കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനയങ്ങള്‍ക്കും ആര്‍എസ്‌എസ് പ്രീണനത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചതിന് പിന്നാലെ ആര്‍എസ്‌എസ് അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കാന്‍ യുഡിഎഫ് തത്രപ്പാട് കാട്ടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പയ്യന്നൂരിലെ മാത്തില്‍ സംഘടിപ്പിച്ച സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. യുഡിഎഫ് സര്‍ക്കാറിന്റെ ഹണിമൂണ്‍ കഴിഞ്ഞതോടെ സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ കടുപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നുവെന്ന സൂചനയാണ് പിണറായി ഇന്ന് പയ്യന്നൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ നല്‍കിയത്.
സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചാലും കേരളത്തിന്റെ പൊതുസ്വഭാവത്തിലും രീതികളിലും മാറ്റമുണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്നെ ആര്‍എസ്‌എസ് പൂര്‍ണ്ണമായി ചൊല്ലാറുള്ള വന്ദേമാതരം ചൊല്ലിക്കൊണ്ടാണ് ഈ സര്‍ക്കാര്‍ തുടക്കമിട്ടത്. തുടര്‍ന്ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിലും വന്ദേമാതരം നിര്‍ബന്ധമായും ചൊല്ലണമെന്ന് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസിന് ഇക്കാര്യത്തിലുള്ള ആര്‍എസ്‌എസ് പ്രീണന നയം അവരുടെ ആസ്ഥാന മന്ദിരത്തിലും പ്രകടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാനുള്ള വന്‍ തത്രപ്പാടിലാണ് നിലവിലെ യുഡിഎഫ് സര്‍ക്കാരെന്ന് പിണറായി വിജയന്‍ ആരോപിച്ചു. അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ പദ്ധതി അറബിക്കടലില്‍ തള്ളുമെന്ന് പ്രസംഗിച്ചവരാണ് ഇപ്പോള്‍ ആര്‍എസ്‌എസിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി അത് നടപ്പിലാക്കാന്‍ ഓടിനടക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവര്‍ണര്‍ തോന്നിയതുപോലെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തണമെന്നത് ആര്‍എസ്‌എസിന്റെ വ്യക്തമായ അജണ്ടയായിരുന്നുവെന്ന് പിണറായി പറഞ്ഞു. മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണ്. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ വിയോജിപ്പുള്ളതുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആ ഒഴിവുകള്‍ നികത്താതെ ഇട്ടത്. എന്നാല്‍ ഭരണം മാറിയതോടെ ആര്‍എസ്‌എസിനെ പ്രീതിപ്പെടുത്താന്‍ വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ പുനഃസംഘടിപ്പിക്കാമെന്ന് യുഡിഎഫ് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയാണുണ്ടായത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് വലിയ സംഘടിത നീക്കമാണ് നടത്തിയത്. എല്‍ഡിഎഫിനെ എങ്ങനെയെങ്കിലും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. വലതുപക്ഷ മാധ്യമങ്ങള്‍ അവരുടെ ഇടതുപക്ഷ വിരോധം മുന്‍നിര്‍ത്തി കാര്യങ്ങള്‍ നീക്കി. സര്‍ക്കാരിന്റെ എല്ലാ നല്ല കാര്യങ്ങളെയും എതിര്‍ക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രം വിശദീകരിച്ച പിണറായി വിജയന്‍, മണ്ഡലത്തില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടികളെക്കുറിച്ചും തുറന്നടിച്ചു. ഏത് പ്രചാരണ വേലകള്‍ വന്നാലും എല്‍ഡിഎഫിന് ഉറച്ചുനില്‍ക്കാന്‍ കഴിയുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പയ്യന്നൂര്‍. വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവന്ന ചരിത്രമാണ് ഇവിടെയുള്ളത്. 1987-ല്‍ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയപ്പോള്‍ പോലും എല്‍ഡിഎഫിന് 50 ശതമാനത്തോളം വോട്ടുകള്‍ ഉണ്ടായിരുന്നു.
ഏത് കുത്തൊഴുക്കിനെയും നേരിടാന്‍ കരുത്തുള്ള പയ്യന്നൂരില്‍ എല്‍ഡിഎഫിനുണ്ടായ തോല്‍വി എങ്ങനെ സംഭവിച്ചുവെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരും. പയ്യന്നൂരിലെ ജനങ്ങള്‍ പൊതുവേ സിപിഎമ്മിനെ നെഞ്ചേറ്റുന്നവരും സ്‌നേഹിക്കുന്നവരുമാണ്. എന്നാല്‍ പാര്‍ട്ടിക്ക് അകത്തുനിന്നുതന്നെ ചിലര്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണുണ്ടായത്.
പാര്‍ട്ടി നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത ഭാഷയിലാണ് പിണറായി വിജയന്‍ പ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. പാര്‍ട്ടിയെ തകര്‍ക്കുക എന്ന ഒരൊറ്റ വികാരത്തോടെയാണ് കുഞ്ഞികൃഷ്ണന്‍ പെരുമാറിയത്. സ്വന്തം നേട്ടങ്ങള്‍ക്കും സ്വാര്‍ത്ഥതയ്ക്കും വേണ്ടി പാര്‍ട്ടി ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറാന്‍ കുഞ്ഞികൃഷ്ണന്‍ മടിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടി നേതൃത്വത്തില്‍ ഇരുന്നുകൊണ്ട് തന്നെ പാര്‍ട്ടി വിരുദ്ധ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ പാര്‍ട്ടി ഇത്തരം തെറ്റുകളെ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. പയ്യന്നൂരില്‍ പാര്‍ട്ടി വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ നേതൃത്വത്തിലുണ്ടായിരുന്ന ചിലര്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തി. തെറ്റിദ്ധാരണകള്‍ മൂലവും അപപ്രചാരണങ്ങളില്‍ വീണും പാര്‍ട്ടിക്ക് എതിരെ നിലപാടെടുത്തവര്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് പുനര്‍വിചിന്തനം നടത്തേണ്ട സമയമാണിതെന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.

