Friday, 24 Sep, 11.42 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
അര്‍ജ്ജുനന് ഇരുട്ടത്ത് ആഹാരം കൊടുക്കരുതെന്ന് പറഞ്ഞ ഗുരു ദ്രോണര്‍; രാത്രിയിലെ കാറ്റ് വിളക്കണച്ചപ്പോള്‍ ശിഷ്യന്‍ തിരിച്ചറിഞ്ഞത് ഇരുട്ടത്തും ശരം ലക്ഷ്യത്തില്‍ കൊള്ളിക്കാമെന്ന വസ്തുത; രാത്രിയും പകലും കടുകിട ഉന്നം തെറ്റാതെ ലക്ഷ്യം ഭേദിക്കാന്‍ കരസേനയ്ക്കും കഴിയും; ഇന്ത്യന്‍ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്ന അര്‍ജ്ജുന്‍ ടാങ്കിന്റെ കഥ

ര്‍ജ്ജുനന് ഒരുകാരണവശാലും ഇരുട്ടത്ത് ആഹാരം കൊടുക്കരുതെന്നായിരുന്നു കൊട്ടാരം പരിചാരകര്‍ക്ക് ദ്രോണര്‍ നല്‍കിയ കല്‍പന. എന്തിനാണതെന്നറിയില്ലെങ്കിലും പരിചാരകര്‍ അക്ഷരം പ്രതി അത് അനുസരിച്ചുപോന്നു. എന്നല്‍, ഒരിക്കല്‍ അര്‍ജ്ജുനന്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്ബോള്‍ കാറ്റുവന്ന് വിളക്കണഞ്ഞു. കൂരിരുട്ടിലും ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടില്ലെന്നറിഞ്ഞ അര്‍ജ്ജുനന്‍ പിന്നെ ചിന്തിച്ചത് അങ്ങനെയെങ്കില്‍ ഇരുട്ടത്തും ശരം ലക്ഷ്യത്തില്‍ കൊള്ളിക്കാന്‍ ആവില്ലേ എന്നായിരുന്നു.

ഒരിക്കല്‍ രാത്രി ഞാണൊലി കേട്ടെത്തിയ ദ്രോണര്‍ കണ്ടത് വില്ലുകുലച്ച്‌ അമ്ബെയ്തുകൊണ്ടിരിക്കുന്ന അര്‍ജ്ജുനനേയായിരുന്നു. രാത്രിയിലും ലക്ഷ്യം ഭേദിക്കുവാനുള്ള പരിശീലനം നേടിയ ശിഷ്യനെ ലോകത്തിലാര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന അനുഗ്രഹവും നല്‍കിയിരുന്നു. ഈയൊരു കഥയാകാം, രാത്രിയിലും പകലും ഒരുപോലെ ലക്ഷ്യം ഭേദിക്കുന്ന ഒരു ടാങ്കിന് രൂപകല്പന നല്‍കിയപ്പോള്‍ അതിന് അര്‍ജ്ജുനന്‍ എന്ന പേര് നല്‍കാന്‍ പ്രചോദനമായത്.

ഏതായാലും മഹാഭാരതത്തിലെ അര്‍ജ്ജുനനെ പോലെത്തന്നെ സൈന്യത്തിന് എന്നും ആശ്രയിക്കാവുന്ന ഉത്തമ യുദ്ധടാങ്കാണ് പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അര്‍ജ്ജുന്‍ എന്ന യുദ്ധടാങ്ക്. ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിള്‍ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഈ ടാങ്കിന്റെ ഏറ്റവു പുതിയ തലമുറ ഇന്ത്യന്‍ സൈന്യം അധികം വൈകാതെ സ്വന്തമാക്കും. 118 യുദ്ധ ടാങ്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡറാണ് എച്ച്‌ വി എഫിന് പ്രതിരോധ മന്ത്രാലയം നല്‍കിയിരിക്കുന്നത്.

അര്‍ജ്ജുന്‍ ടാങ്കിന്റെ ചരിത്രം

1972-ലെ ബംഗ്ലാദേശിന്റെ വിമോചനത്തിനായി പാക്കിസ്ഥാനുമായി നടത്തിയ യുദ്ധത്തിനുശേഷമാണ് പുതിയൊരു യുദ്ധടാങ്കിന്റെ ആവശ്യകത ഇന്ത്യന്‍ സൈന്യം പ്രകടിപ്പിക്കുന്നത്. 120 എം എം റൈഫിള്‍ ഗണ്‍, കമ്ബ്യുട്ടറൈസ്ഡ് എഫ് സി എസ് എന്നിവയോടു കൂടിയ1,400 എച്ച്‌ പി ഡീസല്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന 50 ടണ്‍ പ്രധാന യുദ്ധടാങ്കായിരുന്നു സൈന്യത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. ഇത്തരമൊരു ടാങ്ക് ഇന്ത്യയില്‍ തന്നെ രൂപകല്പന നടത്തുവാന്‍ 1974 -ല്‍ തീരുമാനമാവുകയും അതിനുള്ള ഫണ്ട് ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവെലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ)ന്റെ കീഴിലുള്ള കോമ്ബാറ്റ് വെഹിക്കിള്‍ റിസര്‍ച്ച്‌ ആന്‍ഡ് ഡെവെലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന് (സി വി ആര്‍ ഡി ഇ) 1976 -ല്‍ കൈമാറുകയും ചെയ്തു.

അര്‍ജുന്‍ ടാങ്കിന്റെ രൂപ കല്പനയ്ക്കൊപ്പം ഇന്ത്യന്‍ സൈന്യത്തിനായിഭാവിയില്‍ കോംബാറ്റ് വെഹിക്കിളുകള്‍ രൂപ കല്പന ചെയ്യുവാനും ഇവരോട് ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മന്‍ സൈന്യത്തിലെ ലെപ്പേര്‍ഡ് 2 ടാങ്കുകള്‍ വികസിപ്പിച്ച ജര്‍മ്മന്‍ പ്രതിരോധ സ്ഥാപനമായ ക്രോസ്സ്-മാഫിയുമായി കണ്‍സള്‍ട്ടന്‍സി കരാറില്‍ ഏര്‍പ്പെട്ട ഡി ആര്‍ ഡി ഒ 1983-ല്‍ പദ്ധതി ആരംഭിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡും എച്ച്‌ വി എഫും സി വി ആര്‍ ഡി ഇയുമായി ചേര്‍ന്ന് അര്‍ജ്ജുന്‍ ടാങ്ക് വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടപ്പോള്‍, അതിലെ മേല്‍നോട്ടവും ഉദ്പന്നത്തിന്റെ ഗുണനിലവാര പരിശോധനയും വിലയിരുത്തലുമൊക്കെയായിരുന്നു ക്രോസ്സ്- മാഫിയുടെ ഉത്തരവാദിത്തം.

ആദ്യ പ്രോട്ടോടൈപ്പ് 1980-ല്‍ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് 1987 ലേക്ക് മാറ്റി. ഏതായാലും 1989-ല്‍ മാത്രമാണ് ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറക്കാന്‍ കഴിഞ്ഞത്. ജര്‍മ്മനിയുടെ പ്രധാന യുദ്ധടാങ്കായ ലിയോ2എ4 മായി ഏറെ സമാനതകളുള്ളതായിരുന്നു ഈ പ്രോട്ടോടൈപ്പ്. 1993 മുതല്‍ 96 വരെ ഇന്ത്യന്‍ സൈന്യം ഈ ടാങ്ക് നിരവധി തവണ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു. എഞ്ചിന്‍ അമിതമായി ചൂടാവുന്നതും, ആയുധ സിസ്റ്റത്തിന്റെ പ്രതീക്ഷിച്ച രീതിയിലുള്ള പ്രവര്‍ത്തനക്ഷമതയില്ലായ്മയും ഉള്‍പ്പടെ ചില ന്യുനതകള്‍ ഈ പരിശോധനയില്‍ കണ്ടെത്തി.

1996-ല്‍ ആയിരുന്നു പരിശോധനക്കും പരീക്ഷണത്തിനുമായി 14 പ്രീ പ്രൊഡക്ഷന്‍ സീരീസ് ടാങ്കുകള്‍ സൈന്യത്തിനു നല്‍കിയത്. ഏകദേശം പത്തോളം ന്യുനതകളായിരുന്നു ഈ ടാങ്കില്‍ സൈന്യം കണ്ടെത്തിയത്. യഥാര്‍ത്ഥ ടാങ്കുകള്‍ പുറത്തിറക്കുന്നതിനു മുന്‍പായി ഈ ന്യുനതകള്‍ പരിഹരിക്കേണ്ടതുണ്ടായിരുന്നു. 1974-ല്‍ 15.50 കോടിയുടെ ബജറ്റുമായി തുടങ്ങിയ പദ്ധതി 307.48 കോടി രൂപയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഈ കുറവുകള്‍ എല്ലാം പരിഹരിച്ച്‌ 1997-ല്‍ പി പി എസ് -15 പ്രോട്ടോടൈപ്പ് പുറത്തിറക്കി. 2000-ല്‍ 124 അര്‍ജുന്‍ എം കെ 1 ടാങ്കുകള്‍ക്കുള്ള ഓര്‍ഡര്‍ ഇന്ത്യന്‍ ആര്‍മി നല്‍കുകയും ചെയ്തു.

അര്‍ജ്ജുന്‍ ടാങ്കിന്റെ വിശേഷങ്ങള്‍

അര്‍ജ്ജുന്‍ യുദ്ധ ടാങ്കിനുള്ളത് റീകോയില്‍ സിസ്റ്റത്തോടുകൂടിയ ഒരു 120 എം എം റൈഫിള്‍ഡ് ഗണ്‍ ആണ്. ഗൈഡഡും അണ്‍ഗൈഡഡുമായ വിവിധയിനം അന്റി-ആര്‍മര്‍ മ്യുണിഷന്‍ തൊടുത്തുവിടാന്‍ ഇതിനു കഴിയും. കരുത്തുറ്റ ഇലക്‌ട്രോ-സ്ലാഗ്-റീമെല്റ്റിങ് സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ ടാങ്കിനെ തെര്‍മല്‍ സ്ലീവ് കൊണ്ട് ഇന്‍സുലേറ്റ് ചെയ്തിട്ടുമുണ്ട്. മാത്രമല്ല, ഉയര്‍ന്ന മര്‍ദ്ദം സഹിക്കുവാനുള്ള കഴിവുമുണ്ട്.

പുതിയ അര്‍ജ്ജുന്‍ ടാങ്കുകളിലും 120 എം എം റൈഫിള്‍ ഗണ്‍ ആണെങ്കിലും ബാരല്‍ കൂടുതല്‍ മെച്ചപ്പെട്ടതാണ്. അത്യൂഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ വരെ കൈകാര്യം ചെയ്യുവാനുള്ള സംവിധാനം ഈ ടാങ്കിനുണ്ട്. മാത്രമല്ല, വിവിധ പരിതസ്ഥിതികളിലും ഇതിന് സഞ്ചരിക്കാനുമാവും. അതുകൊണ്ടുതന്നെ ഏത് യുദ്ധമുഖത്തും ഇത് ഇന്ത്യയ്ക്ക് ഒരു തുണയാകും എന്നതില്‍ സംശയമൊന്നുമില്ല. മഹാഭാരതത്തിലെ അര്‍ജ്ജുനനെ പോലെ തികച്ചും വിശ്വസിക്കാവുന്ന ഒരു പോരാളിതന്നെയാണിവന്‍.

അതിനുപുറമെ പുതിയ അര്‍ജ്ജുന്‍ ടാങ്കില്‍ ബി ഇ എല്‍ വികസിപ്പിച്ചെടുത്ത ഒരു ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റവും ഉണ്ട്. മൈക്രോപ്രൊസസ്സര്‍ ബേസ്ഡ് സെന്‍സറുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു ഡിജിറ്റല്‍ ബാലിസ്റ്റിക് കമ്ബ്യുട്ടര്‍ ഉള്‍പ്പെട്ടതാണ് ഈ സിസ്റ്റം. ഇതനുസരിച്ച്‌ വാഹനത്തിന്റെ വേഗത, ലക്ഷ്യത്തിന്റെ റേഞ്ച്, കോണളവ്, കാറ്റിന്റെ വേഗത എന്നിവയെല്ലാം കണക്കാക്കി ലക്ഷ്യത്തില്‍ തന്നെ വെടിയുതിര്‍ക്കാന്‍ സാധിക്കും. മാത്രമല്ല, രാത്രിയും പകലും, ഏത് കാലാവസ്ഥയിലും ഇത് കൃത്യമായി ലക്ഷ്യം ഭേദിക്കുകയും ചെയ്യും.

ഡിഫന്‍സ് മെറ്റല്ലര്‍ജിക്കല്‍ റിസര്‍ച്ച്‌ ലബൊറട്ടറി സ്ഥിതിചെയ്യുന്ന ഹൈദരാബാദിലെ കാഞ്ചന്‍ബാഗ് എന്ന സ്ഥലത്തിന്റെ പേരു നല്‍കിയ കാഞ്ചന്‍ ആര്‍മര്‍ എന്നൊരു ആവരണം ഈ ടാങ്കിനെ സംരക്ഷിക്കുന്നു. ഇത് പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ രൂപ കല്പന ചെയ്തതാണ്. റോള്‍ഡ് ഹോമോജീനസ് ആര്‍മര്‍ പ്ലേറ്റുകള്‍ക്കിടയില്‍ സിറാമിക് ടൈലുകളും കോമ്ബോസിറ്റ് പാനലുകളും അടുക്കിവച്ചാണ് ഈ ആവരണം ഉണ്ടാക്കിയിരിക്കുന്നത്.

പ്രതിരോധ മേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രാവര്‍ത്തികമാകുമ്ബോള്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സ്വപ്ന പദ്ധതി തന്നെയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത്. ഈ പദ്ധതിക്ക് ഒരു പ്രോത്സാഹനമാവുകയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ ഓര്‍ഡര്‍. 118 അര്‍ജ്ജുന്‍ ടാങ്കുകള്‍ വാങ്ങുവനുള്ള ഓര്‍ഡറാണ് ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിള്‍ ഫാക്ടറിക്ക് പ്രതിരോധ മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഫയര്‍ പവര്‍, മൊബിലിറ്റി, എന്നിവ മെച്ചപ്പെടുത്തിയ പുതിയ ടാങ്കുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. പഴയ ടാങ്കില്‍ നിന്നും വിഭിന്നമായി 72 കൂടുതല്‍ സവിശേഷതകള്‍ ഇതിനുണ്ടാകും എന്നാണ് അറിയുന്നത്.

7,523 കോടി രൂപയുടെ ഈ ഓര്‍ഡര്‍ എച്ച്‌ വി എഫിനു മാതമല്ല, മറിച്ച്‌ നിരവധി ചെറുകിട ഇന്ത്യന്‍ കമ്ബനികള്‍ക്കും നിരവധി അവസരങ്ങള്‍ ഒരുക്കും. പ്രത്യക്ഷമായും പരോക്ഷമായും ഏകദേശം 8000 പേര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top