Saturday, 25 Sep, 4.57 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
2024ലേയ്ക്കുള്ള ലാസ്റ്റ് ബസ്! ഗുജറാത്ത് പിടിക്കാന്‍ കച്ചമുറുക്കി കോണ്‍ഗ്രസ്; ബിജെപിയിലെ തമ്മിലടി സുവര്‍ണാവസരമാക്കും; മോദിയുടെ തട്ടകം പരീക്ഷണശാല ആക്കാന്‍ രാഹുല്‍; 'കൈ' പിടിച്ച്‌ ഉയര്‍ത്താന്‍ ഹര്‍ദിക് പട്ടേല്‍- ജിഗ്നേഷ് മേവാനി കോംബോയ്ക്ക് ആകുമോ?

ഗാന്ധിനഗര്‍: മോദിയുടെ തട്ടകം പിടിച്ചെടുത്ത് 2024 ലേയ്ക്കുള്ള ലാസ്റ്റ് ബസ് പിടിക്കാനുള്ള ഓട്ടത്തിലാണ് കോണ്‍ഗ്രസ്. അതിന് വേണ്ടി തന്ത്രമൊരുക്കുന്നത് 2014 ല്‍ മോദിയെ അധികാരത്തിലേറ്റിയ പ്രശാന്ത് കിഷോറാണ്. 2024 ല്‍ നടക്കാന്‍പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും സാധ്യതകള്‍ കല്‍പ്പിക്കപ്പെടണമെങ്കില്‍ അതിന് മുമ്ബുള്ള തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് അവരെ അടിയറവ് പറയിപ്പിക്കണമെന്ന് പ്രശാന്ത് കിഷോറിനറിയാം. ഗുജറാത്തും ഉത്തര്‍പ്രദേശുമാണ് അടുത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിജെപി ഭരിക്കുന്ന പ്രധാന സംസ്ഥാനങ്ങള്‍. എന്നാല്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന് ഉടനെയൊന്നും സ്വപ്നം കാണാന്‍ പോലും കഴിയില്ല. ആ സാഹചര്യത്തിലാണ് ഗുജറാത്ത് പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം.

സച്ചിന്‍ പൈലറ്റിനെയാണ് രാഹുല്‍ ഗാന്ധി ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. സച്ചിനോട് രാഹുല്‍ ഗുജറാത്തിലേക്ക് പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്തരിച്ച എഐസിസി ജന. സെക്രട്ടറി രാജീവ് സതവിന് പകരക്കാരനായിട്ടാണ് ഇത്. എന്നാല്‍ ഇത് സ്ഥിരം പദവിയായിരിക്കില്ല. പകരം നേതാക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകമായി സച്ചിന്‍ പ്രവര്‍ത്തിക്കാനാണ് സാധ്യത. ഗുജറാത്തില്‍ ഒബിസി-താക്കൂര്‍-മുസ്ലിം-ബ്രാഹ്മണ കോമ്ബിനേഷനില്‍ തന്നെയാണ് രാഹുല്‍ പ്രവര്‍ത്തിക്കുക. കഴിഞ്ഞ തവണ ഇത് വന്‍ വിജയമായിരുന്നു. ഇത്തവണ ബിജെപിയെ തോല്‍പ്പിക്കാന്‍ പാട്ടീദാര്‍ വോട്ടുകളെ കൂടി രാഹുല്‍ കൂടെ കൂട്ടും. നിലവില്‍ ബിജെപിയേക്കാള്‍ വലിയ വെല്ലുവിളിയായി ആംആദ്മി പാര്‍ട്ടിയാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.

എഎപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 14 ശതമാനത്തോളം വോട്ട് നേടിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമൊന്നും ലഭിക്കുകയും ചെയ്തിരുന്നില്ല. ഇതാണ് പ്രധാന ആശങ്ക. കോണ്‍ഗ്രസിലെ തമ്മിലടിയായിരുന്നു തോല്‍വിക്ക് പ്രധാന കാരണം. അതുകൊണ്ട് ഗുജറാത്തില്‍ രാഹുല്‍ എല്ലാവരോടും ഒന്നിച്ച്‌ നില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരുടെ നേതൃത്വത്തിലാണോ ബിജെപിയെ പരാജയപ്പെടുത്തുന്നത് അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നാണ് ഉറപ്പ്. നേതാക്കളോട് ഹര്‍ദിക് പട്ടേലിനെ അധ്യക്ഷനായി കണ്ട് അംഗീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭഗത്സിങ് ദിനത്തില്‍ ജിഗ്‌നേഷ് മേവാനി കൂടെ കോണ്‍ഗ്രസ് പാളയത്തിലേയ്ക്ക് എത്തുന്നതോടെ രംഗം ഒന്നുകൂടെ കൊഴുക്കും. ദളിതരെയും യുവാക്കളെയും സ്വതന്ത്രചിന്താഗതിയുള്ളവരെയും പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ മേവാനിക്ക് കഴിയുമെന്നാണ് രാഹുല്‍ കണക്കുകൂട്ടുന്നത്. നിലവിലെ സര്‍ക്കാരിനെതിരെ യുവവോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. രാഹുലിന്റെ ടീം ലക്ഷ്യമിടുന്നത് ഇവരെയാണ്. അതിന് വേണ്ടിയാണ് ഹര്‍ദിക് പട്ടേലിനെ മുന്നില്‍ നിര്‍ത്തിയത്. ജിഗ്നേഷ് മേവാനി കൂടി വന്നാല്‍, കൂടുതല്‍പേരെ ആകര്‍ഷിക്കാന്‍ സാധിക്കും.

കഴിഞ്ഞ തവണ തോല്‍ക്കുമെന്ന ഘട്ടം വന്നപ്പോള്‍ മോദിയുടെ പ്രചാരണം ഒന്ന് കൂടി കടുപ്പിച്ചാണ് ബിജെപി രക്ഷപ്പെട്ടത്. രാഹുലിന്റെ എല്ലാ ഫോക്കസും ഇപ്പോള്‍ ഗുജറാത്തിലാണ്. അവിടെ ജയിച്ചാല്‍ 2024 കുറച്ച്‌ കൂടി എളുപ്പമാകുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മോദി സംസ്ഥാനത്ത് ഏറ്റവും പോപ്പുലറായ നേതാവാണെന്ന് എല്ലാവര്‍ക്കുമറിയാം. ഗുജറാത്താകട്ടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയും. ഇത് പിടിച്ചെടുത്താല്‍ മാത്രമേ ബിജെപിയുടെ ബ്രാന്‍ഡ് രാഷ്ട്രീയത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കൂ. ഇന്ന് നരേന്ദ്ര മോദി നടപ്പാക്കുന്ന എല്ലാ രാഷ്ട്രീയ തന്ത്രവും ഗുജറാത്തില്‍ പയറ്റി തെളിഞ്ഞതാണ്. അതുകൊണ്ടാണ് ഗുജറാത്ത് എന്തുവന്നാലും കൈവിടാതിരിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. പക്ഷേ നിലനില്‍ക്കുന്ന ജാതിസമവാക്യങ്ങള്‍ പൊളിച്ച്‌ തങ്ങള്‍ക്കനുകൂലമായ സമവാക്യങ്ങള്‍ ചമയ്ക്കുന്ന ഒരു നേതാവ് എന്തുകൊണ്ട് ജാതി വോട്ടുകള്‍ കേന്ദ്രീകരിച്ച്‌ കൊണ്ട് അത്തരമൊരു നേതാവിനെ ഗുജറാത്തില്‍ തിരഞ്ഞെടുത്തു. ഇതില്‍ നിന്ന് വ്യക്തമാണ് ബിജെപി സംസ്ഥാനത്ത് എത്ര പ്രതിസന്ധിയിലാണെന്ന്. മോദിക്ക് പരിഹരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് പ്രതിസന്ധി. പാട്ടീദാര്‍ വിഭാഗം സ്വസമുദായത്തില്‍പെട്ട പുതിയ മുഖ്യമന്ത്രി വന്നിട്ടും വലിയ ആവേശത്തിലല്ല.

അടുത്തിടെ വന്ന സര്‍വേ റിപ്പോര്‍ട്ടും ഇത് തെളിയിക്കുന്നതാണ്. ഇതിന്റെ നേട്ടം ഗുജറാത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇവിടെ ദളിത്-ഒബിസി വിഭാഗം അതിശക്തമാണ്. ജിഗ്നേഷ് മേവാനി കൂടി വരുന്നതോടെ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ വര്‍ധിക്കും. ഗുജറാത്തില്‍ നിതിന്‍ പട്ടേലിന് സംഭവിച്ചത് ബിജെപിയില്‍ നിശബ്ദമായ പ്രതിഷേധം കളമൊരുക്കിയിരിക്കുകയാണ്. മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട 22 എംഎല്‍എമാരുണ്ട്. അതിലേറെ തവണ തിരഞ്ഞെടുക്കപ്പെട്ടവര്‍ വേറെയുമുണ്ട്. ഇവര്‍ക്കൊന്നും മന്ത്രിസ്ഥാനം പോലും കിട്ടിയിട്ടില്ല. അങ്ങനെ നില്‍ക്കുമ്ബോള്‍ അത്ര പരിചയസമ്ബന്നനല്ലാത്ത ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതാണ് ബിജെപിക്കുള്ളില്‍ പുകയുന്ന പ്രശ്‌നം.

ഗുജറാത്തില്‍ വികസനം താളം തെറ്റിയെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഒപ്പം സംഘടനാ ദൗര്‍ബല്യവും കടന്നുവന്നിരിക്കുകയാണ്. ഇതെല്ലാമാണ് രാഹുല്‍ മുന്നില്‍ കാണുന്നത്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top