പെരിങ്ങത്തൂർ: പെരിങ്ങത്തൂരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അധ്യാപകൻ ചൊക്ലി പോലീസിന്റെ പിടിയിലായി.
മലപ്പുറം മുതുവല്ലൂർ സ്വദേശിയായ മുഹമ്മദ് ബഷീറാണ് കേസില്‍ അറസ്റ്റിലായത്. ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 13 വയസ്സുകാരനാണ് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായത്.
വിദ്യാർത്ഥിക്ക് 11 വയസ്സ് മുതല്‍ 13 വയസ്സ് വരെയുള്ള രണ്ടു വർഷത്തെ കാലയളവില്‍ പ്രതി തുടർച്ചയായി പീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. നടക്കുന്ന വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി കുട്ടിയെ ഭയപ്പെടുത്തി നിർത്തിയത്.
പിന്നീട് കുട്ടി നേരിട്ട അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയും കുടുംബവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊക്ലി പോലീസ് പോക്സോ (POCSO) വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു.
എസ്.ഐ രാകേഷ്, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ രജില്‍, സബീഷ് എന്നിവരും തിരൂർ പോലീസ് സംഘവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തലശ്ശേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് കണ്ണൂർ സെൻട്രല്‍ ജയിലില്‍ റിമാൻഡ് ചെയ്തു
Content Highlight: Teacher Arrested In POCSO Case For Abuse Of Student In Peringathur
#Peringathur POCSO Case#Chokli Police Station#Malappuram News#Kannur News

