Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മയോണൈസിന് വീണ്ടും കര്‍ശന നിരീക്ഷണം; രണ്ട് മണിക്കൂറിനുളളില്‍ ഉപയോഗിക്കണം.അല്ലെങ്കില്‍  അപകടം

മയോണൈസിന് വീണ്ടും കര്‍ശന നിരീക്ഷണം; രണ്ട് മണിക്കൂറിനുളളില്‍ ഉപയോഗിക്കണം.അല്ലെങ്കില്‍ അപകടം

Malayorashabdam 2 weeks ago
Jul 3, 2026 07:03 AM| By sukanya

കോഴിക്കോട് : മയോണൈസ് രണ്ട് മണിക്കൂറിനുളളില്‍ ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ അപകടകരമാണെന്നും ആരോഗ്യ വകുപ്പ്.ഇതിന്റെ ഭാഗമായി.

മയോണൈസ് ഉപയോഗവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് വീണ്ടും കർശന പരിശോധന തുടങ്ങി. തയ്യാറാക്കിയ മയോണൈസ് രണ്ട് മണിക്കൂറിനുള്ളില്‍ മാത്രം ഉപയോഗിക്കണമെന്നതാണ് നിലവിലെ നിർദേശം. ഈ സമയപരിധി കഴിഞ്ഞ് മയോണൈസ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടകരം മാത്രമല്ല, നിയമലംഘനവുമാണെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ ബി.ബി. മാത്യു വ്യക്തമാക്കി.

പാർസലായി നല്‍കുന്ന ഭക്ഷണങ്ങളിലും ഇതേ മാനദണ്ഡം ബാധകമാണ്. മയോണൈസ് എത്ര സമയത്തിനകം ഉപയോഗിക്കണമെന്ന് വ്യക്തമാക്കുന്ന ലേബല്‍ പാർസലുകളില്‍ പതിപ്പിച്ചിട്ടുണ്ടോയെന്ന് ഇനി പ്രത്യേകമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മഴക്കാലം മുന്നില്‍ക്കണ്ട് 'ഓപ്പറേഷൻ മണ്‍സൂണ്‍' എന്ന പ്രത്യേക പരിശോധനയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നഗരത്തില്‍ നടത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഷവർമ കടകള്‍, തട്ടുകടകള്‍, ജ്യൂസ് പാർലറുകള്‍, മത്സ്യമാർക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഏഴ് സ്ക്വാഡുകളായി നടത്തിയ പരിശോധനയില്‍ 830 സ്ഥാപനങ്ങള്‍ പരിശോധിച്ചു.

മയോണൈസിന്റെ നിർമാണം, വിതരണം, വില്‍പ്പന എന്നിവ തമിഴ്നാടും തെലങ്കാനയും നിരോധിച്ചിരിക്കുകയാണ്. കേരളത്തിലും ഭക്ഷ്യവിഷബാധ സംഭവങ്ങളെ തുടർന്ന് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് കർശന നിബന്ധനകളോടെ ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അസംസ്കൃത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിർമ്മാണത്തിന് വിലക്ക് ഇപ്പോഴും തുടരുകയാണ്.

ശരിയായ രീതിയില്‍ പാസ്ചറൈസ് ചെയ്യാത്ത മയോണൈസില്‍ സാല്‍മൊണെല്ല ബാക്ടീരിയ വളരാൻ സാധ്യതയുണ്ടെന്നും, ഇത് കഴിക്കുന്നവരില്‍ ഗുരുതരമായ കുടല്‍സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു.

അടുത്തിടെ മാങ്കാവ് മേഖലയിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ മന്തി കഴിച്ച രണ്ട് സഹോദരങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവവും വകുപ്പിന്റെ പരിശോധന ശക്തമാക്കാൻ കാരണമായി. ഗുരുതരാവസ്ഥയിലായ 15-കാരന് സാല്‍മൊണെല്ല ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് ആഴ്ചയോളം ചികിത്സയില്‍ കഴിയേണ്ടിവന്നു.

ഭക്ഷണശാലകളില്‍ പച്ചമുട്ട ഉപയോഗിച്ച്‌ മയോണൈസ് തയ്യാറാക്കുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണെന്ന് ബേപ്പൂർ ഫുഡ് സേഫ്റ്റി ഓഫീസർ എം.എൻ. ഷംസിയ പറഞ്ഞു. പകരം പാല്‍, പുഴുങ്ങിയ മുട്ട, ഉരുളക്കിഴങ്ങ്, കടല തുടങ്ങിയവ ഉപയോഗിച്ചുള്ള മയോണൈസാണ് നിർമിക്കേണ്ടതെന്നും, ഈ നിർദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധനയില്‍ പ്രത്യേകം വിലയിരുത്തുമെന്നും അവർ വ്യക്തമാക്കി.

Content Highlight: Kozhikode

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam