Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
80 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രപരമായ തിരുത്തല്‍; വിസ്മരിക്കപ്പെട്ട പതിനായിരത്തോളം ഇന്ത്യന്‍ ലോകമഹായുദ്ധ വീരന്മാര്‍ക്ക് ഒടുവില്‍ ബ്രട്ടീഷ് സൈന്യത്തിന്റെ ഔദ്യോഗിക അംഗീകാരം

80 വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രപരമായ തിരുത്തല്‍; വിസ്മരിക്കപ്പെട്ട പതിനായിരത്തോളം ഇന്ത്യന്‍ ലോകമഹായുദ്ധ വീരന്മാര്‍ക്ക് ഒടുവില്‍ ബ്രട്ടീഷ് സൈന്യത്തിന്റെ ഔദ്യോഗിക അംഗീകാരം

ണ്ടന്‍: ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി പോരാടുകയും പിന്നീട് ചരിത്രത്തിന്റെ താളുകളില്‍ വിസ്മരിക്കപ്പെടുകയും ചെയ്ത പതിനായിരത്തോളം ഇന്ത്യന്‍ സൈനികര്‍ക്ക് എണ്‍പതിലധികം വര്‍ഷങ്ങള്‍ക്ക് ശേഷം ഒടുവില്‍ മരണാനന്തര ബഹുമതിയും ഔദ്യോഗിക അംഗീകാരവും.

യുദ്ധകാലത്തെ മരണങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കുകള്‍ സൂക്ഷിക്കുന്ന കോമണ്‍വെല്‍ത്ത് വാര്‍ ഗ്രേവ്സ് കമ്മീഷന്റെ ഡാറ്റാബേസിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ തിരുത്തല്‍ വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച്‌ 9,909 ബ്രിട്ടീഷ് ഇന്ത്യന്‍ സൈനികരുടെ പേരുകളാണ് പുതുതായി രക്തസാക്ഷികളുടെ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിഭജനത്തിന് മുന്‍പുള്ള അവിഭക്ത പഞ്ചാബില്‍ നിന്ന് യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ വിവരങ്ങള്‍ അടങ്ങിയ പഴയ രജിസ്റ്ററുകള്‍ വര്‍ഷങ്ങളോളം പരിശോധിച്ച്‌, യുകെയിലെ ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകരാണ് ഈ വിസ്മരിക്കപ്പെട്ട വീരന്മാരുടെ പേരുകള്‍ വെളിച്ചത്തുകൊണ്ടുവന്നത്. ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടുന്ന ഉപഭൂഖണ്ഡത്തില്‍ നിന്ന് ഏകദേശം 14 ലക്ഷം പേരാണ് ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നത്. ഇവരില്‍ വലിയൊരു പങ്കും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു.

യുദ്ധത്തിന് ശേഷം ഓരോ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് സൈനികരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ രജിസ്റ്ററുകള്‍ തയ്യാറാക്കിയിരുന്നത്. 3,20,000-ത്തോളം സൈനികരുടെ വിവരങ്ങള്‍ അടങ്ങിയ ഈ അപൂര്‍വ്വ രേഖകള്‍ 1947-ലെ വിഭജനത്തോടെ പാക്കിസ്താനിലെ ലാഹോര്‍ മ്യൂസിയത്തിന്റെ കൈവശമായി. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച വാല്യങ്ങളില്‍ സൂക്ഷിച്ചിരുന്ന ഈ ഹസ്തലിഖിത രേഖകള്‍ യുകെയിലെ പഞ്ചാബ് ഹെറിറ്റേജ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് ഡിജിറ്റലൈസ് ചെയ്തതോടെയാണ് വിസ്മയകരമായ വിവരങ്ങള്‍ പുറത്തുവന്നത്.

ഗവേഷകര്‍ക്കും കുടുംബങ്ങള്‍ക്കും അഭിമാന നിമിഷം

ഈ ചരിത്ര ഗവേഷണത്തില്‍ പങ്കാളിയായ ഗ്രീന്‍വിച്ച്‌ സര്‍വ്വകലാശാലയിലെ പിഎച്ച്‌.ഡി വിദ്യാര്‍ത്ഥിനി ജാസ്മിന്‍ ബസ്രയ്ക്ക് തന്റെ മുത്തശ്ശന്റെയും സഹോദരന്റെയും പേരുകള്‍ ഈ രജിസ്റ്ററുകളില്‍ നിന്ന് കണ്ടെത്താനായി. രണ്ടാം തലമുറ ബ്രിട്ടീഷ് പഞ്ചാബിയായ തനിക്ക് സ്വന്തം വേരുകളുമായും ബ്രിട്ടീഷ് ചരിത്രവുമായും ഉള്ള വ്യക്തമായൊരു കണ്ണിയാണ് ഇതിലൂടെ ലഭിച്ചതെന്ന് ജാസ്മിന്‍ വികാരാധീനയായി പറഞ്ഞു. തന്റെ പൂര്‍വ്വികനായ കേസരി സിംഗിന്റെ പേര് ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ ലണ്ടനിലെ ലെസ്റ്ററില്‍ നിന്നുള്ള ദന്തഡോക്ടറായ സണ്ണി പലേഹിയും ആശ്വാസവും അഭിമാനവും പ്രകടിപ്പിച്ചു.

യുദ്ധക്കളത്തിന് പുറത്തുവെച്ച്‌ പരിക്കുകളാലോ രോഗങ്ങളാലോ മരണപ്പെട്ട സൈനികരെയാണ് അക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ചില വിവേചനപരമായ നിയമങ്ങള്‍ കാരണം യുദ്ധ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ഈ പഴയ വിവേചനപരമായ തീരുമാനമാണ് ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നത്. പുതുതായി അംഗീകരിക്കപ്പെട്ട രക്തസാക്ഷികളില്‍ 40 ശതമാനത്തോളം മുസ്ലീങ്ങളും, 25 ശതമാനം വീതം സിഖ്, ഹിന്ദു മതവിഭാഗങ്ങളില്‍ പെട്ടവരുമാണ്. ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള യൂറോപ്യന്‍ കേന്ദ്രീകൃതമായ ചരിത്രവീക്ഷണത്തെ തിരുത്താനും ആഗോള യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാനും ഈ നടപടി സഹായിക്കുമെന്ന് സി.ഡബ്ല്യു.ജി.സി. വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali