തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് സഹായ പദ്ധതി തീരുമാനിച്ച് മന്ത്രിസഭാ യോഗം.
കടകളില്‍ വെള്ളം കയറിയവർക്കും നഷ്ടപരിഹാരം നല്‍കും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയും വർദ്ധിപ്പിച്ചു. വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപിക്കും.
നേരത്തെ വീടുകളില്‍ വെള്ളം കയറിയവർക്ക് മാത്രമായിരുന്നു സഹായം നല്‍കിയിരുന്നത്. ഇപ്പോള്‍ കടകള്‍ക്കും ആനുകൂല്യം ബാധകമാക്കിയതോടെ വ്യാപാര മേഖലയ്ക്ക് ആശ്വാസമാകും.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി എ.പി അനില്‍കുമാർ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊർജ്ജിതമായി തുടരുന്നുവെന്നും മന്ത്രി പറഞ്ഞു.
കനത്ത വെള്ളക്കെട്ടില്‍ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകള്‍ ഇപ്പോഴും വലയുകയാണ്. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. ക്യാംപുകളില്‍ പോലും വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി.
ആറന്മുളയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറി നില്‍ക്കുന്നതും ആശ്വാസകരമാണ്. എന്നാല്‍ ഉള്‍പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. റാന്നിയില്‍ വെള്ളം കയറിയ വീടുകളിലും കടകളിലും ഇന്ന് ശുചീകരണം ആരംഭിക്കും.
Content Highlight: Kerala Cabinet Approves Aid for Traders Affected by Floods, Increases Crop Loss Compensation
#Kerala Floods#Compensation#Traders Relief

