Monday, 26 Jul, 8.32 am മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
ഔദാര്യമായി കിട്ടിയ മന്ത്രിസ്ഥാനം ഐഎന്‍എല്ലിന്റെ അടിവേരറുക്കുമോ? എകെജി സെന്ററില്‍ വിളിച്ച്‌ ശാസിച്ചു ദിവസങ്ങള്‍ കഴിയും മുമ്ബുള്ള തമ്മിലടിയിലും പിളര്‍പ്പിലും സിപിഎമ്മിന് കലിപ്പ്; മുന്നണി യോഗത്തില്‍ കയറ്റണമെങ്കില്‍ ഒരുമിച്ചു വരേണ്ടി വരും; മന്ത്രിയുടെ പക്ഷത്തിന് പിന്തുണ കുറവെങ്കില്‍ സ്ഥാനവും തെറിക്കും

തിരുവനന്തപുരം: പൊതുവേ യുഡിഎഫ് രാഷ്ട്രീയത്തിലെ കക്ഷികളില്‍ കാണുന്ന വെല്ലുവിളിയും തമ്മിലടിയും പുറത്താക്കലുമാണ് ഇടതു മുന്നണിയില്‍ ഇന്നലെ സാക്ഷ്യം വഹിച്ചത്. ഭരണം തുടങ്ങി കുറച്ചു നാള്‍ കഴിയും മുമ്ബ് തന്നെ ഒരു മന്ത്രിസ്ഥാനമുള്ള പാര്‍ട്ടിയിലെ പൊട്ടിത്തെറിയും കലഹവും ഇടതു മുന്നണിക്ക് മുഴുവന്‍ നാണക്കേടാണ്. ഔദാര്യമായി കിട്ടിയ മന്ത്രിസ്ഥാനം ഐഎന്‍എല്ലിന്റെ അടിവേരറുക്കുമോ? എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നത്. ഇരുപക്ഷവും ഒരുമിച്ചു വരാത്ത പക്ഷം മുന്നണി യോഗങ്ങളില്‍ പ്രവേശനം പോലും ഐഎന്‍എല്ലിന് ദുഷ്‌ക്കരമാകും. ഇപ്പോഴത്തെ നിലയില്‍ തര്‍ക്കം തുടര്‍ന്നാല്‍ മന്ത്രിസ്ഥാനം പിടിച്ചു വാങ്ങുന്നതും എല്‍ഡിഎഫ് ആലോചിക്കുന്നുണ്ട്.

ഐഎന്‍എല്ലില്‍ ഉണ്ടായ പിളര്‍പ്പില്‍ സിപിഎം കടുത്ത അമര്‍ഷത്തിലാണ്. ഐഎന്‍എല്ലില്‍ ഉണ്ടായ പിളര്‍പ്പില്‍ സിപിഎമ്മിനു കടുത്ത രോഷമാണ്. ഏതു വിഭാഗത്തെ തള്ളണം, കൊള്ളണം എന്നത് അവര്‍ ആലോചിച്ചിട്ടില്ല. രണ്ടു കൂട്ടരും ഒരുമിച്ചു പോകണമെന്നാണു പാര്‍ട്ടി ആവശ്യപ്പെടുന്നത്. പാര്‍ട്ടികള്‍ പിളര്‍ന്നാല്‍ രണ്ടു കൂട്ടരെയും തല്‍ക്കാലത്തേക്കെങ്കിലും മുന്നണിയില്‍ നിന്നു പുറത്തു നിര്‍ത്തുന്ന രീതി സിപിഎം പിന്തുടരാറുണ്ട്. പിന്നീട് ഔദ്യോഗിക വിഭാഗം എന്ന വിശേഷണം ആര്‍ജിക്കുന്നവരെ മുന്നണിയിലേക്കു പരിഗണിച്ചാലായി. കേരള കോണ്‍ഗ്രസിലെ പി.സി.തോമസ് വിഭാഗം പിളര്‍ന്നപ്പോള്‍ ഒരു വിഭാഗത്തെ മുന്നണി യോഗത്തില്‍ നിന്ന് ഇറക്കിവിട്ട ചരിത്രവുമുണ്ട്.

ഐഎന്‍എല്ലിന്റെ കാര്യത്തില്‍ രണ്ടു വിഭാഗങ്ങളെയും എല്‍ഡിഎഫില്‍ എടുക്കാന്‍ ഒരു സാധ്യതയുമില്ല. പാര്‍ട്ടിയുടെ ഏക എംഎല്‍എയും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍, കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ആ വിഭാഗത്തിനു മേല്‍ക്കൈ ലഭിച്ചേക്കാം. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും ഇവര്‍ക്കാണെന്ന സൂചനയുണ്ട്. പക്ഷേ, പാര്‍ട്ടി ഭാരവാഹികളും ജില്ലാ ഘടകങ്ങളും പ്രവര്‍ത്തകരും എല്ലാം തങ്ങള്‍ക്കൊപ്പം എന്നാണു രണ്ടു വിഭാഗങ്ങളും അവകാശപ്പെടുന്നത്. മലബാര്‍ മേഖലയിലെ ജില്ലാ ഘടകങ്ങളോടും നേതാക്കളോടും സിപിഎം അഭിപ്രായം തേടിയേക്കും.

ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയും അവരുടെ മന്ത്രിയും എന്ന നിലയില്‍ മന്ത്രിസഭയില്‍ നിന്നു തിരക്കിട്ട് ഒഴിവാക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ മന്ത്രിയെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടിയില്‍ ദുര്‍ബലരാണ് എന്നു തെളിയിക്കപ്പെട്ടാല്‍ കടുത്ത തീരുമാനം എല്‍ഡിഎഫിന് എടുക്കേണ്ടിയും വരും. പിഎസ് സി അംഗത്വ വിഷയത്തില്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നേതാക്കളെ സിപിഎം എകെജി സെന്ററില്‍ വിളിച്ചു ശാസിച്ചതാണ്.

വിഴുപ്പലക്കല്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ പേരിലാണെങ്കിലും മുന്നണിക്ക് പൊറുപ്പിക്കാനാകില്ലെന്നായിരുന്നു ശാസന. പക്ഷേ, തല്ല് തെരുവിലാക്കി പരസ്പരം പഴിചാരി പിളര്‍ന്നിരിക്കുകയാണ് ഐ.എന്‍.എല്‍. ഇനി ഇടതുമുന്നണിയില്‍ ഏതു വിഭാഗത്തിനാണ് ഇടംകിട്ടുകയെന്നതും രണ്ടു വിഭാഗത്തെയും കൂടെനിര്‍ത്തുമോയെന്നതും ചോദ്യമാണ്. ഇതില്‍ സിപിഎമ്മിന്റെ നിലപാട് നിര്‍ണായകമാകും. ഐ.എന്‍.എല്‍. ദേശീയ നേതൃത്വം, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പമാണെന്നാണ് സൂചന. മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഈ വിഭാഗത്തിലാണ്. അതിനാല്‍, ഔദ്യോഗിക വിഭാഗമായി കാസിമിനെയും കൂട്ടരെയും കണ്ട് മുന്നണിയില്‍ നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് എളുപ്പമാണ്. അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനത്തിനും പരിക്കുണ്ടാകില്ല.

അതേസമയം ആര്‍ക്കാണ് ജനുപിന്തുണ എന്ന കാര്യം അടക്കം സിപിഎമ്മിന് നിര്‍ണായകമാണ്. ഘടകകക്ഷി അംഗത്വവും മന്ത്രിപദവും കൊടുത്തപ്പോള്‍ സിപിഎം നേതൃത്വത്തിനു കൊടുത്ത വാക്ക് ഐഎന്‍എല്‍ തെറ്റിച്ചു. മുസ്ലിംലീഗിന്റെ കോട്ടകളില്‍ വിള്ളല്‍ വീഴ്‌ത്താനും ലീഗിലെ കൂടുതല്‍ പേരെ ഇടതു പാളയത്തിലേക്ക് എത്തിക്കാനും എല്ലാ ശ്രമവും നടത്തുമെന്നായിരുന്നു അവര്‍ നല്‍കിയ ഉറപ്പ്. രണ്ടര വര്‍ഷത്തേക്ക് ആണെങ്കിലും മന്ത്രിസ്ഥാനം ലഭിച്ചതോടെ ഐഎന്‍എല്ലില്‍ ചേരുന്നവരുടെ എണ്ണം കൂടുകയും ചെയ്തിരുന്നു. അതിനിടയിലാണു പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കം എല്ലാ സീമകളും ലംഘിച്ചത്.

സ്‌കറിയാ തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് എല്‍ഡിഎഫില്‍ ഘടകകക്ഷിയായ ആ കേരള കോണ്‍ഗ്രസ് വിഭാഗവും പിളര്‍ന്നിരുന്നു. മറു കൂട്ടരെ മുന്നണിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു വിഭാഗങ്ങളും എല്‍ഡിഎഫിനു കത്തു നല്‍കിയിരിക്കുകയാണ്. അതിനു പിന്നാലെയാണ് ഐഎന്‍എല്ലിലെ പൊട്ടിത്തെറി. ദേശീയനേതൃത്വം കാസിം ഇരിക്കൂറിനെ പിന്തുണച്ചതോടെ സംസ്ഥാന പ്രസിഡന്റ് പി.വി. അബ്ദുള്‍ വഹാബിന് പുതിയ പാര്‍ട്ടിയുണ്ടാക്കേണ്ടിവരും. അല്ലെങ്കില്‍, ദേശീയ നേതൃത്വത്തെ കൂടെനിര്‍ത്തി യഥാര്‍ഥ ഐ.എന്‍.എല്‍. തങ്ങളാണെന്ന് എല്‍.ഡി.എഫിനെക്കൂടി ബോധ്യപ്പെടുത്തേണ്ടിവരും. കൂടെനിര്‍ത്തിയാലും രണ്ടുവിഭാഗത്തെയും ഘടകകക്ഷിയാക്കുന്നതില്‍ സിപിഎമ്മിന് താല്‍പ്പര്യമില്ല.

ഇടതുമുന്നണിയില്‍ മുസ്ലിം വിഭാഗത്തിന്റെ പ്രാതിനിധ്യമാണ് ഐ.എന്‍.എലിലൂടെ ഉറപ്പിക്കുന്നത്. രണ്ടരപ്പതിറ്റാണ്ട് ഇടതുപക്ഷത്തിനൊപ്പം നിന്ന ഐ.എന്‍.എല്‍., 2018 ഡിസംബറിലാണ് ഘടകകക്ഷിയാകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു എംഎ‍ല്‍എ.യെ ലഭിച്ചു. അദ്ദേഹത്തിന് മന്ത്രിപദവിയും മുന്നണി നല്‍കി.

പി.എസ്.സി. അംഗത്തെ നിയമിക്കാന്‍ 40 ലക്ഷം കോഴവാങ്ങിയെന്ന ആരോപണമാണ് ഐ.എന്‍.എലിനുള്ളില്‍ ആദ്യം ഉയര്‍ന്നത്. കാസിം ഇരിക്കൂറിനെതിരേ അബ്ദുള്‍ വഹാബിനൊപ്പമുള്ളവരാണ് ഇതുയര്‍ത്തിയത്. തുടര്‍ന്ന് സിപിഎം. ഇടപെട്ടു. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ നിയമനം, ബോര്‍ഡ്-കോര്‍പ്പറേഷന്‍ പദവികള്‍ 'ഓഫര്‍' നല്‍കി പണംവാങ്ങുന്നു.. അങ്ങനെ വരാനിരിക്കുന്ന ആരോപണത്തിന്റെ സാംപിള്‍ വഹാബ് ഇപ്പോള്‍ത്തന്നെ തുറന്നുവിട്ടിട്ടുണ്ട്. ഇതെല്ലാം മുന്നണിക്കു പ്രശ്‌നമുണ്ടാക്കുന്നതാണ്.

പിളര്‍പ്പിനുശേഷം സര്‍ക്കാരിനെ പുകഴ്‌ത്താനും മറുവിഭാഗം സര്‍ക്കാരിനും മുന്നണിക്കും ദോഷംവരുത്തുന്നവരാണെന്നു സ്ഥാപിക്കാനും ഇരുകൂട്ടരും നടത്തിയ ശ്രമം മുന്നണിയിലെ സീറ്റ് ഉറപ്പിക്കാനാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനോട് നേരത്തേ വിയോജിപ്പുണ്ടായിരുന്ന ഐ.എന്‍.എല്‍., ഇപ്പോള്‍ സര്‍ക്കാരാണ് ശരിയെന്നു പ്രഖ്യാപിച്ചതും ഇതുകൊണ്ടാണ്.

യോഗത്തില്‍ നടന്നത് വാക്കേറ്റവും കയ്യാങ്കളിയും

ഈ മാസം രണ്ടിനു കോഴിക്കോട്ടു നടന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ ഗ്രൂപ്പു തിരിഞ്ഞു വാഗ്വാദം നടത്തിയതോടെയാണ് ഐഎന്‍എല്ലിലെ വിഭാഗീയപ്രശ്‌നങ്ങള്‍ പരസ്യമായത്. പി.ടി.എ.റഹീം എംഎല്‍എയുടെ പഴയ പാര്‍ട്ടിയായ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സില്‍നിന്നു ലയനത്തിലൂടെ ഐഎന്‍എല്ലില്‍ എത്തിയവര്‍ പാര്‍ട്ടിക്കകത്തെ രീതികളില്‍ മനംമടുത്തു തിരികെപ്പോവുകയാണെന്ന് അന്നു വ്യക്തമാക്കിയിരുന്നു. ഈ കൂട്ടത്തിലുള്ള സെക്രട്ടേറിയറ്റ് അംഗം ഒ.പി.ഐ. കോയ ഇന്നലത്തെ നേതൃയോഗത്തില്‍ പങ്കെടുക്കുമ്ബോള്‍ 'താന്‍ ഏതു പാര്‍ട്ടിയുടെ പ്രതിനിധി' എന്ന് കാസിം ഇരിക്കൂര്‍ ചോദിച്ചു. ഒ.പി.ഐ. കോയ, എന്‍. കെ. അബ്ദുല്‍ അസീസ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നു കഴിഞ്ഞ പ്രവര്‍ത്തകസമിതി യോഗത്തിന്റെ മിനിറ്റ്‌സില്‍ തന്നെ രേഖപ്പെടുത്തിയിരുന്നതായി കാസിം വാദിച്ചു.

പിഎസ്‌സി അംഗത്തിന്റെ നിയമനത്തിനായി 40 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണവും ഇതുസംബന്ധിച്ചു സംസ്ഥാന നേതാവിന്റെ ശബ്ദരേഖയും പുറത്തുവന്നത് ഐഎന്‍എല്ലില്‍ നേരത്തേ തന്നെ വന്‍ വിവാദമായിരുന്നു. അഹമ്മദ് ദേവര്‍കോവിലിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ലീഗിന്റെ ഒരു എംപിയില്‍നിന്ന് ലക്ഷങ്ങള്‍ സംഭാവന വാങ്ങിയെന്നും ആരോപണമുണ്ടായി.

ഏതായിരിക്കും ഇനി ഐഎന്‍എല്ലിന്റെ ഔദ്യോഗികപക്ഷമെന്ന സംശയത്തിലാണ് അണികള്‍. ദേശീയ അധ്യക്ഷനുമായി അടുപ്പമുള്ളവര്‍ മേല്‍ക്കൈ നേടുന്ന സാഹചര്യമാണ് എക്കാലത്തും ഐഎന്‍എല്ലിലുള്ളത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനാണ് നിലവില്‍ ദേശീയ പ്രസിഡന്റുമായി അടുപ്പമുള്ളത്. നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സില്‍നിന്ന് ഐഎന്‍എല്ലിലെത്തിയവര്‍ എ.പി.അബ്ദുല്‍ വഹാബിനൊപ്പം നില്‍ക്കുമെന്ന് ഒ.പി.ഐ.കോയ, ഇ.സി.മുഹമ്മദ് തുടങ്ങിയ നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും ഓഗസ്റ്റ് 3നു സംസ്ഥാന കൗണ്‍സില്‍ കോഴിക്കോട് ചേര്‍ന്ന് ഭാവി പരിപാടികള്‍ക്കു രൂപം നല്‍കുമെന്നും പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബ് പറഞ്ഞു. നാസര്‍ കോയ തങ്ങള്‍ക്കു സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

എ.പി. അബ്ദുല്‍ വഹാബ്, എച്ച്‌. മുഹമ്മദാലി, എന്‍. കെ. അബ്ദുല്‍ അസീസ്, നാസര്‍ കോയ തങ്ങള്‍, ഒ.പി.ഐ കോയ, ബഷീര്‍ പട്ടേരി, ഷര്‍മത് ഖാന്‍, പോക്കര്‍ എളേറ്റില്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി കാസിം ഇരിക്കൂര്‍ വിഭാഗം അറിയിച്ചു. വലിയ ശ്രദ്ധ നേടാനാകാതെ കാല്‍നൂറ്റാണ്ടോളം കാത്തിരുന്ന ശേഷം എല്‍ഡിഎഫ് പ്രവേശവും മന്ത്രിസ്ഥാനവും പിഎസ്‌സി അംഗത്വവും ലഭിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ തമ്മില്‍ തല്ലി പിളരുന്നത്. ബാബറി മസ്ജിദ് സംഭവത്തില്‍ മുസ്ലിം ലീഗ് വേണ്ടവിധം പ്രതികരിച്ചില്ലെന്ന പേരില്‍ അന്നത്തെ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ലീഗ് വിട്ടവരാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ് (ഐഎന്‍എല്‍) രൂപീകരിച്ചത്. 1994 ഏപ്രില്‍ 23ന് രൂപീകരിക്കപ്പെട്ട ഐഎന്‍എല്‍ അന്നുമുതല്‍ ഇടതുപക്ഷത്തിനൊപ്പമാണ്. എന്നാല്‍ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കിയത് 24 വര്‍ഷത്തിനു ശേഷം 2018 ഡിസംബര്‍ 26നാണ്.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top