കൊച്ചി: സര്‍വ്വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുണ്ടായിരുന്ന കേസ് ഒത്തുതീര്‍പ്പാക്കിയ കേരള സര്‍ക്കാരിന്റെ നടപടി ചാന്‍സലറുടെയും കേന്ദ്ര സര്‍ക്കാരിന്റെയും താല്പര്യങ്ങള്‍ക്ക് മുന്നിലുള്ള സമ്പൂര്‍ണ്ണ കീഴടങ്ങലാണെന്ന് സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം പി.
രാജീവ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്‌എസ് അജണ്ട നടപ്പാക്കാനാണ് ശ്രമമെന്ന് ഒരുവശത്ത് പ്രതിപക്ഷം പറയുമ്പോള്‍, മറുവശത്ത് ബിജെപി ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അതേപടി നടപ്പാക്കിക്കൊടുക്കുന്ന സര്‍ക്കാരായി യുഡിഎഫ് സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ യുജിസി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന 'ഇന്ത്യ' മുന്നണി ദേശീയതലത്തില്‍ ആവര്‍ത്തിക്കുമ്പോഴാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. മുന്‍പുണ്ടാക്കിയ സെറ്റില്‍മെന്റിന് അംഗീകാരം നല്‍കുക മാത്രമാണ് ചെയ്തതെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം പൂര്‍ണ്ണമായും തെറ്റാണെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി.
സാങ്കേതിക-ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ താല്‍ക്കാലിക വി.സിമാരെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നായിരിക്കണം എന്ന മുന്‍ തീരുമാനത്തെ മറികടന്നാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ നിയമനം നടത്തിയത്. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന വാദമുയര്‍ത്തി സുപ്രീംകോടതി വിധിയെ മറയാക്കിയായിരുന്നു ഗവര്‍ണറുടെ നീക്കം. എന്നാല്‍ ഇതിനെതിരെ സര്‍ക്കാരും സംസ്ഥാനവും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് അനുകൂലമായ വ്യക്തമായ ഉത്തരവാണ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ടതില്ലെന്ന ഉറച്ച നിലപാടാണ് സുപ്രീംകോടതിയും സ്വീകരിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റി വി.സി പാനല്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറണമെന്നും അതിന്മേലുള്ള നിര്‍ദേശം ഗവര്‍ണര്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശം വന്നിട്ടും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടല്‍ പാത തുടരുകയായിരുന്നു.
തുടര്‍ച്ചയായ ഭീഷണികള്‍ക്കും ഗവര്‍ണറുടെ പിടിവാശികള്‍ക്കും മുന്നില്‍ മുട്ടുമടക്കിയാണ് നിലവിലെ യുഡിഎഫ് സര്‍ക്കാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയാറായതെന്ന് പി. രാജീവ് ആരോപിച്ചു. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും കാവിവല്‍ക്കരണത്തിന് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറായിക്കഴിഞ്ഞു എന്നതിന്റെ തെളിവാണിതെന്നും, ഇത്തരം ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

