റോഹ്ത്തക്ക്: അന്താരാഷ്ട്ര കബഡി താരത്തിന്റെ ഭാര്യയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഹരിയാണ സ്വദേശിയായ കബഡി താരം ഷീലു ബല്‍ഹാരയുടെ ഭാര്യ മസ്കൻ ബല്‍ഹാരയാണ് (23) ജീവനൊടുക്കിയത്. ഹരിയാണയിലെ ബാഹു അക്ബർപുർ ഗ്രാമത്തിലെ വീട്ടില്‍ വെള്ളിയാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.
മസ്കന്റെ മരണത്തിന് പിന്നില്‍ ഭർതൃപീഡനമാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇവർ കബഡി താരത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ഭർത്താവ് ഷീലു ബല്‍ഹാരയെയും കുടുംബാംഗങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോഹ്ത്തക്കിലെ ആശുപത്രിയിലേക്ക് മാറ്റി.
ഫർമാന സ്വദേശിനിയായ മസ്കനും കബഡി താരമായ ഷീലു ബല്‍ഹാരയും 2023 ഡിസംബറിലാണ് വിവാഹിതരായത്. ദമ്പതിമാർക്ക് ഒൻപതുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ഹരിയാണയിലെ പ്രശസ്ത കബഡി താരമായ ഷീലു ബല്‍ഹാര, നിരവധി ദേശീയ-അന്തർദേശീയ ടൂർണമെന്റുകളില്‍ ഇന്ത്യയെയും സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്.

