റാവല്‍കോട്ട്: പാക് അധീന കശ്മീരിലെ (PoK) റാവല്‍ക്കോട്ടില്‍ ജനകീയ പ്രക്ഷോഭവും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലും കടുക്കുന്നു.
മേഖലയില്‍ അവകാശങ്ങള്‍ക്കായി പോരാടുന്ന ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (JAAC) ജനങ്ങളോട് കൂട്ടമായി ഒത്തുചേരാന്‍ ആഹ്വാനം ചെയ്തു. ജനകീയ മുന്നേറ്റത്തില്‍ നിന്ന് ഇനി പിന്നോട്ടില്ലെന്നും അവകാശങ്ങള്‍ക്കായി നെഞ്ചുവിരിച്ചു നില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കമ്മിറ്റി കോര്‍ അംഗം ഖാജ മെഹ്റാന്‍ വ്യക്തമാക്കി. റാവല്‍ക്കോട്ടില്‍ നിലയുറപ്പിച്ചിരിക്കുന്ന പാക് സുരക്ഷാ സേനയോട് ഉടന്‍ നഗരം വിട്ടുപോകാന്‍ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ റാവല്‍ക്കോട്ടിലെ ഡി-ചൗക്കിന്റെ നിയന്ത്രണം പ്രക്ഷോഭകര്‍ ഏറ്റെടുത്തതായും കൂടുതല്‍ ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നും സംഘടന അറിയിച്ചു.
പാക് അധീന കശ്മീരിലെ അസംബ്ലി തെരഞ്ഞെടുപ്പിലെ തര്‍ക്കവിഷയമായ 12 സീറ്റുകളെ ചൊല്ലിയും, കടുത്ത പണപ്പെരുപ്പം, ഉയര്‍ന്ന വൈദ്യുതി നിരക്ക് എന്നിവയ്‌ക്കെതിരെയുമാണ് കഴിഞ്ഞ രണ്ടു മാസമായി ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നത്. ജൂണ്‍ മാസത്തില്‍ ഈ സംഘടനയെ പ്രാദേശിക സര്‍ക്കാര്‍ നിരോധിച്ചതോടെയാണ് പ്രക്ഷോഭം ചോരക്കളമായി മാറിയത്. ഇതിനെത്തുടര്‍ന്ന് ബാങ്കിംഗ്, ഗതാഗതം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. സുരക്ഷാ കാരണങ്ങളാല്‍ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
റാവല്‍ക്കോട്ടില്‍ പ്രക്ഷോഭകരും പാക് സുരക്ഷാ സേനയും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലില്‍ ഇതുവരെ 30 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജൂണ്‍ മുതല്‍ ഇതുവരെ നടന്ന അടിച്ചമര്‍ത്തലുകളില്‍ 40 ലേറെ നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രക്ഷോഭത്തിനിടെ വെടിയേറ്റും പരിക്കേറ്റും നൂറുകണക്കിന് ആളുകളാണ് ചികിത്സയിലുള്ളത്. അറസ്റ്റ് ഭയന്ന് പലരും പ്രധാന ആശുപത്രികളില്‍ ചികിത്സ തേടാന്‍ ഭയക്കുന്നതിനാല്‍ താല്‍ക്കാലിക ക്ലിനിക്കുകളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരിലും ഗുരുതരമായി പരിക്കേറ്റവരിലും ഭൂരിഭാഗവും 15 നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്.
തങ്ങളുടെ സമരം ഏതെങ്കിലും പ്രത്യേക സ്ഥാപനത്തിന് എതിരല്ലെന്നും എന്നാല്‍ പണപ്പെരുപ്പത്തില്‍ നിന്നും രക്ഷയും അടിസ്ഥാന അവകാശങ്ങളും മാത്രമാണ് തങ്ങള്‍ ചോദിച്ചതെന്നും അതിനാണ് ഭരണകൂടം തങ്ങള്‍ക്ക് നേരെ വെടിയുണ്ടകള്‍ ഉതിര്‍ത്തതെന്നും പ്രക്ഷോഭകര്‍ പറയുന്നു. അതേസമയം, സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവെച്ചു എന്ന ആരോപണം പാക് അധീന കശ്മീര്‍ സര്‍ക്കാര്‍ തള്ളി. ക്രമസമാധാന പാലകര്‍ക്ക് നേരെ ആക്രമണം നടത്തിയവര്‍ക്കും പൊതുസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയവര്‍ക്കും എതിരെയുമാണ് നടപടിയെടുത്തതെന്നാണ് പാക് അധികൃതരുടെ വാദം. പ്രക്ഷോഭകര്‍ ആയുധങ്ങള്‍ ഉപയോഗിച്ചെന്നും പോലീസ് ആരോപിക്കുന്നു.
പാക് അധീന കശ്മീരില്‍ ജനങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തുന്ന ക്രൂരമായ അടിച്ചമര്‍ത്തലിനെയും ബലപ്രയോഗത്തെയും ഇന്ത്യ ശക്തമായി അപലപിച്ചു. സമാധാനപരമായി പ്രതിഷേധിച്ച സാധാരണക്കാര്‍ക്ക് നേരെ ക്രൂരമായ ശക്തി ഉപയോഗിക്കുന്ന പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇസ്ലാമാബാദിനെതിരെ രംഗത്തുവരണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അധിനിവേശ കശ്മീരിലെ നിരപരാധികളായ ജനങ്ങളോട് പാകിസ്ഥാന്‍ ഭരണകൂടത്തിനുള്ള പൂര്‍ണ്ണമായ അവഗണനയാണ് പ്രക്ഷോഭകരായ പൗരന്മാരെ പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് 'ശത്രുക്കള്‍' എന്ന് വിശേഷിപ്പിച്ചതിലൂടെ വ്യക്തമായതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

