഭരണപരമായ അധികാരം ജമ്മു കശ്‌മീര്‍ നിയമസഭയ്ക്കാണ്. ഇന്ത്യന്‍ ഭരണഘടന മറ്റു പ്രദേശങ്ങളെപ്പോലെ പൂര്‍ണമായും ജമ്മു കശ്‌മീരിലേക്കു വ്യാപിക്കാത്തതിനും സ്വയംഭരണാവകാശം വിഭാവനം ചെയ്യുന്ന 370ാം വകുപ്പനുസരിച്ചു പ്രത്യേക പദവി ജമ്മു കശ്‌മീരിനു നല്‍കാനുമുണ്ടായ സാഹചര്യവും അതായിരുന്നു. നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവര്‍ഷമാണ്. 2019 ഓഗസ്റ്റ് 5 വരെ സംസ്ഥാനത്ത് പുതിയ നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണമായിരുന്നു.

ജമ്മു, കശ്മീര്‍, ലഡാക് എന്നിങ്ങനെ മുന്‍പുണ്ടായിരുന്ന സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതായിരുന്നു ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണിത്. ജമ്മു കശ്മീരില്‍ സ്ഥിരമായി വസിക്കുന്നവരെ നിര്‍വചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സര്‍ക്കാര്‍ സര്‍വീസുകളില്‍ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമായിരുന്നു വകുപ്പ്. അന്യസംസഥാനക്കാര്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമി വാങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടുവന്നതാണു 370-ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്.

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതു താല്‍ക്കാലികം മാത്രമാണെന്നും സ്ഥിതി സാധാരണ നിലയിലായാല്‍ പൂര്‍ണ സംസ്ഥാന പദവി മടക്കി നല്‍കുമെന്നുമുള്ള അമിത് ഷായുടെ വാക്കുകള്‍ക്കും ഓഗസ്റ്റ് അഞ്ചിന് ഒരു വര്‍ഷം തികയുകയാണ്. പക്ഷേ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഉള്‍പ്പെടെ ചിലര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്. ഇതിന്റെ പേരിലും സ്ഥിരതാമസാധികാര സര്‍ട്ടിഫിക്കറ്റിന്റെയും തൊഴിലില്ലായ്മയുടെയും പേരിലും കേന്ദ്രത്തിനെതിരെ പല കോണുകളില്‍നിന്നു പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിനിടെയാണ് കേന്ദ്ര സര്‍ക്കാരിനു താല്‍ക്കാലിക 'ആശ്വാസമെന്ന' നിലയില്‍ കോവിഡിന്റെ വരവ്. ജമ്മു കശ്മീരിലെയും ലഡാക്കിലെയും വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ കാരണം കോവിഡാണെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ജമ്മു കശ്മീരിന്റെ വികസനം റോക്കറ്റ് പോലെ കുതിക്കുകയാണെന്ന് ലഫ്. ഗവര്‍ണര്‍ ഗിരിഷ് ചന്ദ്ര മുര്‍മുവും അവകാശവാദം ഉന്നയിക്കുന്നു.

താഴ്‌വരയില്‍ സ്ഥിതിഗതികളെല്ലാം ശാന്തമാണെന്നു കേന്ദ്രം പറയുമ്ബോഴും ഓഗസ്റ്റ് 4 മുതല്‍ മേഖലയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിഘടനവാദികളും പാക്ക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും അഞ്ചിന് കരിദിനം ആചരിക്കുന്ന സാഹചര്യത്തിലാണിത്. രണ്ടു ദിവസത്തേക്ക് പുറത്തിറങ്ങരുതെന്ന് ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുന്നത് തെരുവുകളില്‍ മുഴങ്ങിക്കേള്‍ക്കാം. തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസും സിആര്‍പിഎഫും നിലയുറപ്പിച്ചിരിക്കുന്നു. നൂറുകണക്കിന് ഇടങ്ങളില്‍ ബാരിക്കേഡുകള്‍. ശ്രീനഗര്‍ നഗരത്തിലുള്‍പ്പെടെ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. കൂട്ടംചേരലുകള്‍ തടയാന്‍ ഇത്തവണ കോവിഡ് എന്ന കാരണം കൂടിയുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalivartha new
Top