ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അട്ടിമറി വിജയം നേടിയ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങള്‍ പുറത്ത്.
തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 624 കോടി രൂപയുടെ ആസ്തിയാണ് വിജയ്‌ക്കുള്ളത്. ഇതില്‍ 404 കോടി രൂപ ചലിതാസ്തിയും 220 കോടി രൂപ സ്ഥാവരാസ്തിയുമാണ്. വിജയ്‌യുടെ ഭാര്യ സംഗീതയ്ക്ക് 15.76 കോടി രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. മേയ് ഏഴിന് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യും.
വിജയ്‌യുടെ ആസ്തിയില്‍ വലിയൊരു ഭാഗം ബാങ്ക് നിക്ഷേപങ്ങളാണ്. വിവിധ ബാങ്കുകളിലായി 313 കോടിയിലധികം രൂപയാണ് താരം നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സാലിഗ്രാമം ബ്രാഞ്ചിലെ ഒരു സേവിങ്സ് അക്കൗണ്ടില്‍ മാത്രം 213.36 കോടി രൂപയുണ്ട്. ഇത് കൂടാതെ നാല് ബാങ്കുകളിലായി 100 കോടി രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ട്. ആക്സിസ് ബാങ്കില്‍ 40 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്കില്‍ 25 കോടി, എച്ച്‌ഡിഎഫ്സി ബാങ്കില്‍ 20 കോടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 15 കോടി എന്നിങ്ങനെയാണ് സ്ഥിരനിക്ഷേപം.
വിജയ്‌യുടെ മൊത്തം ആസ്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഹരി വിപണിയിലെ നിക്ഷേപം വളരെ കുറവാണ്. ആകെ 19.37 ലക്ഷം രൂപയുടെ ഓഹരി നിക്ഷേപം മാത്രമാണുള്ളത്. ജയ നഗർ പ്രോപ്പർട്ടി ലിമിറ്റഡില്‍ 19.03 ലക്ഷം രൂപയും ഇന്ത്യൻ ഓവർസീസ് ബാങ്ക്, സണ്‍ പേപ്പർ മില്‍ ലിമിറ്റഡ് എന്നിവയില്‍ ചെറിയ തോതിലുള്ള നിക്ഷേപവുമാണുള്ളത്. മ്യൂച്വല്‍ ഫണ്ടുകളിലോ ബോണ്ടുകളിലോ താരത്തിന് നിക്ഷേപമില്ല.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായുള്ള വീടുകളും വാണിജ്യ കെട്ടിടങ്ങളും സ്ഥലങ്ങളും ഉള്‍പ്പെടെ 220 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളാണ് വിജയ്‌ക്കുള്ളത്. ഇതില്‍ 115 കോടി രൂപ നീലങ്കരൈ, സാലിഗ്രാമം, മൈലാപ്പൂർ, എഗ്‌മൂർ എന്നിവിടങ്ങളിലെ പത്ത് ആഡംബര വീടുകളിലായാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ, പരിവാക്കം, ടി. നഗർ, ഷോളിംഗനല്ലൂർ, കൊപ്പൂർ എന്നിവിടങ്ങളിലായി 82.8 കോടി രൂപ വിലമതിക്കുന്ന വാണിജ്യ സ്വത്തുക്കളും താരത്തിനുണ്ട്.
13.52 കോടി രൂപയുടെ വാഹനശേഖരമാണ് ഗാരേജിലുള്ളത്. 6 കോടി വിലയുള്ള ടാറ്റ കാരവൻ, ലക്സസ് 350 (3.01 കോടി), ബിഎംഡബ്ല്യു i7 (2 കോടി), ടൊയോട്ട വെല്‍ഫയർ (1.63 കോടി) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 2025 മോഡല്‍ ടിവിഎസ് എക്സ്‌എല്‍ സൂപ്പറും (67,400 രൂപ) ശേഖരത്തിലുണ്ട്. വിജയ്‌യുടെ പക്കല്‍ 1.20 കോടി രൂപയുടെ സ്വർണവും (883 ഗ്രാം) 15 ലക്ഷം രൂപയുടെ വെള്ളിയുമുണ്ട്. വിവാഹമോചന നടപടികള്‍ തുടരുന്ന ഭാര്യ സംഗീതയുടെ പേരില്‍ 15.76 കോടിയുടെ ആസ്തിയുണ്ട്. സംഗീതയുടെ പക്കല്‍ 3,132 ഗ്രാം സ്വർണവും (4.07 കോടി), ഒരു കോടി രൂപയുടെ വജ്രശേഖരവും ഉണ്ടെന്നാണ് കണക്കുകള്‍.
മറ്റുള്ളവർക്ക് നല്‍കിയ വായ്പകള്‍ ഉള്‍പ്പെടെ 75.5 കോടി രൂപയുടെ ആസ്തികള്‍ വേറെയുമുണ്ട്. അതേസമയം, നികുതിയുമായി ബന്ധപ്പെട്ട നാല് കേസുകള്‍ വിജയ്‌ക്കെതിരെ നിലവിലുണ്ട്. ഇതില്‍ പ്രധാനം 2015-16 സാമ്പത്തിക വർഷത്തില്‍ 'പുലി' എന്ന സിനിമയുമായി ബന്ധപ്പെട്ട വരുമാനം മറച്ചുവെച്ചതിന് ചുമത്തിയ 1.50 കോടി രൂപയുടെ പിഴയാണ്. 2026 ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതി ഈ പിഴ ശരിവെച്ചിരുന്നുവെങ്കിലും ട്രൈബ്യൂണല്‍ തലത്തില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കാൻ താരത്തിന് അവസരമുണ്ട്. ഇതുകൂടാതെ, 2011-12 വർഷത്തെ 91.36 ലക്ഷം രൂപ, 2015-16 വർഷത്തെ 88.97 ലക്ഷം രൂപ, 2022-23 വർഷത്തെ 14.13 ലക്ഷം രൂപ എന്നിങ്ങനെ മൂന്ന് നികുതി ബാധ്യതകള്‍ കൂടി വിജയ്‌ക്കെതിരെയുണ്ട്. ഇതില്‍ 14.13 ലക്ഷം രൂപയുടെ ബാധ്യത ചോദ്യം ചെയ്ത് താരം പരാതി നല്‍കിയിരിക്കുകയാണ്.

