സംസ്ഥാനത്ത് അടുത്തമാസം ഒന്നോടെ കാലവർഷം എത്തുമെന്ന് പ്രതീക്ഷ. ഇപ്പോള്‍ കാണുന്ന മഴയും ഇടിമിന്നലും ഉടൻതന്നെ കാലവർഷം കേരളത്തിലെത്തും എന്നതിന്റെ സൂചനയായാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്.
അന്തരീക്ഷം ഒരു ഋതുവില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഇത്തരം ഇടിയും മഴയും ഉണ്ടാകുന്നത്. കേരളത്തിലെയും ലക്ഷദ്വീപിലെയും മറ്റും മഴ നിരീക്ഷണ കേന്ദ്രങ്ങളില്‍ അറുപതുശതമാനത്തിലെയും മഴമാപിനികളില്‍ 2.5 മില്ലീലിറ്റർ മഴ ലഭിച്ചാല്‍ മാത്രമേ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയതായി പ്രഖ്യാപിക്കൂ.
വടക്കൻ കേരള തീരത്തെ പടിഞ്ഞാറൻ കാറ്റിന് ഇപ്പോള്‍ ശക്തി കുറവാണ്. മണ്‍സൂണെത്താൻ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടേണ്ടതുണ്ട്. അതിന് ഒന്നോ രണ്ടോ ദിവസം കൂടി വേണ്ടിവന്നേക്കാമെന്നാണ് ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നത്. മണ്‍സൂണിന്റെ വരവിനായുള്ള എല്ലാ സാഹചര്യങ്ങളും നിലവില്‍ അനുകൂലമായാണ് നിലകൊള്ളുന്നത്.

