Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ്... മുതിര്‍ന്ന രണ്ടുനേതാക്കള്‍, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തില്‍ വ്യത്യസ്ത തീരുമാനങ്ങള്‍ എടുത്തത്..

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ്... മുതിര്‍ന്ന രണ്ടുനേതാക്കള്‍, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തില്‍ വ്യത്യസ്ത തീരുമാനങ്ങള്‍ എടുത്തത്..

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി

ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

സി പി എമ്മിന്റെ കുടുംബസ്വത്ത് എന്ന് അറിയപ്പെടുന്ന ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ്. മുതിർന്ന രണ്ടുനേതാക്കള്‍, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തില്‍ വ്യത്യസ്ത തീരുമാനങ്ങള്‍ എടുത്തത്. മുഖ്യമന്ത്രി ഭരിക്കുന്ന ധനവകുപ്പ് ഊരാളുങ്കലിനെ ഹാരമിട്ട് സ്വീകരിച്ചപ്പോഴാണ് സ്പീക്കർ ഊരാളുങ്കലിനെ പടിയടച്ച്‌ പിണ്ഢം വച്ചത്. ഊരാളുങ്കലിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം മുറുകുകയാണ്. പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഊരാളുങ്കലിനെ അനുകൂലിച്ച്‌ രംഗത്തെത്തിയത്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ടെന്‍ഡര്‍ നടപടികളില്ലാതെ നേരിട്ട് ഏറ്റെടുക്കുന്നതിനായി ഊരാളുങ്കല്‍ ലേബല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി അടക്കമുള്ള അംഗീകൃത ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക അനുമതി ധനവകുപ്പ് പുതുക്കി നല്‍കിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്.

മുഖ്യമന്ത്രി ഫയല്‍ കണ്ടോ എന്ന് വ്യക്തമല്ല. എങ്കില്‍ ആരായിരിക്കും രാഷ്ട്രീയതീരുമാനം എടുത്തത്? മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ യു.ഡി.എഫ് ഈ ഇളവുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നെങ്കിലും നിലവില്‍ 46 അക്രഡിറ്റഡ് ഏജന്‍സികളുടെ കാലാവധി നീട്ടിനല്‍കിയ കൂട്ടത്തില്‍ ഊരാളുങ്കലിനെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കുകയായിരുന്നു. അനുമതി ലഭിച്ചവയില്‍ 40 ഏജന്‍സികളും പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയാണ്.ഊരാളുങ്കലിനെക്കൂടാതെ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, പിണറായി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി, കോസ്റ്റ്‌ഫോര്‍ഡ്, ഹാബിറ്റാറ്റ്, തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് സ്വകാര്യ/സഹകരണ ഏജന്‍സികള്‍. ഇവര്‍ക്ക് മുമ്പ് അനുവദിച്ചിരുന്ന രണ്ടു വര്‍ഷത്തെ കാലാവധി കഴിഞ്ഞ മെയ് 31ന് അവസാനിച്ചിരുന്നു.

തുടര്‍ന്ന് ഈ മാസം 31 വരെ താല്‍ക്കാലികമായി നീട്ടിനല്‍കിയ കാലാവധിയാണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്. വരും വര്‍ഷങ്ങളിലേക്ക് അന്തിമമായി അനുമതി പുതുക്കി നല്‍കുന്നതിന് മുമ്പ്, ഈ സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ പ്രവര്‍ത്തനമികവ് ധനവകുപ്പ് വിശദമായി വിലയിരുത്തുമെന്നാണ് സൂചന. അതേസമയം തിരുവഞ്ചൂർ ഊരാളുങ്കലിനെതിരായ ജനവികാരത്തിന് ഒപ്പം നിന്നു. നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രവൃത്തികളില്‍ ഗുരുതരവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന്, എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു തുക അനുവദിച്ച്‌ ഇറക്കിയ ഉത്തരവുകളടക്കം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. സഭയിലെ ഡൈനിങ് ഹാള്‍ നവീകരിക്കാൻ അനുവദിച്ച 7.5 കോടി രൂപയുടെ കരാറും ഇക്കൂട്ടത്തിലുണ്ട്.ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലനച്ചുമതലയില്‍നിന്ന് ഊരാളുങ്കലിനെ ഒഴിവാക്കി

പകരം പൊതുമരാമത്ത് വകുപ്പിനു നല്‍കാനും നിർദേശിച്ചു. ഡേറ്റ സെന്ററിന്റെ വാർഷിക പരിപാലനച്ചുമതലയില്‍നിന്നും ഊരാളുങ്കലിനെ നീക്കിയിട്ടുണ്ട്. കെല്‍ട്രോണിനാണു പകരം ചുമതല.മുൻ സർക്കാരിന്റെ കാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിനു ലഭിച്ച ആനുകൂല്യങ്ങളും കരാറുകളും വൻ അഴിമതിയിലേക്കു വിരല്‍ചൂണ്ടുന്നവയാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് സ്പീക്കറുടെ കർശന ഇടപെടല്‍. വിശദ അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടേക്കും. നിയമസഭയിലെ നടപടിക്രമങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയില്‍ നേരത്തേ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു.കോടികള്‍ ചെലവഴിച്ചു നിയമസഭാ പരിസരം നവീകരിക്കുന്നതിനു വിവിധ കരാറുകാർക്കായി അനുവദിച്ച പദ്ധതി നിർത്തിവയ്ക്കാൻ നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

അതിവേഗം ഭരണാനുമതി നല്‍കി എല്‍ഡിഎഫ് സർക്കാർ ആദ്യഘട്ട തുക അനുവദിച്ച പദ്ധതിയാണിത്. മണ്ണ് പരിശോധനയ്ക്കായി മാത്രം 6 ലക്ഷം രൂപയാണു അനുവദിച്ചത്.വൻ വിലയുള്ള ഇറ്റാലിയൻ മാർബിളടക്കം ഉപയോഗിച്ച്‌ സഭയിലെ ഡൈനിങ് ഹാള്‍ നവീകരിക്കാനായിരുന്നു ഊരാളുങ്കലിന് ലഭിച്ച കരാർ. വർഷത്തില്‍ 10 ദിവസത്തില്‍ താഴെ മാത്രമുപയോഗിക്കുന്ന ഹാള്‍ നവീകരിക്കാൻ ഇത്രയും തുക ചെലവാക്കേണ്ടതുണ്ടോയെന്ന ധനവകുപ്പിന്റെ ചോദ്യം അവഗണിച്ചായിരുന്നു എല്‍ഡിഎഫ് സർക്കാർ കരാർ ഉറപ്പിച്ചത്. ഇതിനു പുറമേ, ലോക കേരള സഭ നടന്ന വേളയില്‍ അതിഥികള്‍ക്ക് 2 ദിവസത്തെ ഉച്ചഭക്ഷണം നല്‍കുന്നതിനു ഡൈനിങ് ഹാളില്‍ എസി സ്ഥാപിച്ചതിനടക്കം 35 ലക്ഷം രൂപയുടെ ബില്‍ വിവിധ കരാറുകാർ നിയമസഭാ സെക്രട്ടേറിയറ്റിനു നല്‍കിയിരുന്നു. ഇത്രയും ഭീമമായ തുക എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചും അന്വേഷണമുണ്ടാകും.

സ്പീക്കർക്ക് ഇത്രയും ചെയ്യാമെങ്കില്‍ സർക്കാർ എന്തുകൊണ്ട് ഊരാളുങ്കലിനെ സഹായിക്കുന്നു എന്ന ചോദ്യം ബാക്കിയാവുന്നു. അപ്പോഴും മുഖ്യമന്ത്രി ഫയല്‍ കണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേരളം സി പി എമ്മിൻ്റെ പോഷക സംഘടനയായ ഊരാളുങ്കലിന് തീറെഴുതിയത് ഒന്നാം പിണറായി സർക്കാർ അധികാരത്തില്‍ വന്നതുമുതലാണ്.സുപ്രീം കോടതിയെ ഒരു ഉളുപ്പുമില്ലാതെ പിണറായിയുടെ കേരള സർക്കാർ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്‍കുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും പഴയ സർക്കാർ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് വ്യക്തമാക്കിയാണ് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കിയിരുന്നു. ഇതിന് എതിരെയുള്ള ഹർജിയിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സ്റ്റാൻഡിങ് കൗണ്‍സല്‍ സികെ ശശിയാണ് കേരള സർക്കാരിന് വേണ്ടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഇതിലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബഹുഭൂരിപക്ഷം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത് . യഥാർത്ഥത്തില്‍ എ.കെ.ജി.സെൻററിലെ ഖജനാവ് നിറയ്ക്കുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍ എന്നാണ് പൊതുവേ അറിയപ്പെടുന്നത്.

ഊരാളുങ്കലിനെ റെഡ് കാർപ്പറ്റ് വിരിച്ച്‌ സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത് ഉമ്മൻചാണ്ടിയും കുഞ്ഞാലികുട്ടിയും ഇബ്രാഹിംകുഞ്ഞും ചേർന്നാണ്. 2015-ല്‍ ഉമ്മൻചാണ്ടിയാണ് ടോട്ടല്‍ സൊലൂഷൻ പ്രൊവൈഡറായി ഊരാളുങ്കലിനെ അംഗീകരിച്ചത്. സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ഏജൻസികള്‍ക്ക് ടെൻഡറില്ലാതെ കരാർ നല്‍കാം. അതിന് വേണ്ടിയാണ് ഊരാളുങ്കലിന് പ്രത്യേക അധികാരം നല്‍കിയത്. ഇത് ഒരു സി പി എം പ്രസ്ഥാനമാണെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു.. ടി.പി ചന്ദ്രശേഖരൻ വധത്തില്‍ സി പിഎം നേതാക്കളെ കോണ്‍ഗ്രസ് സഹായിച്ചതും ഇങ്ങനെ തന്നെയാണ്. 2016 ജനുവരിയില്‍ ഉമ്മൻചാണ്ടി ഐ.ടി. അനുബന്ധ പ്രവർത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിനു നല്‍കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 250 കോടിവരെയുള്ള കരാറുകള്‍ ഊരാളുങ്കലിന് ടെൻഡറില്ലാതെ നല്‍കാൻ അനുമതി നല്‍കി. പിണറായിയുടെ ഇടപെടല്‍ വഴിയാണ് ഇതെന്ന് മനസിലാക്കാം.

എല്‍.ഡി.എഫ്. സർക്കാർ 2017-ല്‍ ഇത് 500 കോടിയായും 2019-ല്‍ 800 കോടിയായും ഉയർത്തി. ഇപ്പോള്‍ പരിധിയെല്ലാം എടുത്തു കളഞ്ഞു. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കോടികളുടെ കരാറുകളാണ് ടെൻഡറില്ലാതെ ഊരാളുങ്കലിനു ലഭിച്ചത്.എല്‍.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ 2019 സെപ്റ്റംബർ വരെ 347 കരാറുകളാണ് ടെൻഡറില്ലാതെ സർക്കാർ വകുപ്പുകള്‍മാത്രം ഊരാളുങ്കലിനു നല്‍കിയത്. നിയമസഭ, തദ്ദേശ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോർഡ്-കോർപ്പറേഷൻ എന്നിവയെല്ലാം ചേർത്ത് ആയിരത്തോളം കരാറുകള്‍ ഇതിനു പുറമെ നല്‍കിയിട്ടുണ്ടെന്നാണ് വിവരം .ഇപ്പോള്‍ ഇത് ആയിരം കവിയും. എട്ടുകോടി രൂപയ്ക്ക് പൂർത്തിയാക്കാനാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) നിർദേശിച്ച ഇ-നിയമസഭ പദ്ധതിയാണ് ഊരാളുങ്കലിന് 52.31 കോടിരൂപയ്ക്കു നല്‍കിയത്. ഉയർന്ന നിരക്കില്‍ കരാർ നല്‍കുകയും അത് മറ്റുപല ഏജൻസികള്‍ക്കും വ്യക്തികള്‍ക്കും ഉപകരാർ നല്‍കുകയുമാണ് ഊരാളുങ്കല്‍ ചെയ്യുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം.

ഇത്തരം ഉപകരാറുകളിലൂടെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്.സഹകരണ സംഘമെന്ന പരിഗണനയിലാണ് ഊരാളുങ്കല്‍ കഴിഞ്ഞസർക്കാരില്‍ നിന്ന് കരാർ ഏറ്റെടുത്തത്.എന്നാല്‍ സ്വകാര്യ കമ്പനികള്‍ രൂപകരിച്ചും മറ്റ് ഏജൻസികള്‍ക്ക് ഉപകരാർ നല്‍കുകയുമാണ് ചെയ്തത്. ഇതാണ് വിവാദത്തിലാക്കിയത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ള ഉന്നതന്റെ ഭാര്യക്ക് ഊരാളുങ്കലില്‍ നിക്ഷേപമുണ്ടെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു. യു.ഡി.എഫ്. നാളെ അധികാരത്തിലെത്തിയാല്‍ ഇവർക്ക് നല്‍കിയ കരാറുകള്‍ പുനപ്പരിശോധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഒരിക്കല്‍ കരാർ നല്‍കിയാല്‍ അത് പിന്നീട് പുന:പരിശോധിക്കാൻ കഴിയില്ല. ഒന്നിലേറെ മേഖലകളില്‍ പ്രവൃത്തി ഏറ്റെടുക്കാൻ കാര്യശേഷിയുള്ള സ്ഥാപനങ്ങളെയാണ് സർക്കാർ ടോട്ടല്‍ സൊലൂഷൻ പ്രൊവൈഡറായി അംഗീകരിക്കുന്നത്. ഒരു പദ്ധതി നിർവഹണം മൊത്തത്തില്‍ ഈ സ്ഥാപനങ്ങള്‍ക്ക് കരാറായി നല്‍കാമെന്നതാണ് ഇതിന്റെ നേട്ടം. ഇതാണ് ഉമ്മൻ ചാണ്ടി ചെയ്തത്.

ഓരോ വർഷവും ധനവകുപ്പാണ് അക്രഡിറ്റഡ് ഏജൻസികളെ നിശ്ചയിക്കാറുള്ളത്. ഉമ്മൻ ചാണ്ടിയായിരുന്നു ഇക്കാലത്ത് ധനമന്ത്രി.ടെൻഡറില്ലാതെ നേരിട്ട് ഇത്തരം ഏജൻസികള്‍ക്ക് കരാർ നല്‍കാനാവും. ടോട്ടല്‍ സൊലൂഷൻ പ്രൊവൈഡറായ ഏജൻസികളെ അക്രഡിറ്റഡ് ഏജൻസികളായും അംഗീകരിക്കാറുണ്ട്. കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവച്ച ശേഷമാണ് ഇത് നടന്നതെന്ന് കരുതുന്നു. ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് വയനാട് പുനരധിവാസ പദ്ധതിയും ടെണ്ടറില്ലാതെ നല്‍കിയത്. ഊരാളുങ്കലിൻെറയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറവില്‍ ബന്ധുക്കള്‍ക്കും വീട്ടുകാർക്കും സർക്കാർ പണം ധൂർത്തടിക്കാൻ മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത് എം.ശിവശങ്കറാണെന്ന് ഇ.ഡി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. . സി.എം.രവീന്ദ്രൻെറ സഹായത്തോടെയാണ് ശിവശങ്കർ മുഖ്യമന്ത്രിക്ക് വേണ്ടി കരുക്കള്‍ നീക്കിയതെന്ന് സംശയിക്കുന്നത് കേന്ദ്ര ഏജൻസികളാണ്.

മുഖ്യമന്ത്രിയുടെ പൂർണ അറിവും സമ്മതവും ഇതിന് പിന്നിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.ഊരാളുങ്കലിന് ആരു മണികെട്ടും എന്നാണ് കേരളം ചോദിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ഏഴു വർഷമായി നടക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് പിന്നിലും ഊരാളുങ്കലാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഊരാളുങ്കലിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചരടുവലിക്കുന്നത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരുതി. . റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത് വന്നപ്പോഴും പ്രതിസ്ഥാനത്ത് ഊരാളുങ്കല്‍ തന്നെയായിരുന്നു. വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നല്‍കിയ കരാറില്‍ ഉപകരാര്‍ നല്‍കിയത് പ്രസാഡിയോക്ക് ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. പ്രസാഡിയോ കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാൻഷ്യല്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്ന വിവരവും പുറത്തു വന്നു.

അതായത് ഊരാളുങ്കലിൻ്റെ മറവില്‍ സി പി എം പ്രൈവറ്റ് ലിമിറ്റഡാണ് കേരളത്തെ അനുദിനം വികസിപ്പിക്കുന്നതെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്.. എന്നാല്‍ എല്ലാ ഇടപാടുകളും ഇൻറലിജൻറ് മൂവാണ്. പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് നീക്കങ്ങള്‍ നടന്നത്. .നിരത്തിലെ നിയമലംഘനം പിടികൂടാൻ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എസ്‌ആര്‍ഐടി എടുത്തെങ്കിലും പ്രധാന പദ്ധതി നടത്തിപ്പ് സ്ഥാപനം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാഡിയോ ആണ്. കോടികളുടെ അഴിമതിയും ക്രമവിരുദ്ധ ഇടപെടലും വിവാദമായതിന് പിന്നാലെയാണ് പ്രസാഡിയോക്ക് കിട്ടിയ മറ്റ് പദ്ധതികളുടെ കരാര്‍ വിശദാംശങ്ങള്‍ കൂടി പുറത്ത് വന്നത്. കാസര്‍കോടും കണ്ണൂരും വെഹിക്കിള്‍ ഡ്രൈംവിംഗ് ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഊരാളുങ്കലില്‍ നിന്ന് ഉപകരാറെടുത്തത് പ്രസാഡിയോയാണ്. 4.16 കോടിയുടെ പദ്ധതിയില്‍ ഉപകരണങ്ങളുടെ സപ്ലൈയും അനുബന്ധ ജോലികളുമായിരുന്നു പ്രസാഡിയോയുടെ ചുമതല. 2018 ല്‍ സഥാപനം തുടങ്ങിയതിന് തൊട്ട് പിന്നാലെയാണ് ഈ കരാര്‍ പ്രസാഡിയോ ഏറ്റെടുക്കുന്നത്.

ട്രാഫിക്ക് ക്യാമറക്ക് കെല്‍ട്രോണ്‍ വഴിയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയിലേക്ക് എത്തിയതെങ്കില്‍ ഇവിടെ കിഡ്കോ വഴിയാണ് ഗതാഗത വകുപ്പ് ഊരാളുങ്കലലേക്കും അത് വഴി പ്രസാഡിയോയിലേക്കും എത്തിയത്. കെ ഫോണ്‍ അടക്കം മറ്റ് വൻകിട പദ്ധതികളിലും സമാനമായ ഉപകരാറുകള്‍ പ്രസാഡിയോ നേടിയതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സര്‍ക്കാർ മുൻകയ്യെടുത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികളിലെല്ലാം ടെണ്ടര്‍ ഘട്ടം മുതല്‍ കരാര്‍ ഉപകരാര്‍ ജോലികളില്‍ വരെ ഒരേ കമ്പനികളുടെ സ്ഥിരം സാന്നിധ്യവും ഇതിന് പിന്നിലെ സ്വജന പക്ഷപാതവുമാണ് പ്രതിപക്ഷം ആയുധമാക്കിയത്. ഊരാളുങ്കല്‍ ഈ കുടുംബത്തിൻെഐശ്വര്യം എന്നാണ് എ.കെ.ജി. സെൻററിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോർഡ്. സി.എം. രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ഊരാളുങ്കലിന് വേണ്ടി ചരടുകള്‍ വലിക്കും. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലെത്തുന്ന വർക്കുകള്‍ ഊരാളുങ്കലിന് കാൻവാസ് ചെയ്യും.മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൂടിയാകുമ്പോള്‍ സംഗതി പൂർണമാകും.ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കല്‍ കേന്ദ്രമാണെന്ന ആരോപണം മുമ്പേയുണ്ട്. .

ഒരു തരത്തിലുമുള്ള ടെണ്ടർ നടപടികളും പാലിക്കാതെ സർക്കാരിന്റെ കോടികള്‍ ഊരാളുങ്കലിന് നല്‍കിയതിനെ കുറിച്ച്‌ രഹസ്യാന്വേഷണം നടന്നിരുന്നു.. സർക്കാർ മേഖലയിലുള്ള ജോലികളാണ് ഊരാളുങ്കലിന് കൂടുതലും കിട്ടുന്നത്. രാമനാട്ടുകര ഫ്ലൈ ഓവർ, കോഴിക്കോട് നഗരവികസനം, റെഗുലേറ്റർ കം ബ്രിഡ്ജ്, പിണറായി കമ്മ്യൂണിറ്റി പാർക്ക്, വെള്ളിമാട്കുന്ന് ജണ്ടർ പാർക്ക് തുടങ്ങിയ നിർമ്മാണ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. മലബാറിലെ ഊരാളുങ്കല്‍ ഗ്രാമത്തിലാണ് സൊസൈറ്റി ജന്മമെടുത്തത്. വാഗ്ഭടാനന്ദയാണ് സംഘത്തിന്റെ സ്ഥാപകൻ. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനം എന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. സി പി എം അധികാരത്തില്‍ വരുമ്പോഴാണ് സൊസൈറ്റിക്ക് ശുക്രദശ തുടങ്ങുന്നത്. മലബാറിലെ സി പി എം നേതാക്കളുടെ കൈയിലാണ് ഊരാളുങ്കലിന്റെ ഓഹരികള്‍ ഉള്ളതെന്നാണ് വിവരം. ഇതില്‍ സർക്കാരിലെ ഉന്നതരും ഉള്‍പ്പെടുന്നുണ്ട്. അതാണ് ഇ ഡിക്ക് മുന്നിലെ വിഷയം. വാഗ്ഭടാനന്ദന്റെ ആശീർവാദത്തോടെ പാലേരി ചന്ദൻ മാൻ 1925 ല്‍ സ്ഥാപിച്ചതാണ് ഊരാളുങ്കല്‍ കോ-ഓപ്പറേറീവ് സൊസൈറ്റി.

1415 അംഗങ്ങളാണ് സൊസൈറ്റിക്കുള്ളത്. 4000 ത്തിലധികം നിർമ്മാണ ജോലികള്‍ ഇവർ പൂർത്തിയാക്കിയിട്ടുണ്ട്. 100 കോടിയിലധികം രൂപയുടെ ജോലികള്‍ കമ്പനി നടത്തിയിട്ടുണ്ട്. സർക്കാരാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്. കെ.ഫോണ്‍ പദ്ധതി ഊരാളുങ്കലിന് നല്‍കാനായിരുന്നു സർക്കാരിന്റെ പദധതി. 500 കോടിയുടെ അഴിമതിയാണ് ഇതു വഴി നടത്താൻ ഉദ്ദേശിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. കെ. ഫോണ്‍ പദ്ധതി വിവാദത്തിലായതോടെ അഴിമതി പൊളിഞ്ഞു. സി ഡിറ്റ് എന്ന സർക്കാർ ഏജൻസി നടപ്പിലാക്കിയിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതിയും ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൈമാറാൻ തീരുമാനിച്ചു.

പോലീസിന്റെ അതീവരഹസ്യമായ ഡേറ്റാ ബെയിസും ഊരാളുങ്കലിന് സർക്കാർ തുറന്നു കൊടുത്തിരുന്നു. ഊരാളുങ്കല്‍ സഹകരണ സംഘമാണ് കരമന - കളിയിക്കാവിള റോഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ മരാമത്ത് ജോലികള്‍നിർവഹിച്ചത്. ഖജനാവില്‍ നിന്നും മരാമത്ത് ജോലികള്‍ക്കായി നീക്കി വയ്ക്കുന്ന തുകയില്‍ 70 ശതമാനവും പോകുന്നത് ഊരാളുങ്കലിന്റെ പോക്കറ്റിലേക്കാണ്. അതില്‍ നിന്ന് കിട്ടുന്ന കമ്മീഷൻ കൂട്ടിനോക്കിയാല്‍ സി പി എം പോക്കറ്റിലാക്കുന്ന പണത്തിന്റെ കണക്ക് മനസിലാക്കാം. ഏതായാലും ശിവശങ്കരനും രവീന്ദ്രനും ചേർന്ന് കേരളത്തെ സി പി.എം .പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയെന്ന് പറഞ്ഞാല്‍ മതി. ഇത്തരത്തിലുള്ള ഒരു പാർട്ടി സ്ഥാപനത്തെ സർക്കാർ സ്ഥാപനമാണെന്ന് വരുത്തി തീർക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങള്‍ കാണുമ്പോള്‍ ഇത്രയേ പറയാനുള്ളു: കേരളമാണ് എന്തും നടക്കും. അതാണ് വയനാട്ടിലും കണ്ടത്. ഏതായാലും പിണറായിയുടെ വഴിതന്നെ വി ഡി സതീശനും പിന്തുടർന്നതിലാണ് കേരളത്തിന്സങ്കടം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalivartha new