Dailyhunt
അസമില്‍ മെയ് 12ന് സത്യപ്രതിജ്ഞ? മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രാജി സമര്‍പ്പിച്ചു; നിയമസഭാ കക്ഷി നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കും

അസമില്‍ മെയ് 12ന് സത്യപ്രതിജ്ഞ? മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രാജി സമര്‍പ്പിച്ചു; നിയമസഭാ കക്ഷി നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കും

ഗുവാഹത്തി: അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കി ബിജെപി.

നിലവിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വന്‍ മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍, ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് അദ്ദേഹം രാജിവെച്ചത്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഹിമന്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനായി ബിജെപി ദേശീയ നേതൃത്വം പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു കഴിഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനി എന്നിവര്‍ ഈ ആഴ്ച അവസാനത്തോടെ ഗുവാഹത്തിയിലെത്തും. നിയമസഭാ കക്ഷി യോഗത്തില്‍ പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുത്ത ശേഷം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഹിമന്ത ബിശ്വ ശര്‍മ തന്നെ വീണ്ടും മുഖ്യമന്ത്രിയാകാനാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മെയ് 12-ന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തേക്കും. അസമില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ബിജെപി സഖ്യം അധികാരത്തിലെത്തുന്നത് എന്നത് ചരിത്രപരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ 126 അംഗ നിയമസഭയില്‍ ബിജെപിക്ക് തനിച്ചുതന്നെ വ്യക്തമായ ഭൂരിപക്ഷമുണ്ട്. ബിജെപി മാത്രം 82 സീറ്റുകള്‍ നേടിയപ്പോള്‍ സഖ്യകക്ഷികളായ അസം ഗണ പരിഷത്ത് ഒന്‍പത് സീറ്റുകളിലും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് പത്ത് സീറ്റുകളിലും വിജയിച്ചു. പ്രതിപക്ഷമായ കോണ്‍ഗ്രസിന് വെറും 19 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും റായ്ജോര്‍ ദളും രണ്ട് വീതം സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചു. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന പുതിയ സര്‍ക്കാര്‍ അസമിന്റെ വികസന കുതിപ്പിന് കൂടുതല്‍ വേഗത നല്‍കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali