Thursday, 04 Jun, 7.05 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
അപമാനിച്ചത് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചു കൊണ്ടു വരാന്‍ 3 തവണ വിമാനത്തില്‍ പോകാന്‍ തയാറായ ഉദ്യോഗസ്ഥയെ; ക്വാറന്റീന്‍ ചട്ടം ലംഘിച്ചുവെന്ന മട്ടിലുള്ള പ്രതികരണങ്ങളുടെ വേദനയില്‍ ചികില്‍സയില്‍; എയര്‍ ഇന്ത്യാ എക്സ്‌പ്രസിലെ 5 ക്രൂ അംഗങ്ങളുടെയും വ്യക്തിഗത വിവരങ്ങള്‍ പുറത്തായതു ഗുരുതര വീഴ്‌ച്ച; വനിതാ ഉദ്യോഗസ്ഥയ്ക്ക് ഫോണില്‍ കിട്ടിയത് അസഭ്യ വര്‍ഷങ്ങള്‍; കാട്ടാക്കടയ്ക്ക് പിന്നാലെ കൊച്ചിയിലും പ്രതി പൊലീസോ? അന്വേഷണം ഒതുക്കുമ്ബോള്‍

കൊച്ചി: കാട്ടാക്കടയില്‍ കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നത് പൊലീസ് സ്‌റ്റേഷനില്‍ നിന്നെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ അന്വേഷണം എങ്ങും എത്തുന്നില്ല. ഇതിനിടെ പുതിയ വിവാദം. എയര്‍ ഇന്ത്യ എക്സ്‌പ്രസ് ഉദ്യോഗസ്ഥ, കോവിഡ് സ്ഥിരീകരിക്കുന്നതിനു മുന്‍പ് സന്ദര്‍ശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് അവരുടെ പേരും വിലാസവും ഫോണ്‍ നമ്ബറും സഹിതം പുറത്തായതാണ് സര്‍ക്കാരിന് തലവേദനയാകുന്നത്. ഇവരുടെയും സഹപ്രവര്‍ത്തകരായ 5 ക്രൂ അംഗങ്ങളുടെയും വ്യക്തിഗത വിവരങ്ങള്‍ പുറത്തായതു ഗുരുതര വീഴ്ചയാണെന്നു വ്യക്തമാക്കി എയര്‍ ഇന്ത്യ എക്സ്‌പ്രസ് അധികൃതര്‍ കലക്ടര്‍ക്കു പരാതി നല്‍കി. ഇതോടെ വിവാദത്തിന് പുതിയ തലം നല്‍കുകയാണ്.

ഉദ്യോഗസ്ഥ ക്വാറന്റൈന്‍ ലംഘിച്ചിട്ടില്ലെന്ന് എയര്‍ഇന്ത്യ എക്സ്‌പ്രസ് അധികൃതരും പൊലീസും വിശദീകരിച്ചു. സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ (എസ്‌ഒപി) പ്രകാരം വിമാന ജീവനക്കാര്‍ക്ക് നിശ്ചിത ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമില്ല. വിമാനം പറക്കുന്നതിനു മുന്‍പും ശേഷവും അവര്‍ സ്രവ സാംപിള്‍ പരിശോധനയ്ക്കു വിധേയരായി കോവിഡ് രോഗബാധിതരല്ലെന്ന് ഉറപ്പാക്കണമെന്നാണ് ചട്ടം. വിദേശത്തു നിന്ന് 26നു എത്തിയ ഈ ഉദ്യോഗസ്ഥ വിമാനത്താവളത്തില്‍ നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സ്രവ സാംപിള്‍ നല്‍കി. തുടര്‍ന്ന് വിമാന ജീവനക്കാര്‍ താമസിക്കുന്ന ഹോട്ടലിലേക്കു പോയി. 28നു വൈകിട്ട് 6.30നു പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ വിമാന ജീവനക്കാര്‍ക്കു ക്വാറന്റീനില്ലാതെ വീട്ടിലേക്കു പോകാമെന്നാണ് ചട്ടം. അതനുസരിച്ച്‌ വീട്ടിലെത്തിയ ശേഷമാണ് സമീപത്തുള്ള കടകളില്‍ പോയത്. അവര്‍ ക്വാറന്റൈന്‍ ലംഘിച്ചിട്ടില്ല.

അടുത്ത വിമാനയാത്രയ്ക്കു മുന്‍പായി പരിശോധന നടത്താന്‍ 30നു രാവിലെ 8 നു വീണ്ടും മെഡിക്കല്‍ കോളജിലെത്തി സ്രവ സാംപിള്‍ നല്‍കി. ഈ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു 31നു രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതാണ് യഥാര്‍ത്ഥ വസ്തുത. ഇതില്‍ വിമാനത്തിലെ ഉദ്യോഗസ്ഥയെ കുറ്റപ്പെടുത്താനാകില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ 3 തവണ വിമാനത്തില്‍ പോകാന്‍ തയാറായ ഉദ്യോഗസ്ഥയെയാണ് അപമാനിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയത്. ക്വാറന്റൈന്‍ ചട്ടം ലംഘിച്ചുവെന്ന മട്ടിലുള്ള പ്രതികരണങ്ങള്‍ അവരേയും വേദനിപ്പിച്ചു.

ഇവരുടെ ഫോണ്‍ നമ്ബര്‍ അടക്കമുള്ള വിവരങ്ങള്‍ പുറത്തായതും സാമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതും ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കി. ഇങ്ങനെ ഫോണ്‍ നമ്ബര്‍ ലഭിച്ച ചില സാമൂഹികവിരുദ്ധര്‍ അതില്‍ വിളിച്ച്‌ മോശമായി സംസാരിക്കുകയും ചെയ്തു. അതിനിടെ എയര്‍ ഇന്ത്യ എക്സ്‌പ്രസ് ഉദ്യോഗസ്ഥയുടെ പേരും മേല്‍വിലാസവുമടങ്ങിയ റൂട്ട് മാപ്പ് ചോര്‍ന്നതിനെപ്പറ്റി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. റൂട്ട് മാപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് വിവാദമായതിനെത്തുടര്‍ന്നാണ് അന്വേഷണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ പറഞ്ഞു.

സിറ്റി പൊലീസ് തയാറാക്കിയ റൂട്ട് മാപ്പ് ചൊവ്വാഴ്ച വൈകിട്ടു തന്നെ വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. കോവിഡ് രോഗികളുടെ വ്യക്തിവിവരങ്ങള്‍ പ്രചരിപ്പിക്കുന്നതു കുറ്റകരമാണെന്നും കമ്മീഷണര്‍ പറയുന്നു. ഇതിന് സമാനമായിരുന്നു കാട്ടക്കടിയലെ കേസും. എന്നാല്‍ ഇതില്‍ കൃത്യമായ അന്വേഷണം നടത്തിയില്ല. ആരാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന വിവരങ്ങള്‍ വ്യക്തമായിട്ടും പൊലീസ് കണ്ടില്ലെന്ന് നടിച്ചു. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ കൂടാനുള്ള കാരണമെന്നാണ് ഉയരുന്ന വാദം. കൊച്ചിയിലും കാട്ടാക്കടയിലും പൊലീസാണ് പ്രതിക്കൂട്ടില്‍. കാട്ടാക്കടയില്‍ പൊലീസില്‍ നിന്നാണ് വിവരങ്ങള്‍ കിട്ടിയതെന്ന് അത് പുറത്തു വിട്ട ആകാഷ് മറുനാടനോട് തുറന്ന് സമ്മതിക്കുകയും ചെയ്തു.

കാട്ടക്കടയില്‍ പ്രതി പൊലീസ്

കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങള്‍ ക്ഷേത്രം വാട്‌സ് അപ്പ് ഗ്രൂപ്പില്‍ പരസ്യപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. പൊലീസുകാരില്‍ ചിലര്‍ തന്നെ രോഗിയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ ദുരൂഹതയേറുന്നു. ഒറ്റശേഖരമംഗലത്തെ കുന്നനാട് ദേവി ക്ഷേത്ര ഗ്രൂപ്പില്‍ വന്ന സന്ദേശത്തില്‍ കോവിഡ് ബാധിതരുടെ പേരു വിവരം ഉള്ളതായാണ് പരാതി. കുന്നനാടുള്ള ആകാഷിനെതിരെ കൊറോണ ബാധിതകുടുംബം ആരോഗ്യ വകുപ്പിന് പരാതി നല്‍കി. ഇത് പൊലീസിന് കൈമാറും. കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ നിന്നാണ് തനിക്ക് വിവരങ്ങള്‍ കിട്ടിയതെന്ന് മാധ്യമ പ്രവര്‍ത്തകനോടു സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഇത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സാമ്ബത്തിക ഇടപാട് നടന്നതായി സംശയമുണ്ട്.

തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യമാക്കിയത് ദോഷം ചെയ്തുവെന്നാണ് ആരോഗ്യവകുപ്പിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കൊറോണ ബാധിതരുടെ വിവരങ്ങള്‍ ക്ഷേത്രം വാട്‌സ്‌അപ്പ് ഗ്രൂപ്പില്‍ പരസ്യം ചെയ്തതു മുതല്‍ ആകാഷിനെ സ്‌പെഷ്യല്‍ബ്രാഞ്ച് നിരീക്ഷിച്ചിരുന്നു. അസമില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനില്‍ എത്തിയ ഞങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കപ്പെട്ടതില്‍ വിഷമമുണ്ട്. വ്യക്തിപരമായി ആക്രമിക്കപ്പെടുന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ കുടുംബത്തെക്കുറിച്ച്‌ പരാമര്‍ശങ്ങള്‍ വന്നത്. കൊറോണ ബാധിച്ചിട്ടും തങ്ങള്‍ പുറത്ത് കറങ്ങി നടക്കുന്നു എന്ന പ്രചാരണം വരെ ചില വാട്‌സ് അപ്പ് ഗ്രൂപ്പില്‍ വന്നു. കാട്ടാക്കട പൊലീസാണ് തനിക്ക് വിവരങ്ങള്‍ നല്‍കിയത് എന്നാണ് ആകാഷ് പറയുന്നത്. കൊറോണ ബാധിതരായ ഞങ്ങളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതില്‍ ഞങ്ങള്‍ക്ക് വേദനയുണ്ട്-ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയില്‍ പറയുന്നു.

കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങള്‍ പുറത്ത് നല്‍കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നിലനില്‍ക്കുമ്ബോള്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി വിവരങ്ങള്‍ പുറത്ത് പറയുന്നത്. കൊറോണ ബാധിതരുടെ വ്യക്തിവിവരങ്ങള്‍ പുറത്ത് നല്‍കരുത് എന്ന സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശമാണ് കുന്നനാടും ലംഘിക്കപ്പെട്ടിരിക്കുന്നത്. ഒട്ടനവധി പേര്‍ അംഗങ്ങളായുള്ള കുന്നനാട് ദേവീ ക്ഷേത്രത്തിന്റെ പേരിലുള്ള വാട്സ് അപ്പ് ഗ്രൂപ്പിലാണ് ആകാഷ് വിവരങ്ങള്‍ പരസ്യമാക്കിയത്. ഇതോടെ ഈ കുടുംബത്തിനെതിരെ മറ്റ് ചില ഗ്രൂപ്പുകളിലും കാമ്ബയിന്‍ നടന്നിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>