ഗുരുഗ്രാം: ഗുരുഗ്രാമിലെ സൂരത് നഗറിലെ വസതിയില്‍ ബഹുരാഷ്ട്ര കമ്പനിയിലെ അസോസിയേറ്റ് ഓപ്പറേറ്ററായ 36 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളാണ് മരണത്തിന് പിന്നിലെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സഞ്ചീവ് യാദവ് എന്നയാളാണ് വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്. സംഭവം നടക്കുമ്പോള്‍ ഭാര്യ മൻപ്രീത് കൗറും ഏഴ് വയസ്സുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഞ്ചീവ് തൂങ്ങിനില്‍ക്കുന്നത് മകൻ മൊബൈല്‍ ഫോണില്‍ പകർത്തിയതായും, ഈ സമയം ഭാര്യ സഹായത്തിനായി നിലവിളിക്കുന്നത് കേള്‍ക്കാമായിരുന്നു എന്നും പോലീസ് പറഞ്ഞു.
സഞ്ചീവ് തൂങ്ങിനില്‍ക്കുന്നത് കണ്ടയുടൻ മൻപ്രീത് സ്വന്തം വീട്ടുകാരെയും സഞ്ചീവിന്റെ ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു.
എന്നാല്‍, ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടർന്ന് സഹോദരൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഞ്ചീവിന്റെ സഹോദരി കിരണ്‍ ആരോപിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. മരണത്തില്‍ അസ്വാഭാവികത ആരോപിച്ചതിനെ തുടർന്ന് പോലീസ് ഭാര്യയെ ചോദ്യം ചെയ്തുവരികയാണ്. മകനും ഭാര്യയും തമ്മില്‍ നാളുകളായി തർക്ക നിലനിന്നിരുന്നുവെന്നും, ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും സഞ്ചീവിന്റെ പിതാവ് രാംസേവക് യാദവും ആരോപിച്ചു.
100 കിലോയിലധികം ഭാരമുള്ള സഞ്ചീവിന് സ്വയം തൂങ്ങിമരിക്കാൻ കഴിയുമോ എന്ന് ചോദ്യം ചെയ്ത കിരണ്‍, ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയിലും സംശയം പ്രകടിപ്പിച്ചു.
അമൃത്സർ സ്വദേശിയായ സഞ്ചീവും അംബാല സ്വദേശിയായ മൻപ്രീതും ഗുഡ്ഗാവിലെ ഡെൻസോ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് കണ്ടുമുട്ടിയത്. 2018 ഏപ്രിലില്‍ ഇരുവരും വിവാഹിതരായി. 2019-ല്‍ മകൻ ജനിച്ചതോടെ മൻപ്രീത് ജോലി ഉപേക്ഷിക്കുകയായിരുന്നു.
"പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. എല്ലാ വശങ്ങളും പരിശോധിച്ച് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. അതിനുശേഷം നിയമപരമായ തുടർനടപടികള്‍ സ്വീകരിക്കും," അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്‌പെക്ടർ മഹേന്ദർ സിംഗ് അറിയിച്ചു.

