ഒരിടവേളക്ക് ശേഷം പുതിയ നീക്കം; മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ ഇടതുമുന്നണിയില്‍ നിന്നും പുറത്തേക്കോ ?
പാർട്ടിയുടെ പരാജയ കാരണം പിണറായിയെന്ന തരത്തില്‍ തന്നെയാണ് ഇത്തവണയും വിലയിരുത്തല്‍. പരാജയത്തിന് കാരണക്കാരനായ കാരണഭൂതക്കാർ ഉത്തരവാദിത്വമേറ്റെടുക്കണമെന്ന രീതിയില്‍ ചർച്ചകള്‍ വരുന്നു. മാധ്യമപ്രവർത്തകരടക്കം പിണറായി വിജയനെയാണ് കാരണഭൂതം എന്ന് പലപ്പോഴും പരാമർശിക്കാറുള്ളത്. അതിനാല്‍ സഖാക്കള്‍ പിണറായിക്കെതിരെ തന്നെയെന്ന വിലയിരുത്തലിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
സിപിഐഎമ്മിൻ്റെ കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ പിണറായി വിജയനെ ലക്ഷ്യം വെച്ച് രൂക്ഷവിമർശനം. വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്നാണ് വിമർശനം ഉയർന്നത്. കാസർകോട് നിന്ന് ചർച്ചയില്‍ പങ്കെടുത്ത വിപിപി മുസ്തഫയാണ് വിമർശനം ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമല്ലെന്നും 2021 നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോള്‍ പള്‍സ് മനസ്സിലാക്കി അടവ് രൂപപ്പെടുത്തുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും വിമർശനം ഉയർന്നു. യോഗത്തില്‍ അവതരിപ്പിച്ച രേഖയിലെ ഉള്ളടക്കം പാർടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും വിമർശനമുണ്ടായി.
വെള്ളാപ്പള്ളി നടേശനോട് സ്വീകരിച്ച സമീപനത്തില്‍ നേതൃത്വത്തിനെതിരെ പ്രതിനിധികള്‍ അതിരൂക്ഷ വിമർശനമാണ് നേരത്തെ ഉയർത്തിയത്. വെള്ളാപ്പള്ളിയെ ചുമന്നത് പാർട്ടിക്ക് നാണക്കേടായി എന്നും വിമർശനം ഉയർന്നു. സംസ്ഥാന നേതൃത്വത്തിന് രുതരമായ വീഴ്ചകള്‍ പറ്റി എന്നും കുറ്റപ്പെടുത്തലുണ്ടായി. എംഎല്‍എയെ എന്തിന് സെക്രട്ടറിയാക്കി എന്നായിരുന്നു തിരുവനന്തപുരത്ത് വി ജോയ്യെ ജില്ലാ സെക്രട്ടറിയാക്കി നിലനിർത്തിയതിനതിരെ പ്രതിനിധികള്‍ ഉയർത്തിയ ചോദ്യം. വി ജോയ്യുടെ പ്രവർത്തനത്തില്‍ പ്രതിനിധികള്‍ക്ക് അതൃപ്തി ഇല്ലെങ്കിലും എംഎല്‍എ ആയിരിക്കുന്നൊരാളെ സെക്രട്ടറി ആയി തുടരാൻ അനുവദിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് കടുത്ത വിമർശനം ഉയർന്നത്.
തൃശ്ശൂർ ജില്ലയില്‍ നിന്നുള്ള പ്രതിനിധിയാണ് വിമർശനം ഉയർത്തിയത്. എന്തു മാനദണ്ഡത്തിലാണ് വി ജോയ്യെ സെക്രട്ടറിയാക്കിയതെന്നും തിരുവനന്തപുരത്ത് പാർട്ടിയെ നയിക്കാൻ വേറെ ആരും ഇല്ലേ എന്നും ചോദ്യമുണ്ടായി. മറ്റെവിടെയും ജനപ്രതിനിധിയായി ഇരിക്കുന്ന ആരും ജില്ലാ സെക്രട്ടറി പദവിയില്‍ തുടരുന്നില്ല. അവിടെ മാത്രം എന്താണ് ഇളവെന്നും പ്രതിനിധികള്‍ ചോദിച്ചു.
തളിപ്പറമ്പിലേയും പയ്യന്നൂരിലേയും തോല്‍വി പാർട്ടി ഒരേ നിലയില്‍ തന്നെ കാണുമ്പോഴും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്ന രേഖയില്‍ തളിപ്പറമ്പിലെ തോല്‍വി ഇല്ല എന്നതും വിമർശനത്തിന് വഴിവെച്ചിരുന്നു. പയ്യന്നൂരിലെ തോല്‍വി മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്‍വിയില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് പാർട്ടി കണ്ടെത്തിയിരുന്നത്. സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും തയ്യാറാക്കിയ റിപ്പോർട്ടില്‍ അക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു.
സിപിഐഎം ബിജെപി ഡീല്‍ ആരോപണം പ്രതിരോധിക്കാനായില്ലെന്നും സാമുദായിക സംഘടനകളോടുള്ള സമീപനത്തിലും വ്യക്തതയുണ്ടായില്ലെന്നും വിമർശനമുയർന്നു. പറ്റിയ പിഴവുകള്‍ കൃത്യമായി പറഞ്ഞില്ലെന്നായിരുന്നു തിരുത്തല്‍ രേഖയ്ക്കെതിരെ അംഗങ്ങള്‍ ഉയർത്തിയ കടുത്ത വിമർശനം. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലിന്റെ ഗൗരവം പോലും തെറ്റ് തിരുത്തല്‍ രേഖയ്ക്ക് ഇല്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പറ്റിയ പിഴവുകള്‍ എണ്ണിയെണ്ണി കേന്ദ്ര കമ്മിറ്റി പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റി നിർദേശിച്ചതുപോലെയുള്ള സ്വയം വിമർശനം രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോർട്ട് ദുർബലം എന്നും പ്രതിനിധികള്‍ വിമർശനം ഉന്നയിച്ചു.

