ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാന്‍ തിരിച്ചടികള്‍ നേരിടുന്നതിനിടെ, ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ചീഫ് സെലക്ടര്‍ മുഹമ്മദ് വസീം രംഗത്തെത്തി.
ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായ വെല്ലുവിളി നിറഞ്ഞ പിച്ചുകളില്‍ ബാറ്റ് ചെയ്യുന്നത് ഒഴിവാക്കാനായി താരം വ്യാജ പരിക്കുകള്‍ അഭിനയിക്കാറുണ്ടെന്നാണ് വസീമിന്റെ വെളിപ്പെടുത്തല്‍.
ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 110 റണ്‍സിന് തകര്‍ന്നടിഞ്ഞപ്പോള്‍ ഇമാം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. ഒന്നാം ദിവസം ഫീല്‍ഡിംഗിനിടെ ഇമാമിന്റെ ഇടതുകാലിലെ പേശികള്‍ക്ക് പരിക്കേറ്റതായും (calf strain) താരം മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണെന്നുമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) ഔദ്യോഗികമായി വ്യക്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 53 റണ്‍സിനും തോറ്റ പാകിസ്ഥാന് ഈ പരിക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.
എന്നാല്‍, ഇതിന് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ വസീം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 2022-ല്‍ ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റിനിടെ നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് വസീം സംസാരിച്ചത്. അന്ന് മത്സരത്തിന് തൊട്ടുമുമ്പ് ടീം ഫിസിയോ തന്റെ അടുത്തെത്തി ഒരു കളിക്കാരന്‍ പരിക്ക് അഭിനയിച്ച് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, അതിന് ശേഷം അയാള്‍ അത് തന്നെയാണ് ചെയ്തതെന്നും വസീം വെളിപ്പെടുത്തി. മുന്‍പും പരിശീലകര്‍ ഇതേ കളിക്കാരനെക്കുറിച്ച് ഇത്തരത്തില്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് ഫിസിയോ തന്നോട് പറഞ്ഞിരുന്നതായും വസീം വ്യക്തമാക്കുന്നു.
തന്റെ സംഭാഷണത്തില്‍ വസീം തുടക്കത്തില്‍ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും, അന്ന് മുള്‍ട്ടാന്‍ ടെസ്റ്റില്‍ പരിക്ക് ചൂണ്ടിക്കാട്ടി ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങുകയും അഞ്ചാമനായി ഇറങ്ങി 60 റണ്‍സ് നേടുകയും ചെയ്തത് ഇമാം ഉള്‍ ഹഖ് ആയിരുന്നു. ഇതോടെ വസീമിന്റെ വിരല്‍ ചൂണ്ടുന്നത് ഇമാമിന് നേരെയാണെന്ന് വ്യക്തമായി.
ടീമിന് ബാധ്യതയാകുന്ന ഇത്തരം സ്വഭാവമുള്ള താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് വസീം ആവശ്യപ്പെട്ടു. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെടുന്നത് മറ്റ് കളിക്കാര്‍ക്കും തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ പോലും പുല്ലുള്ള നല്ല പിച്ചുകളില്‍ ഇവര്‍ ബാറ്റ് ചെയ്യാനിറങ്ങില്ലെന്നും പിച്ച് ഫ്‌ലാറ്റ് ആകുകയോ സ്പിന്നിന് അനുകൂലമാകുകയോ ചെയ്യുമ്പോള്‍ മാത്രമാണ് ഇവര്‍ ബാറ്റ് ചെയ്യാന്‍ എത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം കളിക്കാര്‍ക്കെതിരെ ഉടനടി നടപടിയെടുക്കണമെന്നും, നിലവിലെ ടീം മാനേജ്‌മെന്റും പരിശീലകരും വിഷയം ഗൗരവമായി കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും വസീം കൂട്ടിച്ചേര്‍ത്തു.

