രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ അമ്മയുടെ ലിവിങ് ടുഗെദര്‍ പങ്കാളിയെ ഇരുപതുകാരനായ യുവാവ് ജനക്കൂട്ടം നോക്കിനില്‍ക്കെ തെരുവില്‍ ഓടിച്ചിട്ട് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി.
രാജ്‌കോട്ട് സ്വദേശിയായ കമലേഷ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കമലേഷിന്റെ പങ്കാളിയായ നീതയുടെ മകണ്‍ ജയന്തിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച നടന്ന ഈ നടുക്കുന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഒരു ഇടുങ്ങിയ ഇടവഴിയിലൂടെ ജീവനായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കമലേഷിനെ ജയന്ത് പിന്തുടര്‍ന്ന് പിടികൂടുകയും, കൈയ്യിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. അഞ്ചിലധികം തവണയാണ് കമലേഷിന് കുത്തേറ്റത്. കടുത്ത ആന്തരിക പരിക്കുകളെ തുടര്‍ന്ന് അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു. 'തന്നോട് ദയ കാണിക്കണമെന്നും, താന്‍ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും' അക്രമണത്തിനിരയാകുന്നതിനിടെ കമലേഷ് ഉച്ചത്തില്‍ നിലവിളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കേള്‍ക്കാം. നാട്ടുകാര്‍ സാക്ഷികളായി നില്‍ക്കെയായിരുന്നു ഈ ക്രൂരകൃത്യം അരങ്ങേറിയത്.
കൊല്ലപ്പെട്ട കമലേഷും ജയന്തിന്റെ അമ്മ നീതയും കഴിഞ്ഞ 12 വര്‍ഷമായി ഒരുമിച്ചാണ് താമസിച്ചുവരുന്നത്. എന്നാല്‍, ജയന്തിന്റെ പിതാവ് ജീവിച്ചിരുന്ന സമയത്തുതന്നെ അമ്മ കമലേഷുമായി അടുത്തതിലും പിന്നീട് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതിലും ജയന്തിന് കടുത്ത വൈരാഗ്യമുണ്ടായിരുന്നുവെന്ന് കമലേഷിന്റെ സഹോദരന്‍ കപില്‍ (25) പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ ദീര്‍ഘകാലത്തെ കുടുംബപ്പകയാണ് ഒടുവില്‍ തെരുവിലെ ചോരച്ചൊരിച്ചിലില്‍ കലാശിച്ചത്. കൊലപാതകം നടക്കുന്ന സമയത്ത് പ്രതിയായ ജയന്തിനൊപ്പം മറ്റൊരാള്‍ കൂടി കൂടെയുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇയാളെ തിരിച്ചറിയാനും പിടികൂടാനുമുള്ള അന്വേഷണം രാജ്‌കോട്ട് പോലീസ് ഊര്‍ജിതമാക്കി.

