Thursday, 01 Jun, 10.26 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
100 വര്‍ഷം മുമ്ബ് പഞ്ചമിയെ എതിരേറ്റത് വടിവാളും തീപ്പന്തങ്ങളും; അതേ സ്‌കൂളില്‍ പഞ്ചമിയുടെ പിന്‍തലമുറക്കാരിയെ എതിരേറ്റത് മുഖ്യമന്ത്രിയും വാദ്യഘോഷങ്ങളും; ഊരൂട്ടമ്ബലം ഗവണ്‍മെന്റ് സ്‌കൂളില്‍ പൂര്‍ത്തിയായത് ചരിത്രത്തിന്റെ കാവ്യനീതി

മറുനാടൻ മലയാളി ബ്യൂറോ

കാട്ടാക്കട : അറിവ് അഗ്നിയാണെന്ന് തലമുറകളെ ഓർമിപ്പിക്കുകയാണ് പഞ്ചമിയെന്ന ദളിത് പെൺകുട്ടി ഇന്ന്. അധഃസ്ഥിത ജനവിഭാഗത്തിന് അക്ഷരം നിഷേധിച്ച ജന്മിത്തത്തിന്റെകാലത്ത് അയ്യൻകാളിയുടെ നേതൃത്വത്തിലാണ് കണ്ടല ലഹളയിലൂടെ ജന്മിത്തത്തിനെതിരെ പ്രതികരിച്ചത്. കുടിപ്പള്ളിക്കൂടമായിരുന്ന ഇന്നത്തെ ഊരൂട്ടമ്പലം ഗവ. യുപിഎസിലായിരുന്നു. ഈ സ്‌കൂളിലായിരുന്നു ഇന്നത്തെ സംസ്ഥാന തല സ്‌കൂൾ പ്രവേശനോൽസവം. നൂറു കൊല്ലം മുമ്പ് പഞ്ചമിയെ സ്‌കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യൻകാളി സ്‌കൂളിൽ എത്തി. തുടർന്ന് പഞ്ചമിയെ സ്‌കൂളിൽ കയറ്റി ഇരുത്തുകയായിരുന്നു. ഇതിൽ കുപിതരായ ജന്മിമാർ പള്ളിക്കൂടത്തിന് തീയിട്ടു. അതോടെ അയ്യൻകാളിയുടെ നേതൃത്വത്തിൽ ദളിതർ ലഹള ആരംഭിച്ചു. ഇതോടെയാണ് തിരുവിതാംകൂറിൽ ദളിതർക്ക് പഠനാവകാശം ലഭിച്ചത്.

ഈ ചരിത്രം ഓർമിപ്പിക്കുന്നതാണ് ഇത്തവണത്തെ സ്‌കൂൾ പ്രവേശനോൽസവം. തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് നൽകി 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടി. ഈ പേരിടൽ പുതിയ തലമുറയുടെ ഒരു പ്രായശ്ചിത്തം കൂടിയാവുകയാണ്. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്. ഇത് ഓർത്തെടുത്ത കാട്ടാക്കട എംഎൽഎ ഐബി സതീശാണ് സ്‌കൂളിന്റെ പ്രസക്തി വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചത്. ഇതോടെ സർക്കാരും അത് ഉൾക്കൊണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ആതിരയെ വരവേൽക്കാനും എത്തി.

അങ്ങനെ ഒരുനൂറ്റാണ്ട് മുമ്പ് പഞ്ചമി എന്ന അവർണബാലിക അക്ഷരവെളിച്ചംതേടി സ്‌കൂളിലെത്തിയപ്പോൾ എതിരേറ്റത് വടിവാളുകളും തീപ്പന്തങ്ങളുമായിരുന്നുവെങ്കിൽ അതേസ്ഥലത്ത് പഞ്ചമിയുടെ പിൻതലമുറക്കാരി ആതിരയെ വ്യാഴാഴ്ച വാദ്യഘോഷവും പൂത്താലവുമായി മന്ത്രിയും പരിവാരങ്ങളും എതിരേറ്റു. ചരിത്രത്തിന്റെ കാവ്യനീതിയായി ഇത് മാറി. പഞ്ചമിയുടെ പിൻതലമുറക്കാരി ഈരൂട്ടമ്പലം ആലംപൊറ്റപുത്തൻ വീട്ടിൽ ദീപ്തിയുടെ മകൾ ആതിര ശ്രീജിത്ത് ഇന്ന് ആദ്യക്ഷരം കുറിക്കാനെത്തിയത് ഊരൂട്ടമ്പലം സ്‌കൂളിലാണ്. ദീപ്തിയുടെ പിതാവ് ജോൺസന്റെ മുത്തശ്ശിയാണ് പഞ്ചമി. 1882ൽ വെള്ളൂർകോണത്ത് പരമേശ്വരപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കുടിപള്ളിക്കൂടമാണ് ഇന്നത്തെ ഊരൂട്ടമ്പലം യു.പി സ്‌കൂൾ. 1910ലാണ് സർക്കാർ ഏറ്റെടുത്തത്. സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ സമരമെന്ന് രേഖപ്പെടുത്തിയ കണ്ടല ലഹളയുടെ ഭാഗമായി നടന്ന സ്‌കൂൾ പ്രവേശനത്തോടുബന്ധിച്ചാണ് സ്‌കൂൾ ചരിത്രത്തിലിടം തേടുന്നത്. പുത്തനുടുപ്പും ബാഗുമായി ഹരിശ്രീ കുറിക്കാനൊരുങ്ങുന്ന ആതിര മുതുമുത്തശ്ശിയുടെ അനുഗ്രഹംതേടി മാതാവ് ദീപ്തിക്കൊപ്പം ബുധനാഴ്ച വെള്ളൂർകോണത്തെത്തി. പഞ്ചമിയുടെ വെള്ളൂർകോണത്തെ വീടും പഞ്ചമിയെ അടക്കംചെയ്ത സ്ഥലവുമെല്ലാം ദീപ്തി ആതിരക്ക് കാണിച്ചുകൊടുത്തു.

1907ൽ കുടിപള്ളിക്കൂടമായിട്ടായിരുന്നു ഊരൂട്ടമ്പലം യു.പി സ്‌കൂളിന്റെ തുടക്കം. 1907ലും തുടർന്ന് 1910 ലും തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ അധസ്ഥിത വിഭാഗങ്ങൾക്ക് വിദ്യാലയ പ്രവേശനത്തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഉത്തരവുണ്ടായിരുന്നെങ്കിലും ഉയർന്ന ജാതിക്കാരെന്ന് മേനി നടിക്കുന്നവരുടെ എതിർപ്പു മൂലം പിന്നോക്ക വിഭാഗത്തിലെ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് 1910 ൽ പൂജാരി അയ്യർ എന്ന പിന്നോക്കാരന്റെ മകൾ പഞ്ചമിയെ സ്‌കൂളിൽ ചേർക്കാൻ അയ്യങ്കാളി എത്തുന്നത്. ഊരൂട്ടമ്പലത്തെ ജന്മിയായ കൊച്ചപ്പിപിള്ളയുടെ നേതൃത്വത്തിൽ അയ്യൻകാളിയേയും കൂട്ടരേയും വളഞ്ഞിട്ട് ആക്രമിച്ചു. കലിയടങ്ങാത്ത അവർ സ്‌കൂളിന് തീയിട്ട ശേഷം കുറ്റം അയ്യങ്കാളിയുടെ ചുമലിൽ ചാർത്തി.പിന്നീടങ്ങോട്ട് കലാപമായി. ഊരൂട്ടമ്പലം, മാറനല്ലൂർ എന്നിവിടങ്ങൾക്കു പുറമേ അടുത്ത ഗ്രാമങ്ങളിലേക്കും കലാപം പടർന്നു. കർഷക തൊഴിലാളികൾ പാർത്തിരുന്ന കണ്ടല,മുണ്ടെൻ ചിറ, ഇറയംകോട്,ആനമല, കൊശവല്ലൂർ, കരിങ്ങൽ, അരുവിക്കര തുടങ്ങിയ പ്രദേശങ്ങളും ലഹളക്കിരയായി. ഒരാഴ്ചയോളം അക്രമ സംഭവങ്ങൾ തുടർന്നു. കുടിലുകൾ തീയിട്ടു നശിപ്പിച്ചു. സ്ത്രീകളെ മാനഭംഗം ചെയ്തു.

അവർണ വിഭാഗത്തിന്റെ വിദ്യാഭ്യാസ അവകാശത്തിന് ഉണ്ടാക്കിയ ഉറപ്പുകൾ പാലിക്കപ്പെടാതായതോടെയാണ് അയ്യങ്കാളിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമായത്. സമരം ചർച്ചചെയ്ത് പരിഹരിക്കാൻ സർക്കാർ നിയോഗിച്ച മജിസ്‌ട്രേറ്റ് നാഗപ്പൻപിള്ളയുടെ നാടായ കണ്ടലയിൽ നിന്നുതന്നെ സമരം ആരംഭിക്കാൻ തീരുമാനിച്ചു. കണ്ടല പകുതിയിലെ സർക്കാർ സ്‌കൂളായ ഊരൂട്ടമ്പലം സ്‌കൂളിൽ അവർണർക്ക് പ്രവേശനം നൽകിയിരുന്നില്ല. പിന്നാക്കജാതിക്കാരനായ പൂജാരി അയ്യന്റെ മകൾ പഞ്ചമിയേയും കൂട്ടി അയ്യങ്കാളിയും കൂട്ടരും സ്‌കൂളിലെത്തി. വിവരമറിഞ്ഞ് സവർണജന്മി കൊച്ചപ്പിപിള്ളയുടെ നേതൃത്വത്തിൽ വൻസംഘം സ്‌കൂൾ പരിസരത്ത് തടിച്ചുകൂടി. ഇതോടെ സ്‌കൂൾ അധികൃതർ പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചു. അയ്യങ്കാളി പഞ്ചമിയെ ബലമായി ക്ലാസിൽ കയറ്റി ഇരുത്തി. തുടർന്ന് സവർണരായ വിദ്യാർത്ഥികളും അദ്ധ്യാപകരും കൂട്ടമണിയടിച്ച് സ്‌കൂളിൽനിന്ന് ഇറങ്ങി ഓടി. പുറത്തുനിന്ന സവർണർ സ്‌കൂളിലേക്ക് ഇടിച്ചുകയറി. പിന്നെ യുദ്ധസമാനരംഗങ്ങളായിരുന്നു. സ്‌കൂളും പുറംജാതിക്കാരുടെ നിരവധി കുടിലുകളും തീയിട്ട് നശിപ്പിച്ചു. പഞ്ചമി ഇരുന്ന ബെഞ്ചാണ് സ്‌കൂളിൽ ബാക്കിയായത്. കത്തിയ ബെഞ്ചിന്റെ ഭാഗം ചരിത്രസ്മാരകമായി മുഖ്യമന്ത്രി
ഇന്ന് പ്രഖ്യാപിച്ചു.

കണ്ടല കലാപത്തിനിടെ ജീവൻ രക്ഷിക്കാൻ പുരുഷന്മാർക്ക് കുറ്റിക്കാടുകളിലും പാറമടകളിലും ഒളിക്കേണ്ടി വന്നിരുന്നു. ഈ ലഹളയുടെ അലയൊലികൾ പെരുംപഴുതൂർ ,മാരയമുട്ടം , പള്ളിച്ചൽ, മുടവൂർ പാറ, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി. ഊരൂട്ടമ്പലം സ്‌കൂളിനു പുറമേ വെങ്ങാനൂർ ചാവടി സ്‌കൂളിലും അയ്യങ്കാളി പുലയ സമുദായംഗങ്ങളുടെ പ്രവേശനത്തിനായി ചെന്നു. അവിടെയും മർദനവും പീഡനവുമായിരുന്നു മറുപടി. അക്രമങ്ങൾക്ക് അറുതിയില്ലാതായപ്പോൾ അയ്യങ്കാളി സമരത്തിന്റെ രീതി മാറ്റി. പിന്നോക്കക്കാരുടെ സ്‌കൂൾപ്രവേശനം ആവശ്യപ്പെട്ട് തിരുവിതാംകൂറിൽ കർഷക തൊഴിലാളികൾ പണിമുടക്കി. 1913ലായിരുന്നു ആ പണിമുടക്ക്. അതുകൊള്ളേണ്ടിടത്തുകൊണ്ടു. ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ആയിരുന്ന കണ്ടല സി .കെ നാഗർപിള്ള മധ്യസ്ഥനായെത്തി ഇരുകൂട്ടരോടും സംസാരിച്ചു. സമരക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് തീർപ്പാക്കി.

സ്‌കൂൾ പ്രവേശനത്തിന് പുറമേ ജോലി സ്ഥിരത, കൂലി കൂടുതൽ തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു.അങ്ങനെ 1914ൽ വീണ്ടും വിദ്യാലയ പ്രവേശന ഉത്തരവ് പുറപ്പെടുവിച്ചു. ജന്മിമാർ തീയിട്ടു നശിപ്പിച്ച ഊരൂട്ടമ്പലം കുടിപള്ളിക്കൂടം പിന്നെ രാജാവ് പുനർനിർമ്മിച്ചു. എല്ലാവർക്കും പ്രവേശനവും നൽകി. അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാറിയ കുടിപള്ളിക്കൂടം കാലക്രമേണ എൽ.പി സ്‌കൂളായും പിന്നീട് യു.പിയായും മാറി. വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഭാഗമായി മാറിയ പഞ്ചമിക്കായി സ്‌കൂളിൽ ഒരു സ്മാരം വേണമെന്ന് പിന്നീട് ആവശ്യമുയർന്നു. അങ്ങനെയാണ് മാറനല്ലൂർ പഞ്ചായത്ത് സ്‌കൂളിൽ നിർമ്മിക്കുന്ന സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് പഞ്ചമിയുടെ പേര് നൽകിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top