തിരുവനന്തപുരം : ചേന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.
സതീശനെതിരെ പ്രതിഷേധം കനക്കുന്നു.
ചേന്തി ശ്രീനാരായണ ഗുരു സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. മുഖ്യമന്ത്രി എന്ന തരത്തില്‍ വി.ഡി. സതീശൻ വരുമെന്ന് പറഞ്ഞതുകൊണ്ട് തന്നെ വിപുലമായ സജ്ജീകരണങ്ങളാണ് സംഘാടകർ ഒരുക്കിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പരിപാടിക്കായി കാത്തിരുന്നു. അവസാന നിമിഷം വരാതിരുന്നതില്‍ പ്രദേശവാസികളും അമർഷത്തിലാണ്.
ചേന്തിയിലെ പരിപാടിയില്‍ എത്താതെ ചെമ്പഴന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് തന്നെ വി.ഡി. സതീശന്റെ വാഹനം തടഞ്ഞിരുന്നു. സംഘാടകൻ കൂടിയായ ഡിസിസി അംഗം ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം തടഞ്ഞത്.
'മുഖ്യമന്ത്രിയെ സ്വീകരിക്കാൻ പരവതാനി വരെ വിരിച്ചു, വരുമെന്ന് തന്നെയാണ് അവസാനം വരെയും കരുതിയിരുന്നത്. പോലീസിടക്കം വന്ന് പ്രോട്ടോക്കോളിനെ കുറിച്ച് പറഞ്ഞിരുന്നു. അതിനനുസരിച്ചാണ് സ്റ്റേജടക്കം സജ്ജീകരണങ്ങളെല്ലാം നടത്തിയത്. എന്തുകൊണ്ടാണ് അദ്ദേഹം വരാതിരുന്നതെന്ന് അറിയില്ല. 5.30 ഓടെയാണ് പോലീസ് വന്ന് ചേന്തി ലിസ്റ്റിലില്ല എന്ന് പറയുന്നത്,' സംഘാടകൻ ചേന്തി അനില്‍ പറയുന്നു.
ചതയദിനം ഏറ്റവും വിപുലമായി ആഘോഷിക്കുന്ന പ്രദേശമാണ് ചേന്തി. മുൻകാലങ്ങളിലെല്ലാം മുഖ്യമന്ത്രിമാർ ഇവിടെ വന്നിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'മൂന്നുമാസത്തിലേറെയായി ഈ പരിപാടിക്കായി വർക്ക് ചെയ്തതാണ്. മുഖ്യമന്ത്രി വരാത്തതില്‍ വലിയ വിഷമമുണ്ട്. നമ്മളുടെ കൂടി വോട്ട് കിട്ടിയിട്ടാണല്ലോ ജയിച്ചത്. അതുപോലും ചിന്തിച്ചില്ല. ഇതില്‍ രാഷ്ട്രീയം കലർത്തിയത് വളരെ മോശമായിപ്പോയി,' എന്നാണ് പ്രദേശവാസികളുടെ പ്രതികരണം.
Content Highlight: VD Satheesan Protest Chenthil Sree Narayana Guru Jayanthi Event Absence
#VD Satheesan#Chenthil#Sree Narayana Guru Jayanthi#Congress Protest

