കേരളത്തില്‍ കാലവർഷത്തിന്റെ ആവേശം പൂർണ്ണമായും അവസാനിക്കുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കാര്യമായി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പസഫിക് സമുദ്രത്തില്‍ ശക്തി പ്രാപിക്കുന്ന എല്‍ നിനോ പ്രതിഭാസം മണ്‍സൂണിനെ ചതിച്ചതോടെ സംസ്ഥാനത്ത് ഇതിനകം 22 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴ മാറി കടുത്ത ചൂടിലേക്ക് സംസ്ഥാനം നീങ്ങുമ്പോള്‍, തീരദേശങ്ങളില്‍ 'കള്ളക്കടല്‍' പ്രതിഭാസം മൂലമുള്ള കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നു.

