Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തലശ്ശേരി-ബംഗളൂരു സ്വിഫ്റ്റ് സര്‍വീസ് കേളകം-കൊട്ടിയൂര്‍ വഴിയാക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം

തലശ്ശേരി-ബംഗളൂരു സ്വിഫ്റ്റ് സര്‍വീസ് കേളകം-കൊട്ടിയൂര്‍ വഴിയാക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം

Malayorashabdam 2 weeks ago
2026-10-05T17:01:00| By admin malayorashabdam

കേളകം:തലശ്ശേരിയില്‍ നിന്ന് പേരാവൂർ വഴി ആരംഭിച്ച തലശ്ശേരി-ബംഗളൂരു കെ.എസ്.ആർ.ടി.സി.

സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് സർവീസ് കേളകം-കൊട്ടിയൂർ വഴി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി വിപിൻ ജോസഫ് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. രാത്രി 9.00-ന് തലശ്ശേരിയില്‍ നിന്ന് പുറപ്പെട്ട് പുലർച്ചെ 4.30-ന് ബംഗളൂരുവില്‍ എത്തുന്നതും തിരികെ രാത്രി 9.45-ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നതുമായ സ്വിഫ്റ്റ് സർവീസ് മലയോര നിവാസികള്‍ക്ക് നിലവില്‍ ഏറെ ആശ്വാസകരമാണ്. എന്നാല്‍, സർവീസിന്റെ റൂട്ടില്‍ ചെറിയൊരു ക്രമീകരണം വരുത്തി കേളകം-കൊട്ടിയൂർ വഴി കടന്നുപോകാൻ തക്കവിധം മാറ്റിയാല്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഇത് കൂടുതല്‍ പ്രയോജനപ്പെടുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരകേരളത്തിലെ പ്രശസ്‌തമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനും ക്ഷേത്രദർശനത്തിനുമായി എത്തുന്ന ആയിരക്കണക്കിന് തീർഥാടകർക്കും മലയോര നിവാസികള്‍ക്കും നേരിട്ടുള്ള യാത്രാസൗകര്യം ലഭ്യമാക്കാൻ സർവീസ് കൊട്ടിയൂർ വഴിയാക്കുന്നത് സഹായിക്കും. ബംഗളൂരുവില്‍ പഠിക്കുന്ന മലയോര മേഖലയിലെ നൂറുകണക്കിന് വിദ്യാർഥികള്‍ക്കും വിവരസാങ്കേതിക-വ്യവസായ മേഖലകളില്‍ ജോലി ചെയ്യുന്നവർക്കും രാത്രികാലങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ പോയി ബസ് കയറേണ്ട സാഹചര്യം ഒഴിവാക്കാനും ഈ ക്രമീകരണം ഉപകരിക്കും.

നിലവിലെ സർവീസ് റൂട്ടില്‍ വലിയ സമയനഷ്ടമില്ലാതെ തന്നെ കേളകം കടന്ന് കൊട്ടിയൂർ വഴി പേരാവൂരിലെത്തി ബംഗളൂരുവിലേക്ക് സർവീസ് നടത്താൻ സാധിക്കുമെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു. ജനസാന്ദ്രതയേറിയ ഈ മലയോര പാത കൂട്ടിച്ചേർക്കുന്നതിലൂടെ കൂടുതല്‍ യാത്രക്കാരെ ലഭിക്കുകയും സർവീസിന്റെ കളക്ഷൻ വർധിച്ച്‌ കെ.എസ്.ആർ.ടി.സിക്ക് കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കുകയും ചെയ്യും. കൊട്ടിയൂരിന്റെ തീർഥാടന പ്രാധാന്യവും മലയോര മേഖലയിലെ ജനങ്ങളുടെയും വിദ്യാർഥികളുടെയും യാത്രാദുരിതവും കണക്കിലെടുത്ത്, തലശ്ശേരി-ബംഗളൂരു സ്വിഫ്റ്റ് സർവീസ് കേളകം-കൊട്ടിയൂർ-പേരാവൂർ വഴി പുനഃക്രമീകരിച്ച്‌ ഉത്തരവിറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Reroute Thalassery-Bengaluru KSRTC SWIFT via Kelakam-Kottiyoor: Memorandum to Transport Minister

#KSRTC SWIFT#Kelakam News#Kottiyoor Pilgrimage#Kannur KSRTC

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayorashabdam