Dailyhunt

ജില്ലയില്‍ യുഡിഎഫ് ഉജ്ജ്വലമുന്നേറ്റമുണ്ടാക്കും: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

Malayorashabdam 1 week ago
Apr 7, 2026 07:51 PM| By sukanya

ണ്ണൂര്‍: ജില്ലയില്‍ മികച്ച മുന്നേറ്റം യുഡിഎഫിനുണ്ടാകുമെന്നും കൂടുതല്‍ മണ്ഡലങ്ങള്‍ ഇത്തവണ തിരിച്ചു പിടിക്കുമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

യുഡിഎഫിനുണ്ടായ മുന്നേറ്റവും സ്വന്തം പാളയത്തിലെ കലാപവും ഇടതുനേതൃത്വത്തെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. പയ്യന്നൂരില്‍ സിപിഎം രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയതും പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന്റെ കണക്കുകള്‍ പൂഴ്ത്തിയതുമൊക്കെയായി സിപിഎം നേതാക്കള്‍ നടത്തിയ കോടികളുടെ അഴിമതികളാണ് പുറത്തു വന്നത്.

സിപിഎമ്മിന്റെ എല്ലാ ഉള്ളുകളികളും അറിയുന്നവര്‍ തന്നെയാണ് പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയതിനുശേഷം ഞെട്ടിക്കുന്ന ഈ അഴിമതിക്കഥകള്‍ ലോകത്തോടു വിളിച്ചു പറഞ്ഞത്. പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്‍ തെളിവുകള്‍ സഹിതം പുറത്തു കൊണ്ടു വന്ന ഫണ്ട് വെട്ടിപ്പില്‍ ഈ നിമിഷം വരെ കൃത്യമായ ഉത്തരമോ അണികള്‍ക്ക് വിശ്വാസയോഗ്യമായ തെളിവുകളോ മുന്നോട്ടു വെയ്ക്കാന്‍ സിപിഎം നേതൃത്വത്തിനു സാധിച്ചിട്ടില്ല. രക്തസാക്ഷിത്വം പോലും വിറ്റു കാശാക്കുന്ന ഒരു നേതൃത്വമാണ് സിപിഎമ്മിനുള്ളത്. സ്വന്തം മുഖം വികൃതമായതിന് കോണ്‍ഗ്രസിനു മേല്‍ തെളിവില്ലാത്ത ആരോപണങ്ങളുന്നയിച്ച്‌ പുകമറ സൃഷ്ടിക്കാമെന്ന് സിപിഎം നേതൃത്വം കരുതേണ്ട.

മന്ത്രിയായിട്ടു പോലും മണ്ഡലത്തില്‍ എടുത്തു പറയാനൊരു വികസനപദ്ധതിയുമില്ലാത്തതിന്റെ ജാള്യതയിലാണ് എല്‍ഡിഎഫ് നേതാക്കള്‍ കണ്ണൂര്‍ കോര്‍പറേഷനെതിരേ ദുരാരോപണമുന്നയിക്കുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. വികസനകാര്യത്തില്‍ രാഷ്ട്രീയം കളിക്കുന്നത് കണ്ണൂര്‍ കോര്‍പറേഷനല്ല, വികസനത്തിനുള്ള ഫണ്ടുകള്‍ തടഞ്ഞുവെച്ച്‌ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തരം തടസം സൃഷ്ടിച്ചത് പിണറായി സര്‍ക്കാരാണ്. ഇക്കാര്യം മനസിലാക്കി തന്നെയാണ് കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ വോട്ടര്‍മാര്‍ യുഡിഎഫിന് മഹാഭൂരിപക്ഷം നല്‍കിയതെന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും. സംസ്ഥാനത്ത് വൻ ഭൂരിപക്ഷത്തോടെ തുടർഭരണം വോട്ടർമാർ സമ്മാനിച്ച ഏക കോർപറേഷനാണ് കണ്ണൂരെന്ന കാര്യവും മറക്കേണ്ട.

പത്തു വര്‍ഷമായി സംസ്ഥാന ഭരണമില്ലെങ്കിലും ആ പരിമിതികള്‍ക്കിടയിലും മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ പേരാവൂരിലേയും ഇരിക്കൂരിലേയും ജനപ്രതിനിധികള്‍ക്കു സാധിച്ചിട്ടുണ്ട്.

കനത്ത തോല്‍വി മുന്നില്‍ കണ്ട് ജില്ലയില്‍ പോളിംഗ് ക്രമക്കേടുകള്‍ക്ക് എല്‍ഡിഎഫ് മുതിരുന്നതായി ഇതിനകം സൂചനകള്‍ പുറത്തു വന്നിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. വ്യാജമായി തിരിച്ചറിയല്‍ കാര്‍ഡുകളടക്കം തയ്യാറാക്കി കള്ളവോട്ടു ചെയ്യാനുള്ള നീക്കം സിപിഎം ശക്തികേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മണ്ഡല പരിധിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനത്തില്‍ അധികൃതര്‍ റെയ്ഡ് നടത്തിയ സംഭവമുണ്ടായി. മാധ്യമങ്ങളെ പോലും അടുപ്പിക്കാതെ രഹസ്യമായി റെയ്ഡ് നടത്തിയത് ദുരൂഹമാണ്. കടുത്ത സിപിഎം പക്ഷപാതികളായ ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന തസ്തികകളില്‍ നിയോഗിച്ചത് ഇത്തരം അട്ടിമറികളെ മൂടിവെക്കുന്നതിനാണെന്ന സംശയം ബലപ്പെടുകയാണ്. എല്‍ഡിഎഫ് നടത്തുന്ന പല ചട്ടലംഘനങ്ങള്‍ക്കും നേരെ ഉദ്യോഗസ്ഥർ കണ്ണടയ്ക്കുകയാണ്. സഹകരണ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ സ്ഥാനാർത്ഥികള്‍ക്കായി പ്രസിദ്ധീകരിച്ചതടക്കം എല്‍ഡിഎഫിൻ്റെ ഭാഗത്തു നിന്നുള്ള ചട്ടലംഘനങ്ങള്‍ അന്വേഷിക്കണം.

ജില്ലയില്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പു നടന്നാല്‍ ചരിത്രമുന്നേറ്റമായിരിക്കും യുഡിഎഫിനുണ്ടാവുകയെന്ന് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചരണപ്രവര്‍ത്തനങ്ങളില്‍ ആവേശപൂര്‍വം പങ്കാളികളായ മുഴുവന്‍ യുഡിഎഫ് പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു. സുഗമമായ പോളിംഗിന് കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ശക്തമായ സുരക്ഷാനടപടികള്‍ ഏര്‍പ്പെടുത്തണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

Martinjeorge

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam