പട്ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ വിപുലീകരണം വ്യാഴാഴ്ച നടക്കും.
മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ ഉള്‍പ്പെടെ 27 മന്ത്രിമാരാണ് പട്നയിലെ ഗാന്ധി മൈതാനത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. മാര്‍ച്ചില്‍ ജനതാദള്‍ യുണൈറ്റഡില്‍ (ജെ.ഡി.യു) അംഗത്വമെടുത്ത നിഷാന്ത് കുമാര്‍ ഇതാദ്യമായാണ് മന്ത്രിസഭയുടെ ഭാഗമാകുന്നത്.
മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ രാജിവെച്ച് രാജ്യസഭയിലേക്ക് പോയതിനെത്തുടര്‍ന്ന്, ഏപ്രില്‍ 15-നാണ് ബിഹാറിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി ചുമതലയേറ്റത്. പുതിയ മന്ത്രിസഭയില്‍ ജെ.ഡി.യുവിനും ബി.ജെ.പിക്കും തുല്യ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന 27 മന്ത്രിമാരില്‍ 12 പേര്‍ ജെ.ഡി.യുവില്‍ നിന്നുള്ളവരാണ്. നിഷാന്ത് കുമാറിന് പുറമെ ശ്രാവണ്‍ കുമാര്‍, അശോക് ചൗധരി, ലെഷി സിങ്, മദന്‍ സാഹ്നി, സമ ഖാന്‍, സുനില്‍ കുമാര്‍, ഷീല മണ്ഡല്‍, രത്നേഷ് സദ, ബുലോ മണ്ഡല്‍, ഭഗവാന്‍ സിങ് കുശ്വാഹ, ദാമോദര്‍ റാവത്ത് എന്നിവരാണ് ജെ.ഡി.യു പട്ടികയിലുള്ളത്. നേരത്തെ ബിജേന്ദ്ര പ്രസാദ് യാദവും വിജയ് ചൗധരിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ബി.ജെ.പിയില്‍ നിന്നും 12 മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിലുണ്ടാകുക. വിജയ് കുമാര്‍ സിന്‍ഹ, മംഗള്‍ പാണ്ഡെ, ദിലീപ് ജയ്‌സ്വാള്‍, ശ്രേയസി സിങ്, അരുണ്‍ ശങ്കര്‍ പ്രസാദ്, ലഖീന്ദ്ര പാസ്വാന്‍, രാം കൃപാല്‍ യാദവ് തുടങ്ങിയ പ്രമുഖര്‍ ബി.ജെ.പി നിരയില്‍ നിന്ന് മന്ത്രിമാരാകും. എന്‍.ഡി.എ സഖ്യകക്ഷികളായ ലോക് ജനശക്തി പാര്‍ട്ടിക്ക് (രാം വിലാസ്) മൂന്ന് സീറ്റുകളും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും രാഷ്ട്രീയ ലോക് ജനതാദളിനും ഓരോ സീറ്റ് വീതവും അനുവദിച്ചിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാവിലെ 11.30-ഓടെ പട്നയിലെത്തും. ആഭ്യന്തരമന്ത്രി അമിത് ഷാ നിലവില്‍ പട്നയിലുണ്ട്. ബി.ജെ.പി മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനാണ് അദ്ദേഹം നേരിട്ടെത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചേക്കും. നിതീഷ് കുമാറിന്റെ പിന്‍ഗാമിയായി ബി.ജെ.പി മുഖ്യമന്ത്രി അധികാരമേറ്റ ശേഷം നടക്കുന്ന ഈ മന്ത്രിസഭാ വിപുലീകരണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള കരുനീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

