ജലന്ധർ: പഞ്ചാബിലെ ജലന്ധറില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി ബാങ്ക് കവർന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. വിരമിച്ച ഡെപ്യൂട്ടി സൂപ്പർവൈസർ ഓഫ് പോലീസ് (ഡിവൈഎസ്പി) ഉദ്യോഗസ്ഥന്റെ മകൻ ഗ്രീൻ മോഡല്‍ ടൗണ്‍ സ്വദേശി സിമ്രാൻജിത് സിംഗ് എന്ന അമരീക് സിംഗിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയില്‍ നിന്ന് മോഷ്ടിച്ച പണത്തിന്റെ പകുതിയോളം (3 ലക്ഷം രൂപ) പോലീസ് കണ്ടെടുത്തു. കൂട്ടുപ്രതിക്കായി തിരച്ചില്‍ ഊർജിതമാക്കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.35-ഓടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലായിരുന്നു സിനിമാ സ്റ്റൈല്‍ കവർച്ച നടന്നത്. കറുത്ത ആക്ടിവ സ്കൂട്ടറിലെത്തിയ മുഖംമൂടി ധരിച്ച രണ്ട് പേർ വെറും രണ്ട് മിനിറ്റിനുള്ളില്‍ 6,27,700 രൂപ കവരുകയായിരുന്നു. ബാങ്കില്‍ സെക്യൂരിറ്റി ഗാർഡ് ഇല്ലെന്നതും ഉച്ചസമയത്ത് തിരക്ക് കുറവാണെന്നതും മുൻകൂട്ടി നിരീക്ഷിച്ചാണ് പ്രതികള്‍ കവർച്ച പ്ലാൻ ചെയ്തത്.
കൃത്യം നടന്ന ദിവസം ചുവന്ന ജാക്കറ്റ് ധരിച്ച അമരീക് സിംഗ് തോക്കുചൂണ്ടി കാഷ്യറെ ഭീഷണിപ്പെടുത്തിയപ്പോള്‍, നീല ഷർട്ട് ധരിച്ച കൂട്ടുപ്രതി വടിവാളുമായി കാവല്‍ നിന്നു. മയക്കുമരുന്നിന് അടിമയായ അമരീക് സിംഗിനെതിരെ മുൻപ് ബറ്റാലയിലും എസ്‌എഎസ് നഗറിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. അമരീക് സിംഗിന്റെ പക്കല്‍ നിന്നും ലൈസൻസുള്ള റിവോള്‍വർ, മൂന്ന് ലൈവ് കാട്രിഡ്ജുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ബാങ്കില്‍ ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് ജീവനക്കാരും മൂന്ന് ഇടപാടുകാരും മാത്രമുള്ളപ്പോഴായിരുന്നു ആക്രമണമെന്ന് പോലീസ് കമ്മീഷണർ ധൻപ്രീത് കൗർ അറിയിച്ചു. കവർച്ചാ സംഘത്തിലെ രണ്ടാമനായുള്ള തിരച്ചില്‍ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

