ലണ്ടന്‍: യുക്രെയിനെ പിന്തുണയ്ക്കുന്ന ബ്രിട്ടനെതിരെ ഏത് നിമിഷവും റഷ്യയുടെ പ്രതികാര നടപടികള്‍ ഉണ്ടായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണമിന് മുന്നറിയിപ്പ്.
വ്‌ലാഡിമിര്‍ പുട്ടിനില്‍ നിന്നും നേരിട്ടുള്ള ഒരു ആക്രമണം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് സുരക്ഷാ വിദഗ്ധര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. യു കെയിലെ പല സുപ്രധാന ഇടങ്ങളും റഷ്യ ലക്ഷ്യം വച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തന്റെ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ മൃദുവായ സമീപനമായിരിക്കും കൈക്കൊള്ളുക എന്നായിരുന്നു ബേണം അധികാരത്തിലെത്തിയപ്പോള്‍ പുടിന്‍ കരുതിയിരുന്നതെന്ന് ഇവര്‍ പറയുന്നു.
പക്ഷെ, ബ്രിട്ടനും യുക്രെയിനുമായുള്ള സൈനിക സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടികളായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ബേണം കൈക്കൊണ്‍റ്റിരുന്നത്. ഇത് പുടിനെ അസ്വസ്ഥനാക്കിയിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. മിസൈല്‍ ബ്ലൂപിന്റുകളും, ബാറ്റില്‍ഫീല്‍ഡ് എ ഐയുമെല്ലാം കൈമാറാനുള്ള തീരുമാനമാണ് റഷ്യയെ ചൊടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, റഷ്യന്‍ - യുക്രെയിന്‍ സംഘര്‍ഷത്തില്‍ ബ്രിട്ടന്റെ വര്‍ദ്ധിച്ചു വരുന്ന ഇടപെടലിനെതിരെ നടപടികള്‍ എടുക്കാന്‍ ആഭ്യന്തരമായും പുടിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്.
അമേരിക്കയുടെ സി ഐ എ മേധാവി കഴിഞ്ഞ ദിവസം റഷ്യയില്‍ ഒരു അടിയന്തിര സന്ദര്‍ശനം നടത്തിയ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ബേണാമിന് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. സന്ദര്‍ശനത്തിനെത്തിയ സി ഐ എ മേധാവി ജോണ്‍ റാറ്റ്ക്ലിഫ്, യുക്രെയിന്‍ സംഘര്‍ഷം കൂടുതല്‍ തീവ്രമാക്കരുത് എന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവായുധങ്ങള്‍ ഉപയോഗിക്കുകയോ, യുക്രെയിന് പിന്തുണ നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങളെ ആക്രമിക്കുകയോ ചെയ്യരുതെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്.
റഷ്യ നാടകീയമായ ചില നീക്കങ്ങള്‍ ഉടനെ നടത്തിയേക്കും എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ അടിയന്തിര സന്ദര്‍ശനവും മുന്നറിയിപ്പ് നല്‍കലും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് പ്രതിരോധ സംവിധാനങ്ങള്‍ക്ക് നേരെ ഏത് സമയത്തും ഒരു ആക്രമണം ഉണ്ടായേക്കാം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടന്റെ പ്രതിരോധ സംവിധാനങ്ങള്‍ പ്രതിദിനമെന്നോണം റഷ്യ പരിശോധിച്ചു വരികയാണെന്നും, എന്നാല്‍, നാറ്റോ സഖ്യത്തിന്റെ ഇടപെടല്‍ ഒഴിവാക്കുന്നതിനായി അത് വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് ചെയ്യുന്നതെന്നും ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, പാശ്ചാത്യ ശക്തികളുമായി ഒരു സമാധാനത്തിന് ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ വ്യക്തമാക്കി. റഷ്യ - അമേരിക്ക ബന്ധങ്ങളിലുണ്ടായ വിള്ളല്‍ പരിഹരിക്കാനാവുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും റഷ്യ പറയുനു. ബ്രിട്ടനോടൊപ്പം മറ്റു ചില പ്രധാന യൂറോപ്യന്‍ രാജ്യങ്ങളെയും റഷ്യ ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ മാസം ചില വിശദീകരിക്കാന്‍ കഴിയാത്ത രോണ്‍ സാന്നിദ്ധ്യം ജര്‍മ്മനിയിലെ ചില സൈനിക കേന്ദ്രങ്ങള്‍ക്ക് മുകളില്‍ ഉണ്ടായിരുന്നു. ഒരു ചരക്ക് വിമാനം തിരിച്ചറിയാത്ത ഒരു വസ്തുവുമായി കൂട്ടിയിടിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സൈബര്‍ ആക്രമണം മുതല്‍, നാറ്റോയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ നേരിട്ടുള്ള സംഘര്‍ഷം വരെ എന്തും സംഭവിച്ചേക്കാം എന്നാണ് സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അട്ടിമറികളിലൂടെയും, സൈബര്‍ ആക്രമണങ്ങളിലൂടെയും ഡ്രോണുകള്‍ ഉപയോഗിച്ചും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുമെല്ലാം റഷ്യ ഇപ്പോള്‍ തന്നെ യൂറോപ്പില്‍ ഒരു നിഴല്‍ യുദ്ധം നടത്തുകയാണെന്ന ആരോപണം ശക്തമാണ്. ഇതില്‍ നിന്നും മാറി നേരിട്ടുള്ള ഒരു യുദ്ധത്തിനും റഷ്യ തയ്യാറായേക്കുമെന്നാണ് ഇപ്പോളുയരുന്ന ആശങ്ക.

