തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷയായ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി എസ് സി) ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളുടെയും സ്വജനപക്ഷപാതത്തിന്റെയും നിഴലിലാണ്.
ആസൂത്രണ ബോര്‍ഡിലെ ഇന്റസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തികയിലേക്ക് നടന്ന നിയമനത്തിലെ ഗുരുതര തിരിമറിയില്‍ ഇടത് സര്‍വീസ് സംഘടനാ നേതാവ് അരുണ്‍ ജെ പ്രതാപും പി എസ് സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവും പ്രതികളാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ പരക്കെ ഉയരുന്നത്. അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഇതിനോടകം ഉയര്‍ന്നിരിക്കുന്നത്.
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയില്‍ ഒന്നാം റാങ്ക് ഒപ്പിച്ചു നല്‍കാന്‍ നടന്നത് മുന്‍കൂട്ടി തയ്യാറാക്കിയ പക്കാ തിരക്കഥയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇടതു സര്‍വീസ് സംഘടനാ സജീവ പ്രവര്‍ത്തകനായ അരുണ്‍ ജെ പ്രതാപിന് ഒന്നാം റാങ്ക് നല്‍കാനായി പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും 10 നിര്‍ണ്ണായക ഉത്തരങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെ ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു. ആകെ 58 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഇത്തരത്തില്‍ വെട്ടിക്കളഞ്ഞത്. അരുണ്‍ എഴുതാതിരുന്നതും തെറ്റിച്ചതുമായ ചോദ്യങ്ങള്‍ ഒഴിവാക്കിയതിലൂടെ അദ്ദേഹത്തിന് വമ്പന്‍ മാര്‍ക്ക് തിരിമറിയിലൂടെ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്താന്‍ വഴി തെളിഞ്ഞു.
ഈ 10 ചോദ്യങ്ങള്‍ കൂടി കൃത്യമായി മൂല്യനിര്‍ണ്ണയം നടത്തിയിരുന്നെങ്കില്‍ അരുണ്‍ ജെ പ്രതാപിന് റാങ്ക് പട്ടികയില്‍ ഇടം പിിക്കാന്‍ പോലും കഴിയില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കാരണം, ഒഴിവാക്കപ്പെട്ട പത്ത് ചോദ്യങ്ങളില്‍ നാലെണ്ണത്തിന് അരുണ്‍ ഉത്തരമേ എഴുതിയിരുന്നില്ല. ബാക്കി ആറെണ്ണത്തിന് എഴുതിയതാകട്ടെ വെറും തള്ളുകളും തെറ്റായ ഉത്തരങ്ങളുമായിരുന്നു. സഖാവിന്റെ മാര്‍ക്ക് കുറയാതിരിക്കാന്‍ മൂല്യനിര്‍ണ്ണയം നടത്തിയ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തിയ ഈ കളി പി എസ് സിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമാകുന്നത് ക്രൈംബ്രാഞ്ചിന്റെ തന്ത്രപരമായ നീക്കങ്ങളാണ്. ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ ഉദ്യോഗസ്ഥരുടെയോ അരുണ്‍ ജെ പ്രതാപിന്റെയോ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം എടുക്കാനുള്ള അവസരം നിഷേധിക്കാനും, തെളിവുകള്‍ നശിപ്പിക്കപ്പെടുന്നത് തടയാനും വേണ്ടിയാണ് അന്വേഷണ സംഘം ഈ തന്ത്രം പയറ്റിയത്. ചോദ്യം ചെയ്യലുകളിലൂടെ ആ പത്ത് ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവിട്ട യഥാര്‍ത്ഥ സൂത്രധാരനിലേക്ക് എത്താനാണ് ക്രൈംബ്രാഞ്ച് ഐജി അജീതാ ബേഗം, എസ്പി സക്കറിയ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ പദ്ധതി.
ഈ കൂറ്റന്‍ ക്രമക്കേടില്‍ പി എസ് സി ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവും മറ്റു ബോര്‍ഡ് അംഗങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എഴുത്തുപരീക്ഷയ്ക്ക് പുറമെ 40 മാര്‍ക്കിന്റെ അഭിമുഖം നടത്തിയത് പി എസ് സി ചെയര്‍മാന്‍ ഉള്‍പ്പെടുന്ന ബോര്‍ഡാണ്. മാര്‍ക്ക് ലിസ്റ്റ് ഇതുവരെ പി എസ് സി പുറത്തുവിട്ടിട്ടില്ലെന്നത് സംശയം ഇരട്ടിപ്പിക്കുന്നു. എഴുത്തുപരീക്ഷയില്‍ മാര്‍ക്ക് കുറവുള്ളവര്‍ക്ക് അഭിമുഖത്തില്‍ വഴിവിട്ട് ഉയര്‍ന്ന മാര്‍ക്ക് നല്‍കി റാങ്ക് പട്ടികയില്‍ മുന്നിലെത്തിക്കാന്‍ ശ്രമം നടന്നോ എന്ന കാര്യം ഇന്റര്‍വ്യൂ രേഖകള്‍ പരിശോധിക്കുന്നതോടെ വ്യക്തമാകും.
മൂല്യനിര്‍ണ്ണയം നടത്തിയ അഡീഷണല്‍ സെക്രട്ടറി, സെക്രട്ടറി തലത്തിലുള്ള രണ്ടു ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പി എസ് സിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇത്തരമൊരു വെട്ടിനിരത്തല്‍ മൂല്യനിര്‍ണ്ണയ വേളയില്‍ നടക്കില്ലെന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ, കേസില്‍ കൂടുതല്‍ പി എസ് സി മെമ്പര്‍മാരിലേക്കും അന്വേഷണത്തിന്റെ നിഴല്‍ നീളുകയാണ്. ചോദ്യം ചെയ്യലുകളിലൂടെയും ഡിജിറ്റല്‍ തെളിവുകളിലൂടെയും ഈ പത്ത് ചോദ്യങ്ങളുടെ മൂല്യനിര്‍ണ്ണയം ഒഴിവാക്കിയതിന് പിന്നിലെ വലിയ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.
അഞ്ചാം റാങ്കുകാരനും ഇറിഗേഷന്‍ വകുപ്പ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ വി എസ് ജയലാല്‍ നടത്തിയ പോരാട്ടമാണ് ഈ വമ്പന്‍ തിരിമറി പുറത്തെത്തിച്ചത്. 30 വര്‍ഷമായി പി എസ് സി പരീക്ഷകളെഴുതുന്ന ജയലാല്‍, റാങ്ക് ലിസ്റ്റ് വന്ന് ദിവസങ്ങള്‍ക്കകം ഉത്തരസൂചികയ്ക്കായി അപേക്ഷിച്ചെങ്കിലും വിവരം നല്‍കാതെ പി എസ് സി ഒരു വര്‍ഷത്തോളം കേസ് മുക്കുകയായിരുന്നു. ഒടുവില്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പ് കഷ്ടപ്പെട്ട് ഒപ്പിച്ചെടുത്തപ്പോഴാണ് എട്ടാമത്തെ ചോദ്യത്തിന് ശേഷം പത്തൊമ്പതാം ചോദ്യത്തിനാണ് മാര്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം വെളിപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആസൂത്രണ ബോര്‍ഡിലെ ഈ പരീക്ഷയില്‍ മാത്രമല്ല, സമാനമായ രീതിയില്‍ മറ്റ് പല പി എസ് സി പരീക്ഷകളിലും ഇത്തരത്തില്‍ മൂല്യനിര്‍ണ്ണയത്തില്‍ തിരിമറികള്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നിലവില്‍ 90-ഓളം പരാതികളാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയിരിക്കുന്നത്. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എസ് ഐ ടി വിപുീകരിക്കാന്‍ ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ പച്ചക്കൊടി ലഭിക്കുന്നതോടെ ഉന്നത ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
മെറിറ്റും കഴിവും നോക്കി പരീക്ഷയെഴുതുന്ന പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചുകൊണ്ട്, സ്വന്തം പാര്‍ട്ടി അനുഭാവിയെ തന്ത്രപരമായി ഉയര്‍ന്ന തസ്തികയില്‍ പ്രതിഷ്ഠിക്കാന്‍ നടന്നത് സമാനതകളില്ലാത്ത സ്വജനപക്ഷപാതമാണ്. പി എസ് സി എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വസ്തത തച്ചുടച്ച ഈ കുംഭകോണത്തില്‍ രാഷ്ട്രീയ ഉന്നതരുടെയും പി എസ് സി ഭരണസമിതിയുടെയും പങ്കാളിത്തം തെളിഞ്ഞാല്‍ അത് സര്‍ക്കാരിനും വലിയ തിരിച്ചടിയാകും.
വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലുകള്‍ പി എസ് സിയുടെ ചരിത്രത്തിലെ തന്നെ നിര്‍ണ്ണായക നിമിഷങ്ങളായിരിക്കും. അരുണ്‍ ജെ പ്രതാപിലേക്ക് മാത്രമല്ല, ചോദ്യക്കടലാസിലെ നിര്‍ണ്ണായക പേജുകള്‍ മുറിച്ചുമാറ്റാന്‍ ഒത്താശ ചെയ്ത ഓരോ പി എസ് സി ഉദ്യോഗസ്ഥനിലേക്കും ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങളിലേക്കും അന്വേഷണം നീളുമ്പോള്‍, കേട്ടുകേള്‍വിയില്ലാത്ത സാമ്പത്തിക-അധികാര ദുര്‍വിനിയോഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്ന് ഉറപ്പാണ്.

