Tuesday, 04 Aug, 8.08 pm മറുനാടന്‍ മലയാളി

ലേറ്റസ്റ്റ് ന്യൂസ്‌
അയോദ്ധ്യ വിഷയത്തില്‍ ആര്‍ജ്ജവമുണ്ടെങ്കില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുന്നണിയില്‍ നിന്ന് പുറത്ത് പോരണം; പാണക്കാട് നാളത്തെ യോഗവും തീരുമാനവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കം മാത്രം; മൃദുഹിന്ദുത്വ നിലപാട് തുടരുന്ന കോണ്‍ഗ്രസിനെ പിന്തുണക്കാനാണ് ഇനിയും തീരുമാനമെങ്കില്‍ സമസ്ത മുസ്ലിംലീഗ് നേതൃത്വത്തെ ചവറ്റുകൊട്ടയിലെറിയും; ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മറുനാടന്‍ മലയാളിയോട്

കോഴിക്കോട്: രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ
ഇതുവരെയും പരസ്യമായി തള്ളിപ്പറയാന്‍ തയ്യാറാകാത്ത മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. ആര്‍ജ്ജവമുണ്ടെങ്കില്‍ മുസ്ലിം ലീഗ് നേതൃതം മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുന്നണിയില്‍ നിന്ന് പുറത്ത് വരണമെന്ന് കാസിം ഇരിക്കൂര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

അയോദ്ധ്യയില്‍ പണിയുന്നത് രാമക്ഷേത്രമല്ല, രാഷ്ട്രീയ ക്ഷേത്രമാണ്

അയോദ്ധ്യയില്‍ രാമഭക്തന്മാര്‍ക്കുള്ള രാമക്ഷേത്രമല്ല മോദി പണിയുന്നത്.ഇതൊരു രാഷ്ട്രീയ ക്ഷേത്രമാണ്. ഇത് തിരിച്ചറിയാനുള്ള കഴിവ് കോണ്‍ഗ്രസുകാര്‍ക്കില്ല. 1984ല്‍ തുടങ്ങിയ രാമജന്മഭൂമി പ്രക്ഷോഭം അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. വര്‍ഗ്ഗീയത പ്രയോഗിക്കുന്ന കാര്യത്തില്‍ അന്നു മുതല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരം നടക്കുന്നുണ്ട്. ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ ബിജെപി തീവ്ര വര്‍ഗ്ഗീയത പരീക്ഷിച്ചപ്പോള്‍ അതിനോട് മത്സരിക്കാനായി കോണ്‍ഗ്രസ് മൃദുഹിന്ദുത്വവും പ്രയോഗിക്കുന്നു. എല്ലായിപ്പോഴും തീവ്ര വര്‍ഗ്ഗീയ വാദികള്‍ക്കായിരുന്നു വിജയം. 1986ല്‍ ബാബരി മസ്ജിദ് പൂജക്കായി തുറന്ന് കൊടുത്തത് രാജിവ് ഗാന്ധിയാണ്. അന്ന് വിഎച്ച്‌പി ആയിരുന്നു പ്രക്ഷോഭം നടത്തിയിരുന്നതെങ്കിലും കീഴ്‌ക്കോടതിയില്‍ പോയതും കീഴ്‌കോടതി അപേക്ഷ തള്ളിയപ്പോള്‍ അപ്പീല്‍ നല്‍കിയതും കോണ്‍ഗ്രസുകാരായിരുന്നു. അന്ന് തുടങ്ങിയ കള്ളക്കളിയാണ് കോണ്‍ഗ്രസ് ഇപ്പോഴും തുടരുന്നത്. അതിന് എതിരെ ഏറ്റവും ഉറക്കെ ശബ്ദിച്ചൊരു നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേഠ്.

89ല്‍ തര്‍ക്ക സ്ഥലത്ത് പൂജ നടത്താന്‍ അനുവാദം നല്‍കിയതും സൗകര്യം ഒരുക്കിയതും രാജീവ് ഗന്ധിയായിരുന്നു. ആര്‍എസ്‌എസും രാജീവ് ഗാന്ധിയും തമ്മിലുള്ള രഹസ്യധാരണയുടെ പിന്‍ബലത്തിലായിരുന്നു അത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഞങ്ങള്‍ അനുവദിക്കുമെന്നും അതിന് പകരമായി 89ലെ ഇലക്ഷനില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നുമായിരുന്നു ആ ധാരണ. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ആ ധാരണയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. അപ്പോഴേക്കും ബിജെപിയുടെ വളര്‍ച്ച രാജ്യത്ത് തുടങ്ങിയിരുന്നു. പിന്നീടാണ് അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തുന്നത്.

ഒരു കോണ്‍ഗ്രസ് സര്‍്ക്കാറുകളും അതിനെ തടയാന്‍ തയ്യാറായില്ല. അവസാനം ലാലുപ്രസാദ് യാദവാണ് ബിഹാറില്‍ രഥയാത്ര തടയുന്നത്. ഇത്രയും സൗകര്യങ്ങള്‍ ആര്‍എസ്‌എസിന്റെ വളര്‍ച്ചക്കു വേണ്ടി രാജ്യത്ത് ചെയ്തുകൊടുത്തവരാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ആ പാര്‍ട്ടിയില്‍ നിന്ന് ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കാനില്ല. വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ ആരാണ് മുന്തിയത് എന്ന മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ബാബരി മസ്ജിദ് വിഷയത്തില്‍ ഇക്കാലമത്രയും കോണ്‍ഗ്രസ് എടുത്ത നിലപാട് അവര്‍ക്ക് തന്നെ നഷ്ടക്കച്ചവടമായിരുന്നു. മതേതരവാദികളും ന്യൂനപക്ഷങ്ങളുമെല്ലാം കോണ്‍ഗ്രസില്‍ നിന്ന് അകലാന്‍ അവരുടെ ഈ നിലപാടുകള്‍ കാരണമായിട്ടുണ്ട്. ഈ പാഠങ്ങളൊന്നും ഇതുവരെയും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ശേഷിക്കുന്ന തുരുത്തുകള്‍ പോലും കോണ്‍ഗ്രസിന് ഈ നിലപാടുകള്‍ കൊണ്ട് നഷ്ടമാകും. അതേ സമയം ഹിന്ദുത്വ ശക്തികള്‍ രാജ്യത്ത് വളര്‍ന്ന് വലുതാകുകയും ചെയ്യും. അതിന് വളമിടുന്ന നിലപാടാണ് കോണ്‍ഗ്രസ് എടുക്കുന്നത്.

ആര്‍ജ്ജവമുണ്ടെങ്കില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് പുറത്ത് വരണം

ഇത്രയധികം കോണ്‍ഗ്രസ് നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനകളിറക്കിയിട്ടും അതിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ മുസ്ലിം ലീഗിന്റെ ഒരാളും ഇതുവരെ തയ്യാറായില്ല എന്നത് ആ പാര്‍ട്ടിയുടെ രാഷ്ട്രീയ അപചയത്തെയാണ് സൂചിപ്പിക്കുന്നത്. കമല്‍നാഥിനെ പോലെ പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല ഗാന്ധികുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറികൂടിയായ പ്രിയങ്ക ഗാന്ധിവരെ ഇപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസകള്‍ അര്‍പ്പിച്ചിരിക്കുകയാണ്. ഇനിയും മുസ്ലിം ലീഗ് എന്തിനാണ് കാത്തിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ആര്‍ജ്ജവമുണ്ടെങ്കില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ തള്ളിപ്പറയാനും തിരുത്താനും തയ്യാറാകണം. അത് മുസ്ലിം ലീഗില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ഇതിലും വലിയ വെള്ളിയാഴ്ചയും വലിയപെരുന്നാളും ഒരുമിച്ച്‌ വന്നിട്ടും അധികാരത്തിന് വേണ്ടി കടിച്ച്‌ തൂങ്ങിയവരാണ് മുസ്ലിം ലീഗിന്റെ ഇപ്പോഴുള്ള നേതൃത്വം. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് പിവി നരസിംഹറാവു രാജിവെക്കണമെന്ന് ആര്‍ജ്ജവത്തോടെ നിലപാടെടുത്ത സുലൈമാന്‍ സേഠിനെ പുറത്താക്കിയവരാണ് മുസ്ലിം ലീഗ് നേതൃത്വം. അതോടു കൂടി മുസ്ലിം ലീഗിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നതാണ്. ആ നിലപാടില്‍ തന്നെയാണ് ഇപ്പോഴും മുസ്ലിംലീഗുള്ളത്. അത് കാപട്യത്തിന്റെ നിലപാടാണ്. നാളെ നടക്കുന്ന യോഗം വെറും പ്രഹസനമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ്.

സമസ്ത ഇത്തരം തെമ്മാടിത്തരത്തിന് കൂട്ടുനില്‍ക്കില്ല

സമസ്ത ഏതായാലും മുസ്ലിം ലീഗിന്റെ പിന്തുണയോടെയുള്ള കോണ്‍ഗ്രസിന്റെ ഈ തെമ്മാടിത്തരത്തിന് കൂട്ടുനില്‍ക്കില്ല. കാരണം ജിഫ്രിതങ്ങളുടെ കീഴിലുള്ള സമസ്തയുടെ നേതൃത്വം വ്യക്തമായ രാഷ്ട്രീയ ധാരണയുള്ളവരാണ്. അത് ന്യൂനപക്ഷ സംരക്ഷണത്തിന്റെ രാഷ്ട്രീയമാണ്. അതില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് എടുക്കുന്നത്. അതിനെതിരെ സമസ്ത ശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. അത് തുടരുകയും ചെയ്യും. മുസ്ലിം ലീഗിന്റെ ഈ കാപട്യത്തിന് കൂട്ടുനില്‍ക്കാന്‍ സമയസ്തയെ കിട്ടില്ല. അവര്‍ പൂര്‍ണ്ണമായും മുസ്ലിം ലീഗിനെ തള്ളിപ്പറയും. അത് മാത്രമല്ല മുസ്ലിം ലീഗിലെ യുവാക്കളും ഈ കാപട്യത്തിനെതിരെ രംഗത്ത് വരും.

ഇക്കാലമത്രയും ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്ലിം ലീഗ് തുടര്‍ന്ന് പോന്നിട്ടുള്ള കാപട്യങ്ങളുടെ മറ്റൊരു അദ്ധ്യായം മാത്രമാകും നാളെ നടക്കുന്ന യോഗവും യോഗത്തിലെടുക്കുന്ന തീരുമാനവും. സേഠുസാഹിബിന്റെ അനുയായികളെന്ന നിലയില്‍ ഐഎന്‍എല്‍ ഈ വിഷയത്തില്‍ പരമാവധി ക്യാംപയിനുകളുമായി മുന്നോട്ട് പോകും. കാരണം ബാബരി മസ്ജിദ് വിഷത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍ വലിയൊരു ഉണര്‍വ് ഉണ്ടായിട്ടുണ്ട്. ആ ഉണര്‍വ് മുസ്ലിം ലീഗിന്റെ കാപട്യരാഷ്ട്രീയത്തെ തുറന്നു കാണിക്കാന്‍ ഞങ്ങള്‍ ഉപയോഗപ്പെടുത്തും. നാളെ സേവ് ഇന്ത്യ സേവ് സെക്യുലറിസം എന്ന പേരില്‍ ഞങ്ങള്‍ ഓണ്‍ലൈന്‍ ക്യാംപയിന്‍ ആരംഭിക്കുമെന്നും ഐഎന്‍എല്‍ സംസ്ഥാനജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top