തിരുവനന്തപുരം: ബസ്സിനുള്ളിലെ മദ്യപാനത്തിന് പിന്നാലെ പരിശോധന കർശനമാക്കാൻ കെഎസ്‌ആർടിസി.
ദീർഘ- ഹ്രസ്വ ദൂര ബസുകളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ സിഎംഡിയുടെ നിർദേശം.
തലശേരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസില്‍ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനത്തിന് പിന്നാലെയാണ് കെഎസ്‌ആർടിസിയുടെ ഇടപെടല്‍.
തലശ്ശേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്‌ആർടിസി ബസ്സിനുള്ളിലിരുന്ന് പരസ്യമായി മദ്യപിച്ചതില്‍, കഴിഞ്ഞ ദിവസം മൂന്ന് പേരെ പന്തളം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബസ്സുകള്‍ക്കുള്ളില്‍ പരിശോധന കർശനമാക്കാൻ കെഎസ്‌ആർടിസി ഒരുങ്ങുന്നത്.
എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്താനാണ് കെഎസ്‌ആർടിസി സിഎംഡിയുടെ നിർദ്ദേശം. നേരത്തെ സമാനമായ പരിശോധന ദീർഘദൂര ബസ്സുകളില്‍ നടന്നുവന്നിരുന്നുവെങ്കിലും അവ ഹ്രസ്വദൂര ബസ്സുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് നിർദ്ദേശം.
നേരത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് പദവി വഹിച്ചിരുന്നത് കെ എസ് ആർ ടി സി ക്കുള്ളിലെ ജീവനക്കാരാണ്. എന്നാല്‍ നിലവില്‍ ആ പദവിയില്‍ ഉള്ളത് ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാണ്. ഇതോടെ പരിശോധന കൂടുതല്‍ കാര്യക്ഷമമാകും എന്ന് പ്രതീക്ഷയിലാണ് കെഎസ്‌ആർടിസി അധികൃതർ.
Content Highlight: KSRTC Bus Drinking Alcohol Inspection CMD Direction Long Distance Short Distance Buses Thalassery Thiruvananthapuram Pandalam Police
#KSRTC bus drinking inspection#KSRTC CMD inspection order#Thalassery

