കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെര്‍ലിന്‍ (25) വീണ്ടും അറസ്റ്റില്‍.
കണ്ണൂര്‍ മയ്യിലുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ മേല്‍പറമ്പ് പോലീസാണ് പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണിത്.
പതിനാലുകാരിയായ പെണ്‍കുട്ടിയെ പ്രതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ സ്‌നേഹ കുട്ടിയുടെ വീട്ടിലായിരുന്നു താമസം. ലഹരിവില്‍പന കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അമ്മയും സ്‌നേഹയും കണ്ണൂര്‍ വനിതാ ജയിലില്‍ വെച്ചാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ജയില്‍ മോചിതയായ ശേഷം സ്‌നേഹ ഒരു വര്‍ഷത്തോളം ഈ കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി താമസിക്കുകയായിരുന്നു.
അമ്മ വീട്ടിലുള്ള സമയം നോക്കിയാണ് 25 കാരിയായ സ്‌നേഹ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബ പശ്ചാത്തലവും അമ്മയുടെ തണലില്ലായ്മയും മുതലെടുത്തായിരുന്നു അതിക്രമം.
കേസില്‍ പിന്നീട് കുട്ടിയെ സുരക്ഷിതമായി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതിന് ശേഷമാണ് സ്‌നേഹ മെര്‍ലിനില്‍ നിന്ന് നേരിട്ട ക്രൂരമായ പീഡനവിവരങ്ങള്‍ പുറത്തുവരുന്നത്. ഷെല്‍ട്ടര്‍ ഹോം അധികൃതരോടും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും പെണ്‍കുട്ടി താന്‍ നേരിട്ട അതിക്രമങ്ങള്‍ തുറന്നുപറയുകയായിരുന്നു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കുന്നതും കേസെടുക്കുന്നതും.
പ്രതിയായ സ്‌നേഹ മെര്‍ലിനെതിരെ ഇതിനുമുമ്പും തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മൂന്ന് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്ന പ്രകൃതക്കാരിയായ സ്‌നേഹയ്‌ക്കെതിരെ ഇതിനോടകം തന്നെ കര്‍ശന നിയമനടപടികളാണ് പോലീസ് സ്വീകരിച്ചിരുന്നത്. തുടര്‍ പീഡന വിവരങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണം വിപുലമാക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
2025 മാര്‍ച്ച് 14-നാണ് സ്‌നേഹ ആദ്യമായി പോക്സോ കേസില്‍ അറസ്റ്റിലാകുന്നത്. തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയിലെ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ കേസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ പോലീസിനെയും ചൈല്‍ഡ് ലൈനെയും വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ കൗണ്‍സിലിംഗിലാണ് നിര്‍ണ്ണായക പീഡന വിവരങ്ങള്‍ പുറത്തുവന്നത്.
കുട്ടികളെ വലയിലാക്കാന്‍ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങളും സാധനങ്ങളും നല്‍കി സ്വാധീനിച്ചാണ് സ്‌നേഹ പീഡനം നടത്തിയിരുന്നതെന്ന് മുന്‍ കേസുകളുടെ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. ആദ്യ കേസില്‍ പിടിയിലായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റ് വിവരങ്ങളും പുറത്തുവന്നത്.
ഇരയായ 12 കാരിയുടെ 15 വയസ്സുള്ള സഹോദരനെയും സ്‌നേഹ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഉണ്ടായതോടെ, ആ സംഭവത്തിലും തളിപ്പറമ്പ് പോലീസ് സ്‌നേഹയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ കാസര്‍കോട് മേല്‍പറമ്പ് പോലീസ് പരിധിയില്‍ നാലാമത്തെ പോക്സോ കേസില്‍ ഇവര്‍ വീണ്ടും വലയിലാകുന്നത്.

