Thursday, 04 Mar, 12.17 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ആര്‍എസ്‌എസുകാര്‍ ദേശീയവാദികളാണ്, അവര്‍ ഇന്ത്യയിലിരുന്ന് പാക്കിസ്ഥാന് വേണ്ടി സംസാരിക്കില്ല; താന്‍ ആര്‍എസ്‌എസിലോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലോ അംഗമല്ല, ശാഖയിലും പോയിട്ടില്ല, ഓര്‍ഗനൈസറില്‍ താന്‍ കറസ്‌പോണ്ടന്റുമായിരുന്നില്ല; തന്റെ മധ്യസ്ഥതയില്ലാതെയും സിപിഎം-ആര്‍എസ്‌എസ് ചര്‍ച്ച നടന്നു; മനുഷ്യര്‍ മരിച്ചുവീഴുന്നതു കണ്ടാണ് ഇടപെട്ടത്: വിവാദങ്ങളില്‍ പ്രതികരിച്ചു ശ്രീ എം

കോഴിക്കോട്: ശ്രീ എം മുന്‍കൈയെടുത്തു കണ്ണൂരില്‍ സമാധാനമുണ്ടാക്കാന്‍ ചര്‍ച്ച നടത്തിയ വിവരം പുരത്തുവന്നതോടെ ഇത് തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയ വിവാദമായി ഉയര്‍ത്തു കൊണ്ടുവരനാള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍, ഇത്തരം രാഷ്ടീയത്തോട് താല്‍പ്പര്യമില്ലാത്ത യോഗാചാര്യന്‍ എം താന്‍ ആര്‍എസ്‌എസുകാരനല്ലെന്നും വ്യക്തമാക്കുന്നു. താന്‍ ആര്‍.എസ്.എസിലോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലോ അംഗമല്ല. ആര്‍.എസ്.എസിന്റെ ശാഖയില്‍ പോയിട്ടില്ല. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ താന്‍ കറസ്‌പോണ്ടന്റായിരുന്നില്ലെന്നും ശ്രീ എം ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസ് ദേശീയവാദികളാണ്. ആര്‍.എസ്.എസ് ഇന്ത്യയിലിരുന്ന് പാക്കിസ്ഥാന് വേണ്ടി സംസാരിക്കില്ലെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ മധ്യസ്ഥതയില്ലാതെയും സിപിഎം-ആര്‍.എസ്.എസ് ചര്‍ച്ച നടന്നതായും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചക്ക് അടിത്തറയിടുക മാത്രമാണ് ചെയ്തത്. സിപിഎമ്മും ആര്‍.എസ്.എസും ചേര്‍ന്നാണ് സമാധാനത്തിനുള്ള കര്‍മ്മ പദ്ധതി തയാറാക്കിയത്. ചര്‍ച്ച ഫലം കണ്ടെന്നാണ് വിലയിരുത്തുന്നത്. കണ്ണൂരില്‍ സംഘര്‍ഷം വലിയ തോതില്‍ കുറഞ്ഞതായും ശ്രീ എം വ്യക്തമാക്കി. സമാധാനം വേണ്ടെന്നും സിപിഎമ്മും ആര്‍.എസ്.എസും ഏറ്റുമുട്ടുന്നത് തുടരണമെന്നും ആഗ്രഹിക്കുന്നവരുണ്ട്. ഇവര്‍ മാധ്യമങ്ങളെ ഉപയോഗിച്ച്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് രഹസ്യ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചത്.

പിണറായി വിജയനുമായിട്ടാണ് ചര്‍ച്ചയെ കുറിച്ച്‌ ആദ്യം സംസാരിക്കുന്നത്. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചു. കോടിയേരിയാണ് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ ചുമതലയുള്ള പി. ജയരാജനുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടത്. രാത്രിയില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിന്റെ ലൈറ്റ് ഹൗസില്‍ വച്ചാണ് പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്. തന്റെ നിര്‍ദേശത്തോട് ജയരാജന്‍ അനുകൂലമായി പ്രതികരിച്ചു. ആളുകളെ കൊലപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന കാര്യമല്ലെന്നും എതിര്‍വിഭാഗം അനുകൂലിക്കുമോ എന്ന് അറിയില്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂരില്‍ നടന്ന രണ്ടാമത്തെ ചര്‍ച്ചയില്‍ പി. ജയരാജന്‍ പങ്കെടുത്തിരുന്നുവെന്നും ശ്രീ എം വ്യക്തമാക്കി.

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥനായത് ഒരു രാഷ്ട്രീയ അജന്‍ഡയുടെയും ഭാഗമായി അല്ലെന്ന് അദ്ദേഹം ന്യൂ ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. മനുഷ്യര്‍ മരിച്ചുവീഴുന്നതു കണ്ടാണ് ഇടപെട്ടത്. മാനുഷികമായ ഇടപെടലായിരുന്നു അതെന്നും അദ്ദേഹം വിശദീകരിച്ചു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 2016ല്‍ നടത്തിയ പദയാത്രയില്‍ ചിലര്‍ അഭിപ്രായപ്പെട്ടത് അനുസരിച്ചാണ് മധ്യസ്ഥ ചര്‍ച്ച നടത്തിയതെന്ന് ശ്രീ എം പറഞ്ഞു. ആദ്യം കണ്ണൂരില്‍നിന്നുള്ള ഒരാളാണ് ഇക്കാര്യം നിര്‍ദേശിച്ചത്. പിന്നീട് വാരാണസിയില്‍നിന്നുള്ള മറ്റൊരാളും ഇതേ കാര്യം പറഞ്ഞു. കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാണ്. ഇതില്‍ ഇടപെടാനാവുമോയെന്നായിരുന്നു ചോദ്യം. എനിക്ക് സിപിഎം നേതാക്കളുമായും ആര്‍എസ്‌എസ് നേതാക്കളുമായും നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് മധ്യസ്ഥതയ്ക്കു ശ്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതിനു മുമ്ബ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിപിഎം കണ്ണൂരില്‍ ഒരു യോഗാ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന്റെ ഉദ്ഘാടനത്തിന് പിണറായി വിജയന്‍ എന്നെ വിളിച്ചു. രാഷ്ട്രീയ സംഘര്‍ഷം തീര്‍ക്കാന്‍ ഇരുകൂട്ടരും ആയുള്ള ഒരു ചര്‍ച്ച ആവാമോയെന്ന് അന്നു പിണറായിയോട് ചോദിച്ചു. അതിനു അപ്പുറത്തുള്ളവര്‍ക്കും കൂടി തോന്നേണ്ടേ എന്നായിരുന്നു പ്രതികരണം. എനിക്കു നരേന്ദ്ര മോദിയെയും പിണറായി വിജയനെയും അറിയാം. ഇരുവരുമായും നല്ല ബന്ധമാണുള്ളത്. അതുകൊണ്ടു മാത്രം ഞാന്‍ അവര്‍ക്കു സഖ്യമുണ്ടാക്കാന്‍ ഇടനിലക്കാരനായി നിന്നു എന്നൊക്കെ പറയാമോ?

തിരുവനന്തപുരത്ത് യോഗാ കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാര്‍ നാല് ഏക്കര്‍ ഭൂമി അനുവദിച്ചത് പ്രതിഫലം എന്ന നിലയില്‍ അല്ല. യോഗാ കേന്ദ്രം തുടങ്ങുന്നതിനു ഭൂമിക്കായി ഞങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. അത് തെരഞ്ഞെടുപ്പിനു മുമ്ബായി പരിഗണിക്കപ്പെട്ടെന്നു മാത്രം. വിവാദമായപ്പോള്‍ ആദ്യം പദ്ധതി ഉപേക്ഷിക്കാനാണ് തോന്നിയത്. പിന്നെ കരുതി, ഉപേക്ഷിച്ചാല്‍ ആരോപണങ്ങളെല്ലാം ശരിയാണെന്നു സമ്മതിക്കലാവും. അതുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോവാനാണ് ഉദ്ദേശിക്കുന്നത്- ശ്രീ എം പറഞ്ഞു.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top