Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'അതൊരു വെറും തമാശയായിരുന്നു, പക്ഷേ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി അറസ്റ്റ്'; ഗൂഗിള്‍ മാപ്സിനെക്കുറിച്ച്‌ റീല്‍; ഇന്ത്യക്കാരന് യുഎഇ നല്‍കിയത് 47 ദിവസത്തെ കഠിന തടവ്, ഒടുവില്‍ നാടുകടത്തി; അഴുക്കുനിറഞ്ഞ സെല്ലിലെ നരകയാതന വിവരിച്ച്‌ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ

'അതൊരു വെറും തമാശയായിരുന്നു, പക്ഷേ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി അറസ്റ്റ്'; ഗൂഗിള്‍ മാപ്സിനെക്കുറിച്ച്‌ റീല്‍; ഇന്ത്യക്കാരന് യുഎഇ നല്‍കിയത് 47 ദിവസത്തെ കഠിന തടവ്, ഒടുവില്‍ നാടുകടത്തി; അഴുക്കുനിറഞ്ഞ സെല്ലിലെ നരകയാതന വിവരിച്ച്‌ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ

മുംബൈ: സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചെറിയൊരു തമാശ പോലും പ്രവാസരാജ്യത്ത് നിങ്ങളെ എങ്ങനെ ഒരു 'ദേശീയ സുരക്ഷാ ഭീഷണിയാക്കി' മാറ്റുമെന്നതിന്റെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലുമായി ഇന്ത്യൻ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ യാഷ് ഭരദ്വാജ്.

ദുബായിലെ ഗൂഗിള്‍ മാപ്സിന്റെ പ്രവർത്തനത്തെക്കുറിച്ച്‌ ഇൻസ്റ്റാഗ്രാമില്‍ തമാശ വീഡിയോ പങ്കുവെച്ചതിന്റെ പേരില്‍ യുഎഇ ഭരണകൂടം 47 ദിവസം തടവിലിട്ട ശേഷമാണ് ഈ മുംബൈ സ്വദേശിയെ നാട്ടിലേക്ക് നാടുകടത്തിയത്. മെയ് 5-ന് ഇന്ത്യയില്‍ തിരിച്ചെത്തിയ യാഷ്, ദുബായ് ജയിലില്‍ തനിക്ക് നേരിടേണ്ടി വന്ന കടുത്ത ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച്‌ ഇൻസ്റ്റാഗ്രാമിലൂടെയാണ് മനസ്സ് തുറന്നത്.

ദുബായില്‍ ഗൂഗിള്‍ മാപ്സ് കൃത്യമായി പ്രവർത്തിക്കാത്തതിനെക്കുറിച്ചായിരുന്നു വീഡിയോ. അമേരിക്കയും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയ തർക്കങ്ങളുമായി ബന്ധപ്പെട്ട് ദുബായിലുണ്ടായ ജിപിഎസ് (GPS) തടസ്സങ്ങളെ തമാശ രൂപേണ അവതരിപ്പിക്കുകയാണ് യാഷ് ചെയ്തത്. എന്നാല്‍, മാർച്ച്‌ 19-ന് ദുബായില്‍ ഒരു കോമഡി ഷോയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ദുബായ് പോലീസിന്റെ ആസ്ഥാനത്ത് അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ യാഷിന് ഫോണ്‍ കോള്‍ ലഭിച്ചു.

താനൊരു തമാശയായി ചെയ്ത വീഡിയോ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന ഒന്നായാണ് ദുബായ് അധികൃതർ വിലയിരുത്തിയതെന്ന് യാഷ് പറയുന്നു. "അതൊരു സാധാരണ തമാശ വീഡിയോ മാത്രമായിരുന്നു. എന്നാല്‍ അധികൃതർക്ക് അതില്‍ യാതൊരു തമാശയും തോന്നിയില്ല. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ആളെന്ന നിലയിലാണ് അവർ എന്നെ അറസ്റ്റ് ചെയ്തതും തടവിലാക്കിയതും. തുടർന്ന് 47 ദിവസമാണ് എനിക്ക് തടവറയില്‍ കഴിയേണ്ടി വന്നത്," യാഷ് ഭരദ്വാജ് വ്യക്തമാക്കി.

നാടുകടത്തുന്നതിന് മുൻപ് ഏഴ് ആഴ്ചയോളമാണ് യാഷ് ദുബായിലെ സെൻട്രല്‍ ഡിറ്റൻഷൻ സെന്ററില്‍ കഴിഞ്ഞത്. അങ്ങേയറ്റം അശുചിത്വമുള്ളതും ആളുകള്‍ കുത്തിനിറച്ചതുമായ നിയന്ത്രണങ്ങളില്ലാത്ത ഒരു തടവറയായിരുന്നു അതെന്ന് യാഷ് ഓർക്കുന്നു. കേസിന്റെ അനിശ്ചിതത്വം തന്നെയും കുടുംബത്തെയും ശാരീരികമായും സാമ്പത്തികമായും തളർത്തിയെന്നും താരം കൂട്ടിച്ചേർത്തു. മുംബൈയില്‍ തിരിച്ചെത്തിയ യാഷ് വീണ്ടും സ്റ്റേജുകളില്‍ സജീവമായിക്കഴിഞ്ഞു. സഹപ്രവർത്തകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ലഭിച്ച വലിയ പിന്തുണയാണ് സാധാരണ ജീവിതത്തിലേക്ക് വേഗത്തില്‍ തിരിച്ചെത്താൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ തന്റെ സ്റ്റാൻഡ്-അപ്പ് കരിയർ ആരംഭിച്ച ബെംഗളൂരുവിലേക്ക് താമസം മാറാനാണ് യാഷ് ഭരദ്വാജിന്റെ തീരുമാനം. പുതിയ പ്രതീക്ഷകളോടെ തന്റെ ക്രിയേറ്റീവ് പ്രൊജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എങ്കിലും, അന്താരാഷ്ട്ര തലത്തിലുള്ള തന്ത്രപ്രധാനമായ വിഷയങ്ങളില്‍ പറയുന്ന ചെറിയൊരു തമാശ പോലും എത്രത്തോളം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ അനുഭവമെന്ന് യാഷ് പറയുന്നു. അതേസമയം, ഈ സംഭവത്തെക്കുറിച്ച്‌ ദുബായ് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali