Monday, 08 Mar, 2.57 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
അമിത് ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റെതെങ്കില്‍ അന്വേഷിക്കട്ടെ; സഹോദരന്‍ അബ്ദുള്‍ ഗഫൂറിന്റെ മരണത്തില്‍ കുടുംബത്തിന് സംശയങ്ങള്‍ ഒന്നുമില്ല; രണ്ടുവര്‍ഷം മുമ്ബുള്ള മരണത്തെക്കുറിച്ച്‌ ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഷായുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ വെളിപ്പെടുത്തട്ടെ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി കാരാട്ട് റസാഖ് എംഎല്‍എ

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞ ദുരൂഹ മരണം തന്റെ സഹോദരന്റേതെങ്കില്‍ അന്വേഷിക്കട്ടെയെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. സഹോദരന്റെ മരണത്തില്‍ കുടുംബത്തിന് സംശയങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുവര്‍ഷം മുമ്ബുള്ള മരണത്തെക്കുറിച്ച്‌ ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അമിത് ഷായുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ വെളിപ്പെടുത്തട്ടേയെന്നും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കട്ടെയെന്നും റസാഖ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും പിണറായിയോടുള്ള അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങളില്‍ ഏറ്റവും ചര്‍ച്ചയാകുന്നത് സാക്ഷിയുടെ മരണത്തെക്കുറിച്ചുള്ള ചോദ്യമാണ്. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രധാനസാക്ഷിയായ ഒരാളുടെ ദുരൂഹമരണത്തെ കുറിച്ച്‌ അന്വേഷിച്ചിരുന്നോ എന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചോദ്യം. വിവാദത്തില്‍ പ്രധാനസാക്ഷിയായ ഒരാളുടെ മരണത്തെ കുറിച്ച്‌ ഇതുവരെ ആരോപണം ഉയര്‍ന്നിരുന്നില്ല. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കന്നുവെന്ന് മുഖ്യമന്ത്രി ആരോപിക്കുമ്ബോള്‍ ഏജന്‍സികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യമെന്നായിരുന്നു അമിത് ഷായുടെ വിശദീകരണം.

രാജ്യത്തിന്റെ അഭ്യന്തരമന്ത്രി വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ ഈ ആരോപണം ഉന്നയിച്ചത്. ഇനി ഇതേക്കുറിച്ച്‌ പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അമിത് ഷാ വെറുതെ ആരോപണം ഉന്നയിക്കില്ല. സ്വര്‍ണക്കടത്തിലെ ദുരൂഹമരണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. മറുപടിയില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാരാട്ട് റാസാഖ് വീണ്ടും രംഗത്തുവന്നത്.

അമിത്ഷാ ഉദ്ദേശിച്ച ദുരൂഹ മരണം ഇടതു എംഎല്‍എ കാരാട്ട് റസാഖിന്റെ സഹോദരന്റേതാണെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും പ്രചരിപ്പിക്കുന്നത്. കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ വാഹനാപകടത്തില്‍ മരിച്ചത് 2018 ഒക്ടോബറിലാണ്. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാരാട്ട് മുഹമ്മദിന്റെ മകന്‍ അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഈ അപകടത്തിന് പിന്നില്‍ ഗൂഢാലോചന എന്തെങ്കിലും ഉണ്ടന്ന ആരോപണം അന്നുയര്‍ന്നിരുന്നു. എന്നാല്‍, പൊലീസ് അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല. കൊടുവള്ളി മാഫിയയ്ക്ക് ഈ മരണവുമായി ബന്ധമുണ്ടെന്ന ആക്ഷേപം അന്നുയര്‍ന്നിരുന്നു.

രണ്ടര വര്‍ഷം മുമ്ബ് വയനാട്ടില്‍ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എന്‍.ഐ.എയ്ക്ക് വിശാദാംശങ്ങള്‍ തേടിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി കെ.ടി. റമീസിന് ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷണംനടന്നു. ഇദ്ദേഹത്തിന്റെ മരണശേഷമാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്തുസംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ സ്വപ്ന സുരേഷും സന്ദീപ് നായരും ഉള്‍പ്പെടെയുള്ളവരുമായി കൈകോര്‍ത്തത്. ഇതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കിയതും.

ഭരണമുന്നണിയിലെ പ്രമുഖ നേതാവ് മുന്‍ കൈയെടുത്താണ് സ്വപ്നയെയും സന്ദീപിനെയും റമീസിനെയും റാക്കറ്റിന്റെ ഭാഗമാക്കിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു അന്ന് ലഭിച്ച വിവരം. സംഘത്തിന്റെ നേതൃത്വം പിന്നീട് ഇദ്ദേഹം ഏറ്റെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് കൊടുവള്ളിയിലെ എംഎല്‍എയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹത നിറയുന്നത്. കൊടുവള്ളിയാണ് സ്വര്‍ണ്ണ കടത്തിന്റേയും ഹവാല ഇടപാടുകളുടേയും കേന്ദ്രമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

പുലര്‍ച്ചെ 3.15 ഓടെ താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ ആയിരുന്നു ഗഫൂറിന്റെ മരണത്തിനിടയാക്കിയ അപകടം. വയനാട്ടില്‍ നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തെങ്കിലും ഗഫൂര്‍ മരിച്ചിരുന്നു. അതേസമയം തന്റെ സഹോദരന്റേത് അപകട മരണമാണ് എന്നായിരുന്നു കാരാട്ട് റസാഖ് പ്രതികരിച്ചതും. എന്നാല്‍, ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ദൂരുഹ മരണത്തെ കുറിച്ച്‌ പറയുമ്ബോള്‍ ഈ അപകട മരണമാണ് വീണ്ടും സജീവ ചര്‍ച്ചയില്‍ നിറയുന്നത്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top