Dailyhunt
അന്‍വര്‍ അല്ലായിരുന്നെങ്കില്‍ ബേപ്പൂരും ഇങ്ങ് പോന്നേനെ! യുഡിഎഫ് സുനാമിയില്‍ റിയാസ് രക്ഷപ്പെട്ടത് 'കടന്നല്‍ രാജയുടെ' വിടുവായത്തം കൊണ്ട്; തോറ്റപ്പോള്‍, അഭയം നല്‍കിയ ലീഗിന്റെ നെഞ്ചത്ത് കുതിരകയറി അന്‍വര്‍! സി.പി.എമ്മിന് ലീഗ് വോട്ട് മറിച്ചതാണ് പരാജയത്തിന് കാരണമെന്ന് ആരോപണം; ഒരു അസല്‍ കോണ്‍ഗ്രസുകാരന്‍ മതിയായിരുന്നു ബേപ്പൂര്‍ പിടിക്കാന്‍; അന്‍വര്‍ ഇനി എങ്ങോട്ട്?

അന്‍വര്‍ അല്ലായിരുന്നെങ്കില്‍ ബേപ്പൂരും ഇങ്ങ് പോന്നേനെ! യുഡിഎഫ് സുനാമിയില്‍ റിയാസ് രക്ഷപ്പെട്ടത് 'കടന്നല്‍ രാജയുടെ' വിടുവായത്തം കൊണ്ട്; തോറ്റപ്പോള്‍, അഭയം നല്‍കിയ ലീഗിന്റെ നെഞ്ചത്ത് കുതിരകയറി അന്‍വര്‍! സി.പി.എമ്മിന് ലീഗ് വോട്ട് മറിച്ചതാണ് പരാജയത്തിന് കാരണമെന്ന് ആരോപണം; ഒരു അസല്‍ കോണ്‍ഗ്രസുകാരന്‍ മതിയായിരുന്നു ബേപ്പൂര്‍ പിടിക്കാന്‍; അന്‍വര്‍ ഇനി എങ്ങോട്ട്?

കോഴിക്കോട്: ബേപ്പൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുസ്ലിം ലീഗിനെതിരെ പി.വി. അന്‍വര്‍ തിരിഞ്ഞതോടെ പുതിയ വിവാദങ്ങള്‍ പുകയുകയാണ്.

യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ കൈവിട്ടത് അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം മൂലമാണെന്ന വിലയിരുത്തലുകള്‍ വരുമ്പോള്‍, ലീഗ് വോട്ടുകള്‍ അട്ടിമറിച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്നാണ് അന്‍വറിന്റെ ആരോപണം.

കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12 ഇടത്തും യു.ഡി.എഫ് അട്ടിമറി വിജയം നേടിയപ്പോള്‍ ബേപ്പൂരില്‍ മാത്രമാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. മന്ത്രി മുഹമ്മദ് റിയാസ് 7,487 വോട്ടിനാണ് ഇവിടെ വിജയിച്ചത്. അന്‍വറിന് പകരം 2011-ല്‍ എളമരം കരീമിന്റെ ഭൂരിപക്ഷം കുറച്ച ആദം മുള്‍സിയെപ്പോലൊരു നേതാവ് മത്സരിച്ചിരുന്നെങ്കില്‍ ബേപ്പൂരിലും യു.ഡി.എഫിന് അട്ടിമറി വിജയം നേടാമായിരുന്നുവെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ കരുതുന്നു.

രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന് പറഞ്ഞതും അടിക്കടിയുള്ള രാഷ്ട്രീയ നിലപാടു മാറ്റങ്ങളും അന്‍വറിന്റെ വിശ്വാസ്യത തകര്‍ത്തുവെന്നും ഇതാണ് ജനങ്ങള്‍ റിയാസിനെ തുണയ്ക്കാന്‍ പ്രധാന കാരണമായതെന്നും വിലയിരുത്തലുണ്ട്. വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ശൈലിയാണ് അന്‍വര്‍ സ്വീകരിച്ചത്. എന്നാല്‍ ഇതിന് മറുപടി നല്‍കാതെ മാന്യമായ പ്രചാരണം നടത്തിയ റിയാസിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചു.

ജില്ലയിലെ ഇടതുമുന്നണിയുടെ ഉറച്ച കോട്ടകളായ പേരാമ്പ്രയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെയും, എലത്തൂരില്‍ മന്ത്രി ശശീന്ദ്രനെയും, ബാലുശേരിയില്‍ സച്ചിന്‍ ദേവിനെയും അട്ടിമറിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. ഈ തരംഗത്തില്‍ ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെയും പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നു. അതിനായി വിശ്വാസ്യതയുള്ള ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുകയായിരുന്നു വേണ്ടത് എന്ന അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. അന്‍വറിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹം പലപ്പോഴും മുന്നണികളെ പ്രതിസന്ധിയിലാക്കിയതായി കാണാം. 2011-ല്‍ ഏറനാട്ടില്‍ സ്വതന്ത്രനായി മത്സരിച്ചതും, 2014-ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സത്യന്‍ മൊകേരിയുടെ വിജയസാധ്യത തകര്‍ത്തതും ഇതിന് ഉദാഹരണങ്ങളാണ്

ലീഗിനെതിരെയുള്ള അന്‍വറിന്റെ ആരോപണങ്ങള്‍

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തനിക്ക് അഭയം നല്‍കിയ മുസ്ലിം ലീഗിനെതിരെ തന്നെ അന്‍വര്‍ ആരോപണങ്ങളുമായി രംഗത്തെത്തി. ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ സി.പി.എമ്മിന് വോട്ട് മറിച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്ന് അന്‍വര്‍ ആരോപിക്കുന്നു. ലീഗ് കോട്ടകളായ ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി മേഖലകളില്‍ പ്രതീക്ഷിച്ച ലീഡ് ലഭിച്ചില്ല. അന്‍വര്‍ ജയിച്ചാല്‍ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് ഈ മേഖലകളില്‍ പ്രചാരണം നടന്നതായും അദ്ദേഹം പരാതിപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വി.ഡി. സതീശന് പരാതി നല്‍കിയതായും പറയുന്നു.

അന്‍വറിന്റെ രാഷ്ട്രീയ ഭാവി പ്രതിസന്ധിയില്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച്‌ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെ ബേപ്പൂരിലേറ്റ പരാജയം അന്‍വറിന് കനത്ത രാഷ്ട്രീയ തിരിച്ചടിയാണ്. ഇടത് സ്വതന്ത്രനായി ജയിച്ച ശേഷം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും, പിന്നീട് യു.ഡി.എഫില്‍ അഭയം തേടിയതും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു. വിജയിച്ചാല്‍ മന്ത്രിയാകാം എന്ന അന്‍വറിന്റെ മോഹം പരാജയത്തോടെ അസ്തമിച്ചു.

ഇടതുപക്ഷ സ്വതന്ത്രനായിരുന്ന അന്‍വര്‍, പോലീസ് നടപടികളില്‍ വിമര്‍ശനമുന്നയിച്ചാണ് ഇടതുബന്ധം ഉപേക്ഷിക്കുകയും എം.എല്‍.എ സ്ഥാനം രാജിവെച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തത്. 2025-ലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ എതിര്‍ത്ത അന്‍വര്‍, അവിടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിച്ചെങ്കിലും വെറും 19,760 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. ജയിച്ചാലും തോറ്റാലും എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പൊന്നാനി ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ചെങ്കിലും പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം ആ വാക്ക് വിഴുങ്ങിയിരുന്നു.

2011ല്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച്‌ രണ്ടാം സ്ഥാനത്തെത്തിയ അദ്ദേഹം, 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ച്‌ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ വിജയസാധ്യത തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. 2016-ല്‍ നിലമ്പൂരില്‍ സി.പി.എം സ്വതന്ത്രനായി രംഗത്തെത്തിയ അന്‍വര്‍, ആര്യാടന്‍ മുഹമ്മദിന്റെ ഉറച്ച കോട്ടയില്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിക്കൊണ്ട് നിയമസഭയിലേക്ക് കന്നിപ്രവേശം നടത്തി.

തുടര്‍ന്ന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചു. ജയിച്ചാലും തോറ്റാലും എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇ.ടി. മുഹമ്മദ് ബഷീറിനോട് ഏകദേശം രണ്ട് ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെട്ടതോടെ അന്‍വര്‍ ആ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയാണ് ചെയ്തത്. രാഷ്ട്രീയ ജീവിതത്തിന് പുറമെ അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങളും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് നിയമനടപടികളെത്തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്നതും കാട്ടരുവിയിലെ അനധികൃത തടയണ പൊളിച്ചതും അന്‍വറിന് വലിയ തിരിച്ചടിയായി.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള കാലയളവില്‍ ആഫ്രിക്കയില്‍ സ്വര്‍ണ്ണ ഖനനത്തിന് പോയ അന്‍വര്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തലേദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ആ തിരഞ്ഞെടുപ്പില്‍ വി.വി. പ്രകാശിനെതിരെ 2700 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം നിലമ്പൂരില്‍ നിന്ന് വീണ്ടും വിജയിച്ചത്. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം മോഹിച്ചിരുന്നെങ്കിലും വി. അബ്ദുറഹിമാനെയാണ് പരിഗണിച്ചത്. ഇതിനുശേഷം സൈബര്‍ ഇടങ്ങളില്‍ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പ്രധാന പ്രതിരോധക്കാരനായി മാറിയ അന്‍വര്‍, 'കടന്നല്‍ രാജ' എന്ന പേരിലും അറിയപ്പെട്ടു.

നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹം നടത്തിയ പല പ്രസ്താവനകളും വിവാദങ്ങളില്‍ കലാശിച്ചു. കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഐ.ടി കമ്പനികളില്‍ നിന്ന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണവും, രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി.

ഈ തിരഞ്ഞെടുപ്പിലാകട്ടെ, ജി. സുധാകരന്‍, കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകള്‍ വോട്ടര്‍മാര്‍ അംഗീകരിച്ചപ്പോള്‍ അന്‍വറിന്റെ വിശ്വാസ്യതയില്ലായ്മയെ ജനങ്ങള്‍ തള്ളിക്കളഞ്ഞു.

ഇടതു കോട്ടകളായ പേരാമ്പ്രയും എലത്തൂരും ബാലുശേരിയും പോലും യു.ഡി.എഫ് പിടിച്ചെടുത്ത സാഹചര്യത്തില്‍, ബേപ്പൂരിലെ പരാജയം പൂര്‍ണ്ണമായും അന്‍വറിന്റെ വ്യക്തിപരമായ പരാജയമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali