Wednesday, 27 Jan, 7.29 pm മറുനാടന്‍ മലയാളി

കേരളം
ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി ഓണ്‍ലൈനില്‍ പണം തട്ടാന്‍ ശ്രമം; സൈന്യത്തിന്റെ ആവശ്യത്തിനെന്ന പേരില്‍ ചെങ്കോട്ടുകോണത്തെ ഹോട്ടല്‍ മാനേജരെ വിളിച്ചത് അസമില്‍ നിന്ന്; ബില്‍തുക അക്കൗണ്ടിലിടാന്‍ എടിഎം കാര്‍ഡിന്റെ ചിത്രം ആവശ്യപ്പെട്ടു; ഇതരസംസ്ഥാനത്തെ കുറ്റകൃത്യമായതിനാല്‍ പെട്ടെന്ന് നടപടി സാധ്യമല്ലെന്ന് പൊലീസ്

തിരുവനന്തപുരം: സൈനികാവശ്യത്തിനെന്ന പേരില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈനില്‍ പണം തട്ടാന്‍ ശ്രമം. ഹോട്ടലില്‍ ഫോണില്‍ വിളിച്ച്‌ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ബില്‍ തുക അക്കൗണ്ടിലിട്ട് തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫോണ്‍ വന്നത് അസമില്‍നിന്നാണെന്ന് കണ്ടെത്തി.

തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ ഹോട്ടലില്‍ ഫോണില്‍ വിളിച്ച്‌ സൈനികര്‍ക്കാണെന്ന് പറഞ്ഞ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പണം അക്കൗണ്ടിലിട്ട് നല്‍കാമെന്ന് പറയുകയും സൈന്യവുമായി ബന്ധമുണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു കാര്‍ഡിന്റെ ചിത്രം വാട്ട്‌സപ്പില്‍ അയച്ചു കൊടുക്കുകയും ചെയ്തു. ഹോട്ടല്‍ മാനേജരോട് ഹോട്ടലിന്റെ എ.ടി.എം. കാര്‍ഡിന്റെ ചിത്രം അയക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ പണമില്ലാത്ത അക്കൗണ്ടിന്റെ എ.ടി.എം. കാര്‍ഡ് ചിത്രങ്ങളാണ് അയച്ചു കൊടുത്തത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ താമസിയാതെ ഹോട്ടല്‍ മാനേജരെ വിളിക്കുകയും പണമയക്കാന്‍ മറ്റൊരു അക്കൗണ്ട് നമ്ബര്‍ ചോദിക്കുകയുമായിരുന്നു. സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ അക്കൗണ്ട് നമ്ബര്‍ അയക്കാതെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. പരിശോധനയിലാണ് ഫോണ്‍ വന്നത് അസമില്‍നിന്നാണെന്നാണു കണ്ടെത്തിയത്.

സമാന രീതിയില്‍ ശ്രീകാര്യത്തെ ഹോട്ടലിലും തട്ടിപ്പു നടത്താന്‍ ശ്രമിച്ചിരുന്നു. ഇതരസംസ്ഥാനത്തു നടക്കുന്ന കുറ്റകൃത്യമായതിനാല്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇരുസംഭവങ്ങളിലും പണം നഷ്ടപ്പെട്ടില്ലെങ്കിലും തയ്യാറാക്കിയ ഭക്ഷണത്തിന്റെ ആയിരക്കണക്കിന് രൂപയുടെ നഷ്ടം വ്യാപാരികള്‍ക്കുണ്ടായി.

Stories you may Like

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Marunadan Malayali
Top