സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ദർബിനടുത്ത് അല്‍ ഹറൈള എന്ന സ്ഥലത്ത് മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി. മലപ്പുറം മൂന്നിയൂർ വെളിമുക്ക് ആലുങ്ങല്‍ സ്വദേശിയും അല്‍ ഹറൈളയിലെ ബഖാല ജീവനക്കാരനുമായ കോഴിപ്പറമ്പത്ത് (വാക്കനാട്ടില്‍) അബ്ദുസ്സലാം (41) ആണ് മരിച്ചത്. പരേതനായ മുഹമ്മദ് ഹാജിയാണ് പിതാവ്. രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിലവില്‍ അല്‍ ഖഹ്‌മ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍.

