കൊച്ചി: ഐ.പി.എല്‍ ടീമായ രാജസ്ഥാൻ റോയല്‍സിന് വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്റ് താരം തനിക്ക് ഇൻസ്റ്റഗ്രാമില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി നേഹല്‍ വദോലിയ.
ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തനിക്ക് മെസ്സേജ് അയച്ച ക്രിക്കറ്ററെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നടി പുറത്തുവിട്ടെങ്കിലും, അയാളുടെ പേര് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.
അഭിമുഖത്തിനിടെ 'ഏതെങ്കിലും ക്രിക്കറ്റ് താരം എപ്പോഴെങ്കിലും മെസേജ് അയച്ചിട്ടുണ്ടോ' എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നേഹല്‍. "പേര് പറയണോ?" എന്ന് ചിരിച്ചുകൊണ്ട് മറുചോദ്യം ഉന്നയിച്ച നടി, അയാള്‍ അത്രയധികം പ്രശസ്തനായ കളിക്കാരനല്ലെന്നും രാജസ്ഥാൻ റോയല്‍സിന് വേണ്ടി കളിക്കുന്ന ആളാണെന്നും വെളിപ്പെടുത്തി. കൂടാതെ, അയാള്‍ ഒരു വിവാഹമോചിതൻ ആണെന്ന സൂചനയും നടി പങ്കുവെച്ചു.
എന്തുതരത്തിലുള്ള സന്ദേശങ്ങളാണ് ഈ ക്രിക്കറ്റ് താരത്തില്‍ നിന്നും ലഭിച്ചതെന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. തന്റെ സോഷ്യല്‍ മീഡിയ സ്റ്റോറികള്‍ക്ക് നിരന്തരം മറുപടി നല്‍കുകയെന്നതായിരുന്നു അയാളുടെ രീതി. തന്റെ ലുക്കിനെ വല്ലാതെ പ്രശംസിച്ചുകൊണ്ട് 'ഹോട്ട്', 'ബ്യൂട്ടിഫുള്‍', 'പ്രെറ്റി' എന്നെല്ലാമുള്ള സന്ദേശങ്ങളാണ് അയാള്‍ അയച്ചിരുന്നതെന്ന് നടി പറഞ്ഞു. എന്നാല്‍ തനിക്ക് ഒരിക്കലും ആ വ്യക്തിയുമായി സന്ദേശങ്ങള്‍ അയക്കാനോ സംഭാഷണം മുന്നോട്ട് കൊണ്ടുപോകാനോ താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ചിന്തിക്കാതെ അയാളെ ഇൻസ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും നടി വ്യക്തമാക്കി.
നടി പേര് വെളിപ്പെടുത്താതിരുന്നതോടെ, ആ അജ്ഞാത താരം ആരാണെന്ന ചർച്ചയിലാണ് സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് ആരാധകർ. നിലവില്‍ രാജസ്ഥാൻ റോയല്‍സിന് വേണ്ടി കളിക്കുന്നവരിലും, മുൻപ് രാജസ്ഥാന് വേണ്ടി കളിച്ചിട്ടുള്ളവരുമായ വിവാഹമോചിതരായ താരങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് ഇൻസ്റ്റഗ്രാമിലും എക്സിലും ചർച്ചകള്‍ കൊഴുക്കുന്നത്.
വിവിധ ജനപ്രിയ വെബ് സീരീസുകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് നേഹല്‍ വദോലിയ. ഇതിനു മുൻപും തനിക്ക് നേരെ ഉണ്ടായ മോശം അനുഭവങ്ങള്‍ക്കെതിരെ നടി പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. മുൻപ് ഗുജറാത്തി നടൻ കരണ്‍ ജോഷി ഇൻസ്റ്റഗ്രാമില്‍ തനിക്ക് അനുചിതമായ സന്ദേശങ്ങള്‍ അയച്ചുവെന്ന വെളിപ്പെടുത്തലുമായി നടി എത്തിയിരുന്നു. വെറും വെളിപ്പെടുത്തലില്‍ ഒതുക്കാതെ, കരണ്‍ ജോഷിയുമായുള്ള ഇൻസ്റ്റഗ്രാം സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകള്‍ അടക്കം പുറത്തുവിട്ടാണ് അന്ന് നേഹല്‍ പ്രതിഷേധിച്ചത്.

